ഏഷ്യൻ വിപണികളുടെ ഗതിയിൽ നിന്നു മാറി നേട്ടത്തിൻ്റെ പാതയിലാണ് ഇന്ന് ഇന്ത്യൻ വിപണി. പ്രധാന ഏഷ്യൻ സൂചികകൾ ക്രൂഡ് ഓയിൽ വില കുത്തനേ ഇടിഞ്ഞതിൻ്റെ ആശ്വാസത്തിൽ ഡോളറിനെതിരേ രൂപ കയറുകയും ചെയ്തു.
മുഖ്യസൂചികകൾ തുടക്കത്തിൽ തന്നെ അര ശതമാനം ഉയർന്നു. പിന്നീട് അൽപം താണിട്ട് ഉയർന്നു.
ക്രൂഡ് വില താണത് പെയിൻ്റ്, വ്യോമയാന കമ്പനികൾക്കു വലിയ ആശ്വാസമായി. ഏഷ്യൻ, ബെർജർ, കൻസായ് നെരോലിക്, ഷാലിമാർ തുടങ്ങിയ പെയിൻ്റ് കമ്പനികൾ രണ്ടു മുതൽ നാലുവരെ ശതമാനം ഉയർന്നു. ഇൻഡിഗോയും സ്പൈസ്ജെറ്റും മൂന്നു ശതമാനത്തോളം നേട്ടത്തിലായി. ക്രൂഡ് വിലയിടിവ് ഒഎൻജിസി, ഓയിൽ ഇന്ത്യ, ചെന്നൈ പെട്രോ തുടങ്ങിയവയ്ക്കു വലിയ ഇടിവ് നേരിട്ടു. ക്രൂഡ് ഇടിഞ്ഞതു പിഡിലൈറ്റിനും വില കയറ്റി.
സ്റ്റീൽ, മെറ്റൽ കമ്പനികൾക്കു വലിയ നഷ്ടം നേരിട്ടു. ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, നാൽകോ, വേദാന്ത തുടങ്ങിയവ രണ്ടു മുതൽ നാലുവരെ ശതമാനം ഇടിഞ്ഞു. ധാതുക്കൾ കയറ്റുമതി ചെയ്യുന്ന എൻഎംഡിസിയും ഒഎംഡിസിയും ഇന്നു നഷ്ടത്തിലായി.
മാന്ദ്യഭീതി മൾട്ടിപ്ളെക്സ് ഓപ്പറേറ്റർമാരായ പിവിആറിനും ഐനോക്സിനും വിലയിടിച്ചു.
സർക്കാർ കടപ്പത്രങ്ങളുടെ വില കൂടുകയും അവയിലെ നിക്ഷേപനേട്ടം (Yield) ഗണ്യമായി കുറയുകയും ചെയ്തു. വില കൂടിയതു ബാങ്കുകൾക്കു നേട്ടമാണ്. വില താഴുമ്പോൾ ബാങ്കുകൾ നഷ്ടത്തിന് ആനുപാതികമായി തുക വകയിരുത്തേണ്ടി വരും. അത് ഒഴിവാകുന്നതാണ് ബാങ്കുകളെ ആശ്വസിപ്പിക്കുന്നത്. ബാങ്ക് ഓഹരികൾ ഒന്നു മുതൽ മൂന്നു വരെ ശതമാനം ഉയർന്നു.
ആഗോള വിപണിയിൽ സ്വർണവില 1868 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 400 രൂപ കുറഞ്ഞ് 38,080 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.
ഡോളർ ഇന്ന് എട്ടു പൈസ താഴ്ന്ന് 79.29 രൂപയിൽ ഓപ്പൺ ചെയ്തു. ക്രൂഡ് ഓയിലിൻ്റെ വലിയ വിലയിടിവ് ഇന്ത്യയുടെ കറൻ്റ് അക്കൗണ്ട് കമ്മി കുറയ്ക്കാൻ സഹായിക്കും എന്ന പ്രതീക്ഷയിലാണത്. പിന്നീട് 79.25 രൂപയിലേക്കു താണിട്ട് തിരിച്ചു കയറി.
Read DhanamOnline in English
Subscribe to Dhanam Magazine