Representational Image From Pixabay 
Markets

താഴ്ചയിൽ തുടക്കം, പിന്നീടു കയറ്റം, ചാഞ്ചാട്ടം

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ തുടക്കം മുതലേ നല്ല കയറ്റത്തിലായിരുന്നു

T C Mathew

പടിഞ്ഞാറൻ ആശങ്കകളും ക്രൂഡ് വിലക്കയറ്റവും ഓഹരി വിപണിയെ ഇന്നു താഴോട്ടു വലിച്ചു. എന്നാൽ ഒരു മണിക്കൂറിനകം പലവട്ടം വിപണി നേട്ടത്തിലേക്കു കയറി.

ബാങ്കുകളും ധനകാര്യ കമ്പനികളും വാഹന കമ്പനികളും താഴ്ചയിലാണ്. ബാങ്ക് സൂചിക ഒരു മണിക്കൂറിനു ശേഷം നഷ്ടം കുറച്ചു. ഇതു മുഖ്യസൂചികകളെ നേട്ടത്തിലാകാൻ സഹായിച്ചു.

മെറ്റൽ, ഓയിൽ - ഗ്യാസ്, റിയൽറ്റി കമ്പനികൾ നല്ല നേട്ടം ഉണ്ടാക്കി. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ തുടക്കം മുതലേ നല്ല കയറ്റത്തിലായിരുന്നു.

വരുമാനം കൂടിയെങ്കിലും ലാഭ മാർജിൻ കുറഞ്ഞതിനെ തുടർന്ന് ആസ്റ്റർ ഡിഎം മെഡികെയർ ഓഹരി ഏഴു ശതമാനത്തോളം താണു. ലാഭ മാർജിൻ കുറഞ്ഞതിൻ്റെ പേരിൽ അപ്പോളോ ഹോസ്പിറ്റൽസും താഴ്ചയിലാണ്.

ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്കു നീങ്ങുന്നത് പെയിൻ്റ് കമ്പനികളെ വലിച്ചു താഴ്ത്തി. ഒഎൻജിസി, ഓയിൽ ഇന്ത്യ തുടങ്ങിയവ നല്ല നേട്ടത്തിലായി. റിലയൻസും ഉയർന്നു.

ലോഹങ്ങളുടെ വില കൂടുന്നത് ഹിൻഡാൽകോ, വേദാന്ത, നാൽകോ തുടങ്ങിയ ഓഹരികളെയും സ്റ്റീൽ ഓഹരികളെയും നേട്ടത്തിലാക്കി.

ഇപ്കാ ലബോറട്ടറീസ് ഓഹരി ഇന്ന് ഒൻപതു ശതമാനത്തോളം താഴ്ചയിലായി. ജൂൺ പാദത്തിലെ കമ്പനിയുടെ ലാഭവും ലാഭ മാർജിനും കുറവായിരുന്നു.

ബിസിനസ് വലിയ വളർച്ച കാണിച്ചെങ്കിലും പേയ്ടിഎം ഓഹരി ഇന്ന് അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. കമ്പനിയുടെ സിഇഒ വിജയ് ശേഖർ ശർമയുടെ പുനർ നിയമനത്തിലും വേതനമടക്കമുള്ള കാര്യങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ച് നിക്ഷേപക താൽപര്യം സംരക്ഷിക്കുന്ന ഒരു പ്രസ്ഥാനം രംഗത്തു വന്നതു ശ്രദ്ധേയമാണ്.

ഡോളർ ഇന്ന് ആറു പൈസ നേട്ടത്തിൽ 79.69 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു താഴ്ന്നെന്നെങ്കിലും താമസിയാതെ 79.70 രൂപയിലേക്ക് ഉയർന്നു.

സ്വർണം രാജ്യാന്തര വിപണിയിൽ 1791 ഡോളറിലേക്കു കയറി. കേരളത്തിൽ പവൻ വില 320 രൂപ വർധിച്ച് 38,200 രൂപയായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT