Representational image  
Markets

60,000 കടന്നു സെൻസെക്സ്; നിഫ്റ്റി @ 17,900

ഏപ്രിൽ അഞ്ചിനു ശേഷം ആദ്യമാണ് സെൻസെക്സ് 60,000 -നു മുകളിലായത്

T C Mathew

പ്രതീക്ഷ പോലെ ചെറിയ നേട്ടത്തിലാണ് ഇന്ത്യൻ വിപണി ഇന്നു വ്യാപാരം തുടങ്ങിയത്. പിന്നീടു മുഖ്യസൂചികകൾ കയറി. സെൻസെക്സ് 15 മിനിറ്റിനകം 60,000 കടന്നു. ഏപ്രിൽ അഞ്ചിനു ശേഷം ആദ്യമാണ് സെൻസെക്സ് 60,000 -നു മുകളിലായത്. 60,008.11 വരെ കയറിയ ശേഷം താഴോട്ടു പോന്നു. വീണ്ടും കയറി 60,100 ലെത്തി. വ്യാപാരം ഒരു മണിക്കൂർ പിന്നിടും മുമ്പ് നിഫ്റ്റി 17,900-നു മുകളിലായി.

ക്രൂഡ് ഓയിൽ വില താഴ്ന്നത് പെയിൻ്റ് കമ്പനികൾക്കു നേട്ടമായി. അതേ സമയം ക്രൂഡ് ഓയിൽ ഉൽപാദകരുടെ ഓഹരി വില തുടക്കത്തിൽ താഴ്ന്നു. പ്രകൃതി വാതകത്തിൻ്റെ വിൽപന വില കുറച്ചത് മഹാനഗർ ഗ്യാസിൻ്റെയും ഇന്ദ്രപ്രസ്ഥ ഗ്യാസിൻ്റെയും ഓഹരിവില താഴ്ത്തി.

സിംഗർ ഇന്ത്യ ഓഹരിയുടെ വില 13 ശതമാനത്തോളം ഉയർത്തി. കഴിഞ്ഞ ആറ് ആഴ്ചകൊണ്ട് ഓഹരി വില ഇരട്ടിച്ചിട്ടുണ്ട്. പ്രൊമോട്ടർമാർ 22 ശതമാനം ഓഹരി വിറ്റതും ജുൻജുൻവാലയുടെ റെയർ എൻറർപ്രൈസസ് അതിൽ നല്ല പങ്ക് വാങ്ങിയതുമാണ് ഓഹരിയുടെ കയറ്റത്തിനു പിന്നിൽ.

ചൈനയിൽ നിന്ന് ഓഫ്ളാേക്സാസിനും മറ്റും ഇറക്കുമതി ചെയ്യുന്നതിന് കനത്ത ആൻറി ഡംപിംഗ് ഡ്യൂട്ടി ശിപാർശ നൽകിയത് ആരതി ഡ്രഗ്സിനു വലിയ നേട്ടമാകും. ആരതി ഓഹരി 17 ശതമാനം വരെ കയറി.

പഞ്ചസാര കമ്പനി ബജാജ് ഹിന്ദുസ്ഥാൻ എടുത്ത വായ്പ കിട്ടാക്കടമായതിനെ തുടർന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാപ്പർ നടപടികൾ തുടങ്ങി. ഓഹരിവില 17 ശതമാനം ഇടിഞ്ഞ് 8.5 രൂപയായി. മൂന്നു ദിവസം കൊണ്ടു വില 22 ശതമാനം താണു.

ഡോളറിനെതിരേ രൂപ ഇന്നു കരുത്തു നേടി. രാവിലെ 33 പൈസ നഷ്ടത്തിൽ 79. 32 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.

സ്വർണം ലോകവിപണിയിൽ 1775 ഡോളറിലാണ്. കേരളത്തിൽ പവൻ വില 80 രൂപ കുറഞ്ഞ് 38,320 രൂപയായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT