Representational image 
Markets

നേട്ടത്തോടെ തുടക്കം, പിന്നീട് ഇടിവ്

രൂപ ഇന്നും ദുർബലമായി

T C Mathew

നല്ല കുതിപ്പോടെ വ്യാപാരം തുടങ്ങിയ വിപണി അധികം താമസിയാതെ അൽപം താഴോട്ടു നീങ്ങി. ലാഭമെടുക്കലിൻ്റെ സമ്മർദം തന്നെയായിരുന്നു കാരണം. പക്ഷേ വീണ്ടും നല്ല നേട്ടത്തിലേക്കു മാറിയിട്ടു താഴോട്ടു പോന്നു.

ഐടി, മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ മേഖലകളാണു തുടക്കം മുതലേ മുന്നേറിയത്. റിലയൻസ് ഓഹരി ഇന്നു രാവിലെ താഴ്ചയിലാണ്. ഹിൻഡാൽകോ ഓഹരി നാലു ശതമാനത്തോളം കുതിച്ചു.

റവന്യു മൂന്നു മടങ്ങിലേറെ വർധിപ്പിച്ച ഇൻഡിഗോ (ഇൻ്റർ ഗ്ലോബ് ഏവിയേഷൻ) നഷ്ടം ഗണ്യമായി കുറച്ചു. 12,855.3 കോടി രൂപ വരുമാനത്തിൽ നഷ്ടം 1064.3 കോടി രൂപയാണ്. തലേവർഷം ഇതേ കാലയളവിൽ നഷ്ടം 3174 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം പ്രവർത്തന നഷ്ടം ഉണ്ടായ സ്ഥാനത്ത് ഇത്തവണ 717 കോടി പ്രവർത്തന ലാഭമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നല്ല ഉയർച്ച കാണിച്ച ഓഹരി ഇന്നു ചെറിയ താഴ്ചയിലാണ്.

നഷ്ടക്കയത്തിൽ തുടരുന്ന വോഡഫോൺ ഐഡിയയുടെ വില ലക്ഷ്യം ജാപ്പനീസ് ബ്രോക്കറേജ് നൊമുറ എട്ടു രൂപയായി കുറച്ചു. ജൂൺ പാദത്തിൽ 7297 കോടി രൂപയാണ് വോഡഫോൺ ഐഡിയയുടെ നഷ്ടം.

ജൂലൈയിൽ രാജ്യത്തെ വാഹനവിൽപന എട്ടു ശതമാനം കുറഞ്ഞ് 14.4 ലക്ഷമായി. ടൂവീലർ വിൽപന 11 ശതമാനം ഇടിഞ്ഞ് 10.1 ലക്ഷത്തിൽ എത്തി. യാത്ര വാഹന വിൽപന 4.6 ശതമാനം താഴ്ന്നു 2.5 ലക്ഷമായി. വാണിജ്യ വാഹന വിൽപന മാത്രം വർധിച്ചു. 27.3 ശതമാനം വളർച്ചയോടെ 66,459 എണ്ണമായി.

ആഗാേള വിപണിയിൽ സ്വർണം 1771-1773 ഡോളറിലേക്ക് കയറി. കേരളത്തിൽ പവൻ വില 280 രൂപ വർധിച്ച് 38,000 രൂപയായി.

രൂപ ഇന്നും ദുർബലമായി. ഡോളർ 32 പൈസ നേട്ടത്തിൽ 79.47 രൂപയിൽ വ്യാപാരം തുടങ്ങിയിട്ട് 79.42 രൂപ വരെ താണു. പിന്നീട് 79.45 രൂപയായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT