വിദേശ നിക്ഷേപകരുടെ (FPIs) പിന്മാറ്റം, ക്രൂഡ് ഓയിൽ വിലക്കയറ്റം, അടിസ്ഥാന ഓഹരി സൂചികകളിലെ ചാഞ്ചാട്ടം എന്നിവ കാരണം ഇന്ത്യൻ ഓഹരി വിപണി കടുത്ത സമ്മർദ്ദം നേരിടുകയാണെങ്കിലും ചില പ്രത്യേക മേഖലകളിൽ ശ്രദ്ധേയമായ കുതിപ്പ് ദൃശ്യമാണ്. ഇൻഫ്രാസ്ട്രക്ചർ, ഇൻഡസ്ട്രിയൽ, കമ്മോഡിറ്റി അധിഷ്ഠിത കമ്പനികളുടെ ഓഹരികളാണ് 2026-ൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നത്.
ബി.എസ്.ഇ.യിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 1,000 കോടി രൂപയ്ക്ക് മുകളിൽ വിപണി മൂല്യമുള്ള (Market Cap) 1,431 കമ്പനികളിൽ നടത്തിയ വിശകലനം അനുസരിച്ച്, ആഭ്യന്തര വിപണിയിലെ 47 ശതമാനം ഓഹരികളും തിരിച്ചടി നേരിടുകയാണ്. എന്നാൽ, ഈ വർഷം ഇതുവരെയുള്ള കാലയളവിൽ ഒരു ചെറിയ വിഭാഗം ഓഹരികൾ മികച്ച നേട്ടം കൈവരിച്ചു. ഇതിൽ 64 ഓഹരികൾ 50 ശതമാനത്തിലധികം വർധന കുറിച്ചപ്പോൾ, ഏകദേശം 150-ഓളം ഓഹരികൾ 25 ശതമാനം മുതൽ 50 ശതമാനം വരെ മുന്നേറ്റമുണ്ടാക്കി. വിപണിയിൽ പ്രകടമാകുന്ന ഈ വൈരുദ്ധ്യം നിക്ഷേപകർക്കിടയിലെ സെക്ടർ അധിഷ്ഠിത താത്പര്യത്തെയാണോ സൂചിപ്പിക്കുന്നത്? വിശദമായി നോക്കാം.
ഈ വർഷം വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഓഹരികളിലെ ഗണ്യമായ ഭാഗവും ക്യാപിറ്റൽ ഗുഡ്‌സ്, ഇൻഡസ്ട്രിയൽ, കമ്മോഡിറ്റി അധിഷ്ഠിത സെക്ടറുകളിൽ നിന്നുള്ളവയാണ്. കൃത്യമായ വരുമാന ലഭ്യതയും സർക്കാർ തലത്തിലെ അനുകൂല നയങ്ങളും ഒത്തുചേരുന്ന കമ്പനികളോടുള്ള നിക്ഷേപക താത്പര്യമാണ് ഇത് വ്യക്തമാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ, സ്വകാര്യ മൂലധന നിക്ഷേപത്തിലെ (Capex) വർധന, വിദേശത്തു നിന്നും ലഭിക്കുന്ന തുടർച്ചയായ ഓർഡറുകൾ എന്നിവ ഈ മേഖലയ്ക്ക് ദീർഘകാല വളർച്ചാ സാധ്യതകൾ നൽകുന്നു. ആഗോള മാനുഫാക്ചറിംഗ് രംഗത്ത് ചൈനയുടെ അപ്രമാദിത്തം ക്ഷയിക്കുന്നത് (ചൈന പ്ലസ് വൺ നയം മൂലം) ഇന്ത്യയുടെ വ്യാവസായിക വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുന്നുണ്ട്.
മാർക്കറ്റ് അനലിസ്റ്റുകളുടെ വിലയിരുത്തൽ പ്രകാരം കടബാധ്യത കുറഞ്ഞതും ഉത്പാദനക്ഷമത വർധിപ്പിച്ചതുമായ കമ്പനികൾ അതുവഴി കരഗതമാകുന്ന വരുമാന വളർച്ചയെ മികച്ച ലാഭമാക്കി പരിവർത്തനം ചെയ്യുന്നുണ്ട്. ഈ പ്രവണത കമ്പനികളുടെ ബാലൻസ് ഷീറ്റുകളിൽ ഗുണപരമായി പ്രതിഫലിക്കുന്നു. കടബാധ്യത ഗണ്യമായി കുറച്ചതിലൂടെ ഷ്നൈഡർ ഇലക്ട്രിക് ഇൻഫ്രാസ്ട്രക്ചർ ഓഹരിയുടെ വിലയിൽ ഈ വർഷം ഇതിനകം 70 ശതമാനത്തിലേറെ വർധന കുറിച്ചിട്ടുണ്ട്. അതുപോലെ, പ്രവർത്തന ലാഭത്തിലെ (മാർജിൻ) വർധന, ടി.ഡി പവർ സിസ്റ്റംസിന്റെ ഓഹരിയിൽ സമാന നേട്ടം സമ്മാനിച്ചു. ആഭ്യന്തര വിപണിയിൽ നിന്നുള്ള ശക്തമായ ആവശ്യകതയുടെയും സ്ഥിരതയാർന്ന തോതിൽ വില ലഭിക്കുന്നതിന്റെയും പശ്ചാത്തലത്തിൽ വെൽസ്പൺ കോർപ്പറേഷൻ, ഗാലന്റ് ഇസ്‌പാറ്റ് തുടങ്ങിയ കമ്മോഡിറ്റി കമ്പനികളുടെ ഓഹരികളിൽ 60 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
ക്യാപിറ്റൽ ഗുഡ്‌സ്, ഇൻഡസ്ട്രിയൽ, കമ്മോഡിറ്റി ഓഹരികളിൽ ശക്തമായ കുതിപ്പ് പ്രകടമാണെങ്കിലും ക്രൂഡ് ഓയിൽ വിലക്കയറ്റം, ആഗോള സംഘർഷങ്ങൾ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവ ഹ്രസ്വകാല വെല്ലുവിളികളായി നിലനിൽക്കുന്നു. ഈ ഘടകങ്ങൾ കമ്പനികളുടെ ലാഭക്ഷമതയെ (മാർജിൻ) ബാധിക്കാനും സംഭരണം സംബന്ധിച്ചുള്ള തീരുമാനങ്ങൾ വൈകിപ്പിക്കാനും പദ്ധതി നിർവഹണത്തിന്റെ വേഗത കുറയ്ക്കാനും സാധ്യതയുണ്ട്. പ്രത്യേകിച്ചും ഇറക്കുമതിയെയും ആഗോള വിപണിയെയും കൂടുതലായി ആശ്രയിക്കുന്ന ഇത്തരം കമ്പനികൾക്ക് അത് തിരിച്ചടിയുമായേക്കാം.
എങ്കിലും, സർക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും സ്വകാര്യ മേഖലയിലെ മൂലധന നിക്ഷേപവും ശക്തമായ ഓർഡർ ബുക്കുകളും ഈ സെക്ടറുകളുടെ അടിസ്ഥാനപരമായ വളർച്ചയെ (Structural growth) നിലനിർത്തുമെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. നിലവിലെ പ്രതിസന്ധികൾ ദീർഘകാല നിക്ഷേപത്തിന്റെ ചാക്രികതയെ (Investment Cycle) ബാധിക്കില്ലെന്നും മറിച്ച് വളർച്ചാ വേഗതയെ താൽക്കാലികമായി കുറയ്ക്കുക മാത്രമേയുള്ളൂ എന്നുമാണ് അനലിസ്റ്റുകളുടെ പൊതുവായ നിഗമനം.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine