Canva
Markets

ഇന്ത്യ - ഇ.യു വ്യാപാര കരാർ യാഥാർത്ഥ്യമായി; നേട്ടവും തിരിച്ചടിയും കിട്ടുന്ന ഓഹരികൾ ഏതൊക്കെ?

ടെക്​സ്റ്റൈൽ, സീഫുഡ്സ്, കെമിക്കൽസ്, ഫാർമ തുടങ്ങിയ സെക്ടറുകൾക്കാണ് നേരിട്ടുള്ള ​ഗുണഫലം ഏറ്റവുമധികം ലഭിക്കുന്നത്. റീട്ടെയിൽ / ജ്വല്ലറി, മെറ്റൽ, വാഹനാനുബന്ധ വ്യവസായം എന്നിവയ്ക്ക് പരോക്ഷമായ നേട്ടം. എന്നാൽ ഓട്ടോമൊബീൽ, ആൽക്കഹോൾ തുടങ്ങിയ മേഖലയ്ക്ക് തിരിച്ചടി കിട്ടുമെന്നും എംകെ ​ഗ്ലോബലിന്റെ റിപ്പോർട്ട്.

Dhanam News Desk

സാമ്പത്തികലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇ.യു) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർത്ഥ്യമായി. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ - യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ വെച്ചാണ് ഇരുകൂട്ടരും കരാറിൽ ഒപ്പിട്ടത്. 'മദർ ഓഫ് ഓൾ ഡീൽസ്' എന്ന വിശേഷണംപേറുന്ന ഈ വ്യാപാര കരാറിലൂടെ ആ​ഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും ആ​ഗോള ജിഡിപിയുടെ നാലിലൊന്നും വിഹിതം വീതമാണ് പ്രതിനിധാനം ചെയ്യാൻ പോകുന്നതെന്നാണ് പൊതുവേയുള്ള നി​ഗമനം.

യുഎസിലേക്കുള്ള ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം അധിക ഇറക്കുമതിച്ചുങ്കം ചുമത്തിയിട്ടുള്ള സാഹചര്യത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ യോജിപ്പിലെത്താതെ പാതിവഴിയിൽ നിൽക്കുന്ന പശ്ചാത്തലത്തിലും യൂറോപ്യൻ യൂണിയനുമായി ഒപ്പിട്ട ചരിത്രപരമായ കരാറിലേക്കാണ് ആഭ്യന്തര ഓഹരി വിപണിയും കണ്ണെറിയുന്നത്. ഇന്ത്യയ്ക്കും യൂറോപ്പിനും ഇടയിൽ നിലവിലുള്ള പലവിധ നിയന്ത്രണങ്ങളും നികുതികളും ഒക്കെ വഴിമാറുന്ന സാഹചര്യത്തിൽ നേട്ടവും തിരിച്ചടിയും നേരിടാവുന്ന സെക്ടറുകളും ഓഹരികളും ഏതൊക്കെയെന്ന് വിശദമായി നോക്കാം.

ടെക്​സ്റ്റൈൽ സെക്ടറിന് വൻ നേട്ടം - ശ്രദ്ധിക്കാവുന്ന ഓഹരികൾ

ഇന്ത്യ - ഇ.യു സ്വതന്ത്ര വ്യാപാര കരാറിലൂടെ ഏറ്റവുമധികം നേരിട്ടുള്ള നേട്ടം ലഭിക്കുന്നത് ടെക്​സ്റ്റൈൽ സെക്ടറിനാണ്. ഇപ്പോൾ ഇന്ത്യൻ ടെക്​സ്റ്റൈൽസ് ഉത്പന്നങ്ങളുടെ മേൽ 10-12% ഇറക്കുമതി തീരുവ ചുമത്തിയിട്ടുണ്ട്. ഇത് പൂർണമായും ഒഴിവാകുന്നതോടെ നിലവിൽ പൂജ്യം തീരുവ ഉണ്ടായിരുന്ന ബം​ഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളോട് മത്സരിക്കാനുള്ള ശേഷി ഇന്ത്യൻ ടെക്​സ്റ്റൈൽ കമ്പനികൾക്കും കൈവരുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ എംകെ ​ഗ്ലോബലിന്റെ ഏറ്റവും പുതിയ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

നിലവിൽ കമ്പനിയുടെ 60 ശതമാനത്തോളം വരുമാനവും യൂറോപ്പിൽ നിന്നും കണ്ടെത്തുന്ന കെപിആർ മിൽ ലിമിറ്റഡ് ഓഹരിക്ക് ഇന്ത്യ - ഇ.യു വ്യാപാര കരാർ ​ഗുണകരമാകും എന്നാണ് വിലയിരുത്തൽ. കരാർ പ്രഖ്യാപനം വന്നുകഴിഞ്ഞതിന് പിന്നാലെ 7 ശതമാനത്തിലേറെ മുന്നേറിയ ഈ ടെക്​സ്റ്റൈൽസ് ഓഹരി 900 രൂപ നിലവാരവും മറികടന്നാണ് കുതിക്കുന്നത്.

സമാനമായി പേൾ ​ഗ്ലോബൽ, വെൽസ്പൺ ലിവിങ്, ​ഗോകൽദാസ് എക്സ്പോർട്ട്സ്, നിതിൻ സ്പിന്നേഴ്സ്, വർധമാൻ ടെക്​സ്റ്റൈൽസ്, ട്രൈഡന്റ് ലിമിറ്റഡ്, ഇന്തോ കൗണ്ട് ഇൻഡസ്ട്രീസ് തുടങ്ങിയ ടെക്​സ്റ്റൈൽ സെക്ടറിലെ ഓഹരികളും മൂന്ന് ശതമാനത്തിലേറെ നേട്ടം ഇപ്പോൾ കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ യൂറോപ്പിലേക്കുള്ള ഇന്ത്യൻ ടെക്​സ്റ്റൈൽ ഉത്പന്നങ്ങളുടെ കയറ്റുമതി 750 കോടി ഡോളറാണ് (ഏകദേശം 68,600 കോടി രൂപ). അതുപോലെ കുറഞ്ഞ ചെലവിൽ യൂറോപ്പിൽ നിന്നും ഫൈബറുകൾ ഇന്ത്യയിലേക്ക് എത്തിക്കാമെന്നതും കമ്പനികളുടെ ലാഭക്ഷമത വർധിപ്പിക്കുന്ന ഘടകമാണെന്ന് എംകെ ​ഗ്ലോബലിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഫാർമ സെക്ടറിനും മികച്ച നേട്ടം

ഇറക്കുമതി തീരുവ കുറയും എന്നതിനേക്കാളും നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങളിലെ സഹകരണത്തിനുള്ള വഴി തുറക്കുന്നതാണ് ഇന്ത്യ - ഇ.യു വ്യാപാര കരാറിൽ നിന്നും ഫാർമ സെക്ടറിനെ തേടിയെത്തുന്ന യഥാർത്ഥ​ ​ഗുണഫലം. ഇതോടെ വേ​ഗത്തിലും കുറഞ്ഞ ചെലവിലും യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന മരുന്നുകൾക്ക് അം​ഗീകാരം ലഭിക്കുന്നതാണ് ​നേട്ടം. നിലവിൽ രണ്ട് മുതൽ മൂന്ന് വർഷം വരെ കാത്തിരുന്നതിനും 3 ലക്ഷം യൂറോ വരെയുള്ള ഫീസ് അടച്ചതിനും ശേഷമാണ് ഇന്ത്യൻ ഫാർമ കമ്പനികൾക്ക് ഇ.യു ഏജൻസികളുടെ അം​ഗീകാരം ലഭിക്കുന്നത്.

നിലവിലെ തടസ്സങ്ങളൊക്കെ നീങ്ങുന്നതോടെ, യൂറോപ്യൻ ഫാർമ വിപണിയുടെ കൂടുതൽ വിഹിതം സ്വന്തമാക്കാനുള്ള അവസരവും ഇന്ത്യൻ കമ്പനികൾക്ക് മുമ്പാകെ തുറന്നുകിട്ടുമെന്നാണ് പ്രതീക്ഷ. ഈ അനുകൂല ഘടകങ്ങളിൽ നിന്നും പ്രമുഖ ഇന്ത്യൻ ഫാ‌ർമ കമ്പനികളായ ഡോ റെഡ്ഡീസ് ലാബോറട്ടറീസ്, ലുപിൻ ലിമിറ്റഡ്, സൺ ഫാർമസ്യൂട്ടിക്കൽസ്, ബയോകോൺ, ഓറോബിന്ദോ ഫാർമ, ടോറന്റ് ഫാ‌ർമസ്യൂട്ടിക്കൽസ്, ഇപ്ക ലാബറോട്ടറീസ് എന്നിവയ്ക്ക് നേട്ടം ലഭിക്കാമെന്നും എംകെ ​ഗ്ലോബൽ സൂചിപ്പിച്ചു.

കെമിക്കൽസ് & സീഫുഡ്സ്: ​ഗുണഫലം കിട്ടും

പരിസ്ഥിതി നിയമങ്ങളുടെ കടുത്ത നിബന്ധനകളും റഷ്യ - യുക്രൈൻ യുദ്ധത്തിന്റെ അനന്തരഫലമായുള്ള ഉയർന്ന ഇന്ധന ചെലവും കാരണം യൂറോപ്പിലെ കെമിക്കൽ ഉത്പാദക കമ്പനികൾ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സ്വതന്ത്ര വ്യാപാര കരാറിനെ തുടർന്നുള്ള ഇന്ത്യയുടെ കടന്നുവരവിന് പ്രസക്തിയേറുന്നത്. പ്ലാന്റ് അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലെ നിന്നും കൂടുതൽ പുറംകരാറുകൾ ഇന്ത്യൻ കെമിക്കൽ കമ്പനികൾക്ക് ലഭിക്കാനുള്ള വഴിയൊരുങ്ങി.

ഇതിലൂടെ എസ്ആർഎഫ്, നവീൻ ഫ്ലൂറീൻ, ​ഗുജറാത്ത് ഫ്ലൂറോകെമിക്കൽസ്, ആർതിഇൻഡസ്ട്രീസ്, പിസിബിഎൽ കെമിക്കൽ, ജൂബിലന്റ് ഇൻ​ഗ്രേവിയ, പ്രിവി സ്പെഷ്യാൽറ്റി കെമിക്കൽ, തത്വ ചിന്തൻ, ക്ലീൻ സയൻസ്, വിനതി ഓർ​ഗാനിക്സ്, ഈഥർ ഇൻഡസ്ട്രീസ് തുടങ്ങിയ കെമിക്കൽ സെക്ടറിൽ നിന്നുള്ള ഓഹരികൾക്ക് നേട്ടം ലഭിക്കാമെന്നാണ് എംകെ ​ഗ്ലോബൽ സൂചിപ്പിക്കുന്നത്.

അതുപോലെ ചെമ്മീൻ കയറ്റുമതിക്കാരായ അവന്തി ഫീഡ്സ്, എപെക്സ് ഫ്രോസൻ ഫുഡ്സ് തുടങ്ങിയ ഓഹരികളിൽ ഇന്ത്യ - ഇ.യു വ്യാപാര കരാർ പ്രഖ്യാപനത്തെ തുടർന്ന് 10 ശതമാനം വരെ മുന്നേറ്റവും രേഖപ്പെടുത്തിയിട്ടുണ്ട്.

പരോക്ഷ നേട്ടം ലഭിക്കുന്ന സെക്ടറും ഓഹരികളും

റീട്ടെയിൽ / ജ്വല്ലറി: 15-25% വരെയുള്ള താരിഫ് നീങ്ങിക്കിട്ടുന്നത് ​ഗുണകരം. ടൈറ്റൻ ലിമിറ്റഡ്, സെൻകോ ​ഗോൾഡ് എന്നിവയ്ക്ക് ​ഗുണഫലം കിട്ടാം.

മെറ്റൽസ്: ടാറ്റ ​സ്റ്റീൽ, ജെഎസ്ഡബ്യൂ, എച്ച്ഇജി, ​ഗ്രാഫൈറ്റ് ഇന്ത്യ തുടങ്ങിയ ഓഹരികൾക്ക് നേരിയ നേട്ടം. (യൂറോപ്യൻ യൂണിയന്റെ നിശ്ചിത ക്വോട്ടയുള്ളതാണ് നേട്ടം പരിമിതമാക്കിയത്.)

വാഹനാനുബന്ധ വ്യവസായം: ഭാരത് ഫോർജ്, ഹാപ്പി ഫോർജിങ്സ്, ക്രാഫ്റ്റ്മാൻ, നെൽകാ​സ്റ്റ് എന്നിവയ്ക്ക് നേട്ടമാകും (സ്രോതസ്സ് വിപുലമാക്കാനുള്ള നയങ്ങൾ അനുകൂലം). ബൈക്കുകൾക്കുള്ള തീരുവ കുറച്ചാൽ ബജാജ് ഓട്ടോ, ടിവിഎസ് എന്നിവയ്ക്കും ​ഗുണം ലഭിക്കാം.

തിരിച്ചടി കിട്ടാവുന്ന സെക്ടർ

ഓട്ടോമൊബീൽ: സ്വതന്ത്ര വ്യാപാര കരാറിനെ തുടർന്ന് യൂറോപ്പിൽ നിന്നുള്ള കാറുകൾക്ക് ഇറക്കുമതി തീരുവ കുറയുന്നത് രാജ്യത്തെ വാഹന നിർമാതാക്കൾക്ക് തലവേദനയാകും. എൻഎസ്ഇയുടെ ഓട്ടോമൊബീൽ സെക്ടറൽ സൂചികയായ നിഫ്റ്റി ഓട്ടോ ഒരു ശതമാനം ഇടിവ് നേരിട്ടത് ഇതിനോട് ചേർത്തുവായിക്കാവുന്നതാണ്. മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, മാരുതി സുസൂക്കി, ഹ്യുണ്ടായ് ഇന്ത്യ തുടങ്ങിയ ഓട്ടോ ഓഹരികൾക്ക് ഇടക്കാലയളവിലേക്ക് സമ്മർദം നേരിടാം.

അതുപോലെ യൂറോപ്പിൽ നിന്നുള്ള വൈനുകൾക്ക് ഏർപ്പെടുത്തിയിരുന്ന 150 ശതമാനം തീരുവ താഴുന്നത് ആൽക്കഹോൾ നിർമാതാക്കാളേയും സമ്മർദത്തിലാഴ്ത്തുന്നു. സുല വൈൻയാഡ്സ് ഓഹരിയിൽ ഇന്ന് പ്രകടമായ തിരിച്ചടി ഇതുമായി ബന്ധിപ്പിക്കാവുന്നതാണ്.

Disclaimer:

മേൽസൂചിപ്പിച്ച ലേഖനം എംകെ ​ഗ്ലോബലിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതു നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT