പ്രതീകാത്മക ചിത്രം Image Courtesy: iStock,Canva
Markets

പഞ്ചസാര ഉൽപാദനം കുറയും; 'സപ്ലൈ ഷോക്ക്' മുതലാക്കാം? ഷു​ഗർ ഓഹരികളിൽ 15% വരെ മധുരക്കുതിപ്പ്

2026–27 പഞ്ചസാര സീസണിൽ ഉൽപാദനം കുറയുമെന്ന ISMA-യുടെ പ്രാഥമിക കണക്കിനെ തുടർന്ന് ഷുഗർ ഓഹരികളിൽ കുതിപ്പ്

Dhanam News Desk

രാജ്യത്ത് പഞ്ചസാര ഉൽപാദനം കുറയുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് പഞ്ചസാര കമ്പനികളുടെ ഓഹരികളിൽ വൻ കുതിപ്പ്. ഉൽപാദനത്തിലെ കുറവ് വിപണിയിൽ ലഭ്യത ചുരുക്കുകയും ഇത് വില ഉയരാൻ വഴിയൊരുക്കുകയും ചെയ്യുമെന്ന വിലയിരുത്തലാണ് നിക്ഷേപകരെ ഷു​ഗർ ഓഹരികളിലേക്ക് ആകർഷിച്ചത്. വിപണിയിലെ 'സപ്ലൈ ഷോക്ക്' (വിതരണത്തിലെ കുറവ്) സമീപഭാവിയിലക്കുള്ള അനുകൂല ഘടകമായി മാറുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.

വ്യാഴാഴ്ച (നവംബർ 26) വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ പഞ്ചസാര ഓഹരികൾ മികച്ച നേട്ടം കൈവരിച്ചു. ധാംപൂർ ഷുഗർ മിൽസ് 15 ശതമാനം ഉയർന്നു. ഉത്തം ഷുഗർ മിൽസ്, ശ്രീ രേണുക ഷുഗേഴ്സ് എന്നിവ 12 ശതമാനം വീതവും ബജാജ് ഹിന്ദുസ്ഥാൻ ഷുഗർ 9 ശതമാനവും മുന്നേറ്റം കാഴ്ചവെച്ചു. ബൽറാംപൂർ ചിനി മിൽസ്, ഡാൽമിയ ഭാരത് ഷുഗർ എന്നിവയും ഏഴു ശതമാനം വരെ നേട്ടമുണ്ടാക്കി.

ഉൽപാദനത്തിൽ ഒരു പതിറ്റാണ്ടിലെ താഴ്ന്ന നില

ഇന്ത്യൻ ഷുഗർ ആൻഡ് ബയോഎനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ അഥവാ ഇസ്മയുടെ (ISMA) പ്രാഥമിക കണക്കനുസരിച്ച് 2026–27 പഞ്ചസാര വിപണന വർഷത്തിൽ (ഒക്ടോബർ–സെപ്റ്റംബർ) രാജ്യത്തെ മൊത്തം പഞ്ചസാര ഉൽപാദനം 265.21 ലക്ഷം ടണ്ണായിരിക്കും. മുൻ സീസണിലെ 312.13 ലക്ഷം ടണ്ണിനെ അപേക്ഷിച്ച് 15 ശതമാനം കുറവാണിത്. അറ്റ ഉൽപാദനം 279.71 ലക്ഷം ടണ്ണിൽ നിന്ന് 265.21 ലക്ഷം ടണ്ണായി കുറയുമെന്നും കണക്കാക്കുന്നു. ഇടിവ് 5.2 ശതമാനം.

പഞ്ചസാരക്കൃഷിയുടെ വിസ്തൃതി 57.35 ലക്ഷം ഹെക്ടറിൽനിന്ന് 55.53 ലക്ഷം ഹെക്ടറായി കുറഞ്ഞതും ഉൽപാദനത്തെ ബാധിച്ചു. മഹാരാഷ്ട്രയിൽ ഉൽപാദനം 112.45 ലക്ഷം ടണ്ണിൽനിന്ന് 86.85 ലക്ഷം ടണ്ണിലേക്കും ഉത്തർപ്രദേശിൽ 95.42 ലക്ഷം ടണ്ണിൽനിന്ന് 88.96 ലക്ഷം ടണ്ണിലേക്കും താഴുമെന്നാണ് വിലയിരുത്തൽ.

കാലാവസ്ഥ തിരിച്ചടിയായി; ലഭ്യതയിൽ സമ്മർദം

മഴക്കുറവും മണ്ണിലെ ഈർപ്പക്കുറവും ചില മേഖലകളിൽ കരിമ്പിന്റെ വിളവിനെ ബാധിച്ചപ്പോൾ മറ്റിടങ്ങളിൽ അമിതമായ മഴയും വെള്ളപ്പൊക്കവും തിരിച്ചടിയായി. ഉപഗ്രഹ ചിത്രങ്ങൾ, കൃഷിയിട പരിശോധനകൾ, മില്ലുകളുടെയും കർഷകരുടെയും വിവരങ്ങൾ, ജലസേചന ലഭ്യത, വിളവെടുപ്പ് സാധ്യതകൾ എന്നിവ വിലയിരുത്തിയാണ് ഇസ്മ, വരുന്ന സീസണിലേക്കുള്ള പഞ്ചസാര ഉത്പാദനത്തിന്റെ കണക്കുകൾ തയ്യാറാക്കിയത്.

വില ഉയരുമെന്ന പ്രതീക്ഷയിൽ ഓഹരികൾ

രാജ്യത്തെ വാർഷിക പഞ്ചസാര ഉപഭോഗം 280–285 ലക്ഷം ടണ്ണാണ്. ഉൽപാദനം 265.21 ലക്ഷം ടണ്ണായി ചുരുങ്ങുന്നതോടെ ആഭ്യന്തര വിപണിയിൽ ലഭ്യതയും വിലയും സമ്മർദത്തിലാകാം. നിലവിൽ തന്നെ ഉയർന്ന നിലയിലുള്ള ചില്ലറ പഞ്ചസാര വില കൂടുതൽ ഉയരാനുള്ള സാധ്യത കമ്പനികളുടെ വരുമാനത്തിലും ലാഭത്തിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയാണ് ഓഹരികളിലെ മുന്നേറ്റത്തിന് പിന്നിൽ.

അതേസമയം ഉൽപാദനത്തിലെ ഇടിവിനെ മുൻനിർത്തിയുള്ള 'സപ്ലൈ ഷോക്ക് ട്രേഡ്' ആയാണ്, വിപണി ഈ മുന്നേറ്റത്തെ കാണുന്നത്. എന്നാൽ ഇസ്മ പുറത്തുവിട്ട കണക്കുകൾ പ്രാഥമിക സ്വഭാവത്തിലുള്ളതാണ്. സീസൺ പുരോഗമിക്കുന്നതോടെ കരിമ്പിന്റെ വിളവും പഞ്ചസാര വീണ്ടെടുക്കൽ നിരക്കും (Recovery rate) വിലയിരുത്തി ഈ കണക്കുകളിൽ മാറ്റം വരുത്താൻ സാധിക്കും. എഥനോൾ ഉൽപാദനത്തിലേക്ക് പഞ്ചസാര വഴിതിരിച്ചുവിടില്ലെന്ന അനുമാനത്തിലാണ് നിലവിലെ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. അത്തരം വഴിതിരിച്ചുവിടൽ ഉണ്ടായാൽ പഞ്ചസാര വിപണിയിലെ ലഭ്യത സമ്മർദം (സപ്ലൈ പ്രഷർ) വീണ്ടും വർധിക്കാം.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Sugar stocks rallied after ISMA forecast lower sugar production for 2026–27, raising expectations of tighter supplies and stronger realisations, although the comparable net production decline is around 5.2%.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT