സൺഷൈൻ പിക്‌ചേഴ്‌സ് ലിമിറ്റഡിന്റെ 282 കോടി രൂപയുടെ ഐ.പി.ഒയ്ക്ക് ആദ്യ ദിവസം തന്നെ നാല് മടങ്ങ് ഓവർസബ്സ്ക്രിപ്ഷൻ ലഭിച്ചതോടെ നിക്ഷേപകരിൽ വലിയ പ്രതീക്ഷയേകുന്നു. എന്നാൽ കൈവശം പണമായി 48 ലക്ഷം രൂപ മാത്രമുള്ളതും 33.21 കോടി രൂപയുടെ നെഗറ്റീവ് ഓപ്പറേറ്റിംഗ് ക്യാഷ്‌ഫ്ലോയും 87 ശതമാനം വരുമാനത്തോളം ട്രേഡ് റിസീവബിൾസും ഉയർന്ന ഇൻവെന്ററി മൂല്യവും ചേർന്ന് കമ്പനിയുടെ സാമ്പത്തിക സ്ഥിരതയെക്കുറിച്ച് അനലിസ്റ്റുകൾ ചില ചോദ്യങ്ങളും ഉയർത്തുന്നു.
സമീപകാലത്ത് ബോളിവുഡിൽ വാണിജ്യവിജയം നേടിയ ദി കേരള സ്റ്റോറി, കമാൻഡോ, ഫോഴ്സ്, ഹോളിഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തമായ പ്രൊഡക്ഷൻ ഹൗസായ സൺഷൈൻ പിക്‌ചേഴ്‌സ് ലിമിറ്റഡിന്റെ (Sunshine Pictures Ltd) 282 കോടി രൂപയുടെ പ്രാഥമിക പൊതുഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) പ്രാഥമിക വിപണിയിൽ തരക്കേടില്ലാത്ത പ്രതികരണം ലഭിക്കുന്നു. ഐ.പി.ഒയുടെ ആദ്യ ദിവസമായ ഇന്നലെ (ഓഗസ്റ്റ് 18) മാത്രം ഓഹരികൾക്കു വേണ്ടി നാല് മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്.
അതുപോലെ കഴിഞ്ഞ ഒരാഴ്ചയായി അനൗദ്യോഗിക വിപണിയിലും ഓഹരിക്ക് ഡിമാൻഡ് (ഗ്രേ മാർക്കറ്റ് പ്രീമിയം) ഏറുന്നുണ്ട്. ഈ പ്രാഥമിക മുന്നേറ്റം നിക്ഷേപകരിൽ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും സൺഷൈൻ പിക്ചേഴ്സിന്റെ സാമ്പത്തിക റിപ്പോർട്ടിലെ കണക്കുകൾ കൃത്യമായ നിരീക്ഷണവും അപഗ്രഥനവും ആവശ്യപ്പെടുന്നുണ്ടെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു.
ഐ.പി.ഒ അനുമതിക്കായി സമർപ്പിച്ച ഔദ്യോഗിക രേഖയായ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (RHP) പ്രകാരം 2026 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് സൺഷൈൻ പിക്ചേഴ്സിന്റെ കൈവശമുള്ള പണത്തിന്റെ അളവ് (Cash and Cash Equivalents) വെറും 48 ലക്ഷം രൂപ മാത്രമാണ്.
അതേസമയം ഐ.പി.ഒയിൽ പുതിയ ഓഹരികൾ അനുവദിക്കുന്ന ഫ്രഷ് ഇഷ്യൂ (Fresh Issue) മുഖേന സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 173 കോടി രൂപയാണ്. കൈവശമുള്ള പണത്തേക്കാൾ ഏകദേശം 360 ഇരട്ടി ഉയർന്ന തുകയാണ് ഫ്രഷ് ഇഷ്യൂവിലൂടെ കമ്പനി സമാഹരിക്കുന്നത്.
2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആകെ വരുമാനം 28 ശതമാനം ഇടിഞ്ഞ് 76.27 കോടി രൂപയിലെത്തിയെങ്കിലും, അറ്റാദായം (Net Profit) 16 ശതമാനം വർധിച്ച് 40.02 കോടി രൂപയായി. കണ്ടന്റ് പ്രൊഡക്ഷൻ രംഗത്ത് അസാധാരണമായ 78 ശതമാനത്തിലധികം എബിറ്റ്ഡ മാർജിൻ (EBITDA Margin) അഥവാ നികുതിക്കും കിഴിവിനും മുമ്പുള്ള പ്രവർത്തനലാഭ മാർജിനാണ് കമ്പനി കൈവരിച്ചത്.
എന്നാൽ, ഇതേ കാലയളവിൽ സൺഷൈൻ പിക്ചേഴ്സിന്റെ മുഖ്യ പ്രവർത്തനങ്ങളിൽ നിന്നുള്ള പണലഭ്യത (Operating Cash Flow) നെഗറ്റീവ് 33.21 കോടി രൂപയായിരുന്നു. കമ്പനിയുടെ ലാഭക്കണക്കുകളും ബാങ്കിലെ യഥാർത്ഥ പണലഭ്യതയും തമ്മിൽ വലിയ തുകയുടെ വ്യത്യാസമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു.
ട്രേഡ് റിസീവബിൾസ് (Trade Receivables): വരുമാനത്തിലേക്ക് വരാനുള്ള കുടിശ്ശിക തുക 66.51 കോടി രൂപയാണ്. ഇത് സാമ്പത്തിക വർഷത്തെ ആകെ വരുമാനത്തിന്റെ 87 ശതമാനത്തോളമാണ്.
ഇൻവെന്ററി മൂല്യം (Inventory Valuation): പൂർത്തിയാകാത്തതും റിലീസ് ചെയ്യാത്തതുമായ സിനിമകളുടെ ഇൻവെന്ററി മൂല്യം 75.06 കോടി രൂപയാണ്.
വർക്കിംഗ് ക്യാപിറ്റൽ (Working Capital): പ്രവർത്തന മൂലധന ആവശ്യങ്ങൾ 126.5 കോടി രൂപയിൽ നിന്ന് 2027 സാമ്പത്തിക വർഷത്തോടെ 320 കോടി രൂപയായി ഉയരുമെന്നാണ് വിലയിരുത്തൽ.
ഫ്രഷ് ഇഷ്യൂ വഴി സമാഹരിക്കുന്ന 173 കോടി രൂപയിൽ നിന്നുള്ള 112.5 കോടി രൂപയും പ്രവർത്തന മൂലധന ആവശ്യങ്ങൾക്കായാണ് മാറ്റിവെക്കുന്നത്. എന്നാൽ, കമ്പനി മുന്നോട്ടുവെക്കുന്ന ഈ വർക്കിംഗ് ക്യാപിറ്റൽ ആവശ്യങ്ങൾ ബാങ്കുകളോ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ സ്വതന്ത്രമായി വിലയിരുത്തി സാക്ഷ്യപ്പെടുത്തിയതല്ല എന്ന കാര്യം സൺഷൈൻ പിക്‌ചേഴ്‌സിന്റെ ആർ.എച്ച്.പി രേഖയിൽ (RHP) വ്യക്തമാക്കുന്നുണ്ട്.
സൺഷൈൻ പിക്ചേഴ്സിന്റെ ഓഹരിയൊന്നിന് 342–360 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20-ന് ഐ.പി.ഒ അവസാനിക്കും. തുടർന്ന് ഓഗസ്റ്റ് 25-ന് എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ഓഹരികൾ ലിസ്റ്റ് ചെയ്യും.
ഐ.പി.ഒ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് 9 ആങ്കർ നിക്ഷേപകരിലൂടെ (Anchor Investors) 84.64 കോടി രൂപ സമാഹരിക്കാനായെങ്കിലും മുൻനിര ആഭ്യന്തര മ്യൂച്ചൽ ഫണ്ടുകളോ ഇൻഷുറൻസ് കമ്പനികളോ ഒന്നും ഈ പട്ടികയിലില്ല എന്നത് ശ്രദ്ധേയമാണ്. 360 രൂപ എന്ന ഉയർന്ന നിരക്കിൽ സൺഷൈൻ പിക്‌ചേഴ്‌സിന്റെ വിപണി മൂല്യം 1,121.36 കോടി രൂപയായി നിശ്ചയിക്കുമ്പോൾ, പ്രതിയോഹരി വരുമാനത്തിന്റേ (EPS) 28 മടങ്ങ് അഥവാ പി.ഇ അനുപാതം (P/E Ratio) 28 മടങ്ങിലുള്ള ഉയർന്ന മൂല്യമതിപ്പാണ് (Valuation) ഐ.പി.ഒ മുന്നോട്ടുവെക്കുന്നത്.
പ്രൊമോട്ടർമാരായ വിപുൽ ഷായും ഷെഫാലി ഷായും ഓഫർ ഫോർ സെയിൽ (OFS) വഴി 109.34 കോടി രൂപയുടെ ഓഹരികൾ ഐ.പി.ഒ വേളയിൽ വിറ്റഴിക്കുന്നുമുണ്ട്. ജിയോ സ്റ്റുഡിയോസ്, ദൂർദർശൻ എന്നിവയുമായുള്ള സഹകരണവും മുൻകാല വിജയങ്ങളും കമ്പനിയുടെ കരുത്താണ്. എന്നിരുന്നാലും കൈവശമുള്ള കുടിശ്ശിക തുക കൃത്യമായി സമാഹരിച്ച് നെഗറ്റീവ് ക്യാഷ്ഫ്ലോ മറികടക്കാൻ സാധിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും നിക്ഷേപകർക്ക് ലഭിക്കുന്ന ഭാവി നേട്ടമെന്ന് അനലിസ്റ്റുകൾ സൂചിപ്പിച്ചു.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine