Markets

ബിസിനസ് മെച്ചപ്പെടും, പക്ഷേ സ്വിഗ്ഗി ഓഹരി വില 10% താഴോട്ട്! വിദേശ ഉടമസ്ഥാവകാശ മാറ്റത്തിൽ നിക്ഷേപകർ അറിയേണ്ടത്

സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്‌സ് ബ്രാൻഡായ ഇൻസ്റ്റാമാർട്ടിന് നേരിട്ട് സാധനങ്ങൾ ശേഖരിക്കാനും വിൽക്കാനും ഇതിലൂടെ അനുമതി ലഭിക്കും

Dhanam News Desk

പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ (Swiggy) വിദേശ ഉടമസ്ഥാവകാശ പരിധി 49.5 ശതമാനമായി പരിമിതപ്പെടുത്താൻ തീരുമാനിച്ച് കമ്പനി ബോർഡ്. വിദേശ വിനിമയ നിയമങ്ങൾ പ്രകാരം പൂർണമായും ഇന്ത്യൻ ഉടമസ്ഥതയിലുള്ള കമ്പനിയായി (Indian-owned-and-controlled firm - IOCC) മാറുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ വാർത്ത പുറത്തുവന്നതിനെത്തുടർന്ന് വെള്ളിയാഴ്ച (ജൂലൈ 24) സ്വിഗ്ഗിയുടെ ഓഹരി വിലയിൽ 10 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.

എന്താണ് ഈ മാറ്റത്തിന്റെ ലക്ഷ്യം?

സ്വിഗ്ഗിക്ക് ഐ.ഒ.സി.സി പദവി ലഭിക്കുന്നത് കമ്പനിയുടെ ദീർഘകാല വളർച്ചയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമായും സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്‌സ് ബ്രാൻഡായ ഇൻസ്റ്റാമാർട്ടിന് (Instamart) നേരിട്ട് സാധനങ്ങൾ ശേഖരിക്കാനും (inventory) വിൽക്കാനും ഇതിലൂടെ അനുമതി ലഭിക്കും. ഇത് കമ്പനിയുടെ ലാഭവിഹിതം (margins) മെച്ചപ്പെടുത്തുന്നതിനും വിതരണ ശൃംഖലയിൽ കൂടുതൽ നിയന്ത്രണം കൈവരിക്കുന്നതിനും സഹായിക്കും.

ഓഗസ്റ്റ് 18-ന് നടക്കുന്ന കമ്പനിയുടെ 13-ാം വാർഷിക പൊതുയോഗത്തിൽ (AGM) ഈ നിർദ്ദേശം ഓഹരി ഉടമകളുടെ അംഗീകാരത്തിനായി സമർപ്പിക്കും. കമ്പനിയുടെ പുതിയ നീക്കം ദീർഘകാലാടിസ്ഥാനത്തിൽ ബിസിനസ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെങ്കിലും, വിദേശ നിക്ഷേപത്തിനുള്ള ഈ നിയന്ത്രണം താൽക്കാലികമായി നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.

നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്

പൊതുവായ വിപണി സമ്മർദ്ദവും ഹ്രസ്വകാല ലാഭമെടുപ്പും (Profit-booking) കാരണമാണ് വിലയിൽ ഇത്തരമൊരു തിരുത്തലുണ്ടായതെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. എന്നാൽ, ഈ സാഹചര്യത്തിൽ പരിഭ്രാന്തരായി തിടുക്കപ്പെട്ട് തീരുമാനം എടുക്കാതെ വിവേകത്തോടെ സമീപിക്കുകയാണ് പ്രധാനം.

കമ്പനിയുടെ അടിസ്ഥാന ശേഷിയും (Fundamentals) ദീർഘകാല വളർച്ചാ സാധ്യതകളും പരിശോധിച്ച ശേഷം മാത്രം തുടർനടപടികൾ സ്വീകരിക്കുക. ദീർഘകാല നിക്ഷേപകർക്ക് ഈ വിലയിടിവ് അനുകൂലമായ അവസരമായേക്കാം. അതേസമയം, ഹ്രസ്വകാല നിക്ഷേപകര്‍ കൃത്യമായ 'സ്റ്റോപ്പ് ലോസ്' (Stop Loss) ഉറപ്പാക്കി നഷ്ടസാധ്യത കുറയ്ക്കണം. ഈ വർഷം ഇതുവരെ സ്വിഗ്ഗി ഓഹരികളിൽ 37 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Disclaimer: മേൽസൂചിപ്പിച്ച വിവരങ്ങള്‍ പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഓഹരി വിപണിയിലെ നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ സേവനം തേടുകയോ ചെയ്യാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT