Image by Canva 
Markets

ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഒരു കമ്പനി കൂടി ഐ.പി.ഒയ്ക്ക്, ഇഷ്യു സൈസും മറ്റ് വിശദാംശങ്ങളും അറിയാം

ടാറ്റ ക്യാപിറ്റലിന്റെ മാതൃകമ്പനിയായ ടാറ്റ സണ്‍സ് 23 കോടി ഓഹരികള്‍ ഐ.പി.ഒയില്‍ വിറ്റഴിക്കും

Dhanam News Desk

ദലാല്‍ സ്ട്രീറ്റിലേക്ക് മറ്റൊരു വമ്പന്‍ കമ്പനികൂടി കടന്നുവരുന്നു. ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഒരു കമ്പനി കൂടി ഉടന്‍ പ്രാരംഭ ഓഹരി വില്‍പ്പനയുമായി (IPO) എത്തിയേക്കും. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നിക്ഷേപകര്‍ കാത്തിരിക്കുന്ന ഐ.പി.ഒകളിലൊന്നാണിത്. കഴിഞ്ഞ ഏപ്രിലിലാണ് ഐ.പി.ഒ രേഖകള്‍ സമര്‍പ്പിച്ചത്. ഐ.പി.ഒ വിലയും തിയതിയും ഉടന്‍ പ്രഖ്യാപിച്ചേക്കും.

മൊത്തം 47.58 കോടി ഓഹരികളാണ് ഐ.പി.ഒയില്‍ പുറത്തിറക്കുക. ഇതില്‍ 21 കോടി രൂപയുടെ പുതു ഓഹരികളും 26.58 കോടിയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു. ടാറ്റ ക്യാപിറ്റലിന്റെ മാതൃകമ്പനിയായ ടാറ്റ സണ്‍സ് 23 കോടി ഓഹരികള്‍ ഐ.പി.ഒയില്‍ വിറ്റഴിക്കും. കമ്പനിയിലെ ആദ്യകാല നിക്ഷേപകരിലൊന്നായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IFC) 3.58 കോടി ഓഹരികളും വിറ്റഴിക്കും.

പണം സമാഹരണത്തിനായി മാത്രമല്ല ടാറ്റ ക്യാപിറ്റല്‍ ഐ.പി.ഒയ്ക്ക് തയാറാകുന്നത്. റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ പാലിക്കുന്നതിനു കൂടിയാണ്. ടാറ്റ ക്യാപിറ്റലിനെ റിസര്‍വ് ബാങ്ക് അപ്പര്‍ ലെയര്‍ എന്‍.ബി.എഫ്.സിയായി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് 2025 സെപ്റ്റംബറിനകം കമ്പനി ലിസ്റ്റ് ചെയ്യേണ്ടതുണ്ട്.

ടാറ്റ ക്യാപിറ്റലിന്റെ ടിയര്‍ വണ്‍ മൂലധനം ഉയര്‍ത്താനാകും ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കുക. എന്‍.ബി.എഫ്.സി വിപണിയില്‍ കൂടുതല്‍ മത്സരാത്മകമാകാനും കൂടുതല്‍ വായ്പകള്‍ നല്‍കാനും ഇത് കമ്പനിയെ പ്രാപ്തമാക്കും.

2025 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ ക്യാപിറ്റലിന്റെ ലാഭം 3,655 കോടി രൂപയും വരുമാനം 25,719 കോടിയുമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT