Markets

കാത്തിരിപ്പ് അവസാനിപ്പിച്ച് ടാറ്റ ക്യാപിറ്റല്‍ ഐ.പി.ഒ ഈ മാസം അവസാനം, അണ്‍ലിസ്റ്റഡ് വിപണിയില്‍ ഓഹരിക്ക് വലിയ വിലയിടിവ്, കാരണം അറിയാം

17,200 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്ന ഐ.പി.ഒ രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒകളിലൊന്നാകുമെന്നാണ് കരുതുന്നത്

Dhanam News Desk

ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ക്യാപിറ്റലിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (IPO) ഈ മാസം അവസാനം ഉണ്ടായേക്കും. വിപണിയില്‍ നിന്ന് 17,200 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്ന ഐ.പി.ഒ രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒകളിലൊന്നാകുമെന്നാണ് കരുതുന്നത്.

റൈറ്റ്‌സ് ഇഷ്യുവും ടാറ്റ ഗ്രൂപ്പിന്റെ പിന്‍ബലവും

ഇതൊക്കെയാണെങ്കിലും അനൗദ്യോഗിക വിപണിയില്‍ ഓഹരി വലിയ വിലയിടിവ് നേരിടുകയാണ്. കഴിഞ്ഞ രണ്ട് മാസം കൊണ്ട് 20 ശതമാനത്തോളമാണ് വില കുറഞ്ഞത്. കമ്പനി അടുത്തിടെ പ്രഖ്യാപിച്ച റൈറ്റ്‌സ് ഇഷ്യു ആണ് ഇതിന് ഒരു പ്രധാന കാരണം. ഓഹരിയൊന്നിന് 343 രൂപയിലായിരുന്നു റൈറ്റ്‌സ് ഇഷ്യു പ്രഖ്യാപിച്ചത്. ഓഹരിയുടെ അണ്‍ലിസ്റ്റഡ് വിപണി മൂല്യത്തേക്കാള്‍ വളരെ താഴെയാണ് ഈ വില.

അതേസമയം, മറ്റ് ചില കാരണങ്ങളും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ടാറ്റ ബ്രാന്‍ഡിനു കീഴിലെ കമ്പനി എന്നത് ഓഹരിക്ക് സമാന മേഖലയിലെ ഓഹരികളെ അപേക്ഷിച്ച് മുന്‍തൂക്കം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി വിപണി വലിയ തിരുത്തലിലാണ്. ഇത് ഓഹരിയെയും ഒരു ന്യായ വിലയിലേക്ക് താഴ്ത്തിയതായാണ് കണക്കാക്കുന്നത്.

എന്‍.ബി.എഫ്.സികളായ ബജാജ് ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ് എന്നിവയും 13-15 ശതമാനം ഇടിവ് നേരിട്ടു. ഇതുമായി നോക്കുമ്പോള്‍ ടാറ്റ ക്യാപിറ്റലിന്റെ അണ്‍ലിസ്റ്റഡ് ഓഹരി വിലയിലെ ഇടിവ് സാധൂകരിക്കാവുന്നതായാണ് കണക്കാക്കുന്നത്.

ഐ.പി.ഒ വില ഇതിലും താഴെയാകുമോ?

റൈറ്റ്‌സ് ഇഷ്യു വില 343 രൂപയായി നിശ്ചയിച്ചതുമായി നോക്കുമ്പോള്‍ ഐ.പി.ഒ വില അതിലും താഴെയാകുമോ എന്നതാണ് നിക്ഷേപകര്‍ ഇപ്പോള്‍ ഉറ്റു നോക്കുന്നത്. എന്നാല്‍ അണ്‍ലിസ്റ്റഡ് വിപണിയിലെ വിലയും റൈറ്റ്‌സ് ഇഷ്യുവും മാത്രം കണക്കിലെടുത്തല്ല ഐ.പി.ഒ വില തീരുമാനിക്കുകയെന്ന് നിരീക്ഷകര്‍ പറയുന്നു.

ബജാജ് ഫിനാന്‍സ്, എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍, ചോളമണ്ഡലം എന്നീ എന്‍.ബി.എഫ്.സികളുടെ ഓഹരികളുടെ പ്രൈസ് ടു ബുക്ക്‌ റോഷ്യോ 4-6 ആണ്. പ്രൈസ് ടു ഏണിംഗ് റേഷ്യോ 28-31ലുമാണ്. ടാറ്റ ക്യാപിറ്റലിന്റെ ഏണിംഗ്‌സ് പെര്‍ ഷെയര്‍ 9.06 രൂപയും ബി.വി.പി.എസ് 85.21 രൂപയുമാണ്. ഇതുപ്രകാരം ഈ മൂല്യത്തിന് അടുത്താകും ഐ.പി.ഒ വില എന്നാണ് കരുതുന്നത്.

ഇതുകൂടാതെ ബിസിനസ് കാര്യക്ഷമത, സമാന ഓഹരികള്‍ക്കിടയിലെ സ്ഥാനം, മാര്‍ക്കറ്റ് അഭിരുചി, സെബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നീ ഘടകങ്ങളും വിലയെ ബാധിക്കും.

ഐ.പി.ഒയുടെ വിശദാംശംങ്ങള്‍

ടാറ്റ ക്യാപിറ്റല്‍ ഐ.പി.ഒയില്‍ 21 കോടി പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള 26.58 കോടി ഓഹരികളുമാണ് പുറത്തിറക്കുക. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IFC) 3.58 കോടി ഓഹരികള്‍ ഐ.പി.ഒയില്‍ വിറ്റഴിക്കും. ടാറ്റ സണ്‍സിനാണ് ടാറ്റ ക്യാപിറ്റലില്‍ 88.6 ശതാനം ഓഹരി പങ്കാളിത്തമുള്ളത്. ഐ.എഫ്.സിക്ക് 1.8 ശതമാനമുണ്ട്.

രണ്ടാം നിര നഗരങ്ങളിലെ ടാറ്റ ക്യാപിറ്റലിന്റെ സാന്നിധ്യം വിപുലപ്പെടുത്താനാണ് പുതു ഓഹരികളില്‍ നിന്ന് സമാഹരിക്കുന്ന തുക വിനിയോഗിക്കുക.

അപ്പര്‍ ലെയര്‍ എന്‍.ബി.എഫ്.സികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഐ.പി.ഒ നടത്തിയിരിക്കണമെന്ന റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ടാറ്റ ക്യാപിറ്റല്‍ ഐ.പി.ഒയ്ക്ക് എത്തുന്നത്. 2022 സെപ്റ്റംബറിലാണ് ടാറ്റ ക്യാപിറ്റല്‍ അപ്പര്‍ ലെയര്‍ എന്‍.ബി.എഫ്.സി ആകുന്നത്.

ഐ.പി.ഒ യാഥാര്‍ത്ഥമായാല്‍ ധനകാര്യ മേഖലയില്‍ ബജാജ് ഹൗസിംഗ് ഫിനാന്‍സിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ഐ.പി.ഒ ആയി ഇത് മാറും. 2023ല്‍ ടാറ്റ ടെക്‌നോളജീസിനു ശേഷം ടാറ്റ ഗ്രൂപ്പില്‍ നിന്ന് അടുത്ത കാലത്ത് നടക്കുന്ന പ്രധാന ഐ.പി.ഒകളിലൊന്ന് എന്ന പ്രത്യേകതയും ഇതിനുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT