നിക്ഷേപകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റ ക്യാപിറ്റല്‍ പ്രാരംഭ ഓഹരി വില്‍പ്പനക്ക് (ഐ.പി.ഒ) ആദ്യ ദിവസം മികച്ച പ്രതികരണം. ഇക്കൊല്ലത്തെ ബമ്പര്‍ ഐ.പി.ഒയിലൂടെ 15,512 കോടി രൂപയാണ് സമാഹരിക്കുന്നത്. ടാറ്റ ഗ്രൂപ്പിലെയും എന്‍.ബി.എഫ്.സി മേഖലയിലെയും ഏറ്റവും വലിയ ഐ.പി.ഒയാണിതെന്ന പ്രത്യേകതയുമുണ്ട്. ഐ.പി.ഒ തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച സബ്‌സ്‌ക്രിപ്ഷനാണ് ലഭിച്ചത്. വൈകുന്നേരം 3.30ലെ കണക്ക് അനുസരിച്ച് 37 ശതമാനത്തോളം സബ്‌സ്‌ക്രിപ്ഷന്‍ നേടാനും ടാറ്റ ക്യാപിറ്റലിനായി. ഒക്ടോബര്‍ എട്ട് വരെയാണ് ടാറ്റ ക്യാപിറ്റല്‍ ഐ.പി.ഒക്ക് അപേക്ഷിക്കാവുന്നത്.
6,486 കോടി രൂപ വിലമതിക്കുന്ന പുതിയ ഓഹരികളും പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള 8,666 കോടി രൂപയുടെ ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയിലുമായാണ് ഐ.പി.ഒക്ക് എത്തുന്നത്. ടാറ്റ സണ്‍സ്, ഇന്‍വെസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ എന്നിവര്‍ 26.58 കോടി ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ വില്‍ക്കും.
310-326 രൂപയാണ് ഐ.പി.ഒയുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ബുധനാഴ്ച്ച വരെ അപേക്ഷിക്കാം. ഒമ്പതിന് അലോട്ട്‌മെന്റുകള്‍ നിശ്ചയിക്കും. ഒക്ടോബര്‍ 13ന് ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിക്ഷേപകര്‍ കുറഞ്ഞത് 46 ഓഹരികളെങ്കിലും എടുക്കേണ്ടി വരും. അതായത്, കുറഞ്ഞത് 14,996 രൂപയുടെ നിക്ഷേപമെങ്കിലും നടത്താന്‍ കഴിയുന്നവര്‍ക്കേ ഇതില്‍ പങ്കെടുക്കാന്‍ കഴിയൂ. ഈ തുകയുടെ തവണകളായും നിക്ഷേപം നടത്താം.
2.3 ലക്ഷം കോടി രൂപയുടെ ലോണ്‍ ബുക്കുള്ള ടാറ്റ ക്യാപിറ്റല്‍ ഡൈവേഴ്‌സിഫൈഡ് ബാങ്കിതര ധനകാര്യ സ്ഥാപന (എന്‍.ബി.എഫ്.സി) മേഖലയിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയാണ്. 4.4 ലക്ഷം കോടി രൂപയുമായി ബജാജ് ഫിനാന്‍സും 2.7 ലക്ഷം കോടി രൂപയുമായി ശ്രീറാം ഫിനാന്‍സുമാണ് മുന്നിലുള്ളത്. 2022-23നും 2024-25നും ഇടയില്‍ ടാറ്റ ക്യാപിറ്റലിന്റെ ലോണ്‍ ബുക്ക് വളര്‍ന്നത് 37 ശതമാനമാണെന്നും കണക്കുകള്‍ പറയുന്നു. വായ്പാ സുരക്ഷയില്‍ ട്രിപ്പിള്‍ എ (AAA) റേറ്റിംഗുമുണ്ട്. പ്രധാനമായും രണ്ട് വിഭാഗത്തിലാണ് കമ്പനിയുടെ ബിസിനസ് നടക്കുന്നത്. വായ്‌പേതര വിഭാഗത്തില്‍ പ്രൈവറ്റ് ഇക്വിറ്റി, വെല്‍ത്ത് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ ബിസിനസുകളാണ് കൈകാര്യം ചെയ്യുന്നത്. ഫീസ്, കമ്മിഷന്‍ ഇനത്തിലാണ് വരുമാനം. എന്നാല്‍ വായ്പാ വിഭാഗമാണ് കമ്പനിയുടെ 98 ശതമാനം വരുമാനവും നല്‍കുന്നത്. റീട്ടെയില്‍, എസ്.എം.ഇ, കോര്‍പറേറ്റ് വിഭാഗങ്ങളില്‍ വായ്പ നല്‍കുന്നുണ്ട്.
ആനന്ദ് രതി ഷെയര്‍ ആന്‍ഡ് സ്റ്റോക്ക് ബ്രോക്കര്‍ കമ്പനി ഐ.പി.ഒക്ക് സബ്‌സ്‌ക്രൈബ് റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്. ലോണ്‍ ബുക്കിലെ വളര്‍ച്ച, സ്ഥിരതയുള്ള ലാഭക്കണക്കുകള്‍, കുറഞ്ഞ വായ്പാ ചെലവ് (Credit cost) എന്നിവയാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍. ഐ.പി.ഒക്ക് മികച്ച പ്രാരംഭ വിലയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും ദീര്‍ഘകാലത്തേക്ക് വളരാനുള്ള സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു. മറ്റ് ചില ബ്രോക്കറേജുകളും ടാറ്റ ക്യാപിറ്റലിനെ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാവുന്നവയായി അടയാളപ്പെടുത്തിയിട്ടുണ്ട്.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)
Read DhanamOnline in English
Subscribe to Dhanam Magazine