IPO canva
Markets

ഐപിഒയ്ക്ക് മുന്നോടിയായി മൂല്യം കുറച്ച് ടാറ്റ ക്യാപിറ്റൽ, 2025 ലെ ഏറ്റവും വലിയ ഐപിഒയുടെ പ്രൈസ് ബാൻഡ്, ലിസ്റ്റിംഗ് തീയതി, ജിഎംപി തുടങ്ങിയവ അറിയാം

റീട്ടെയിൽ നിക്ഷേപകർക്ക് കുറഞ്ഞത് 14,996 രൂപയുടെ 46 ഓഹരികളുള്ള ഐപിഒയ്ക്ക് അപേക്ഷിക്കാം

Dhanam News Desk

ടാറ്റ ക്യാപിറ്റലിന്റെ ഐപിഒ ഒക്ടോബർ 6 നാണ് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുന്നത്. ടാറ്റ സൺസിന്റെ ബാങ്കിംഗ് ഇതര ധനകാര്യ സേവന (എൻ‌ബി‌എഫ്‌സി) വിഭാഗമാണ് ടാറ്റ ക്യാപിറ്റൽ. 310 രൂപ– 326 രൂപ എന്ന പ്രൈസ് ബാൻഡാണ് ഓഹരിക്ക് നിശ്ചയിച്ചിരിക്കുന്നത്. 15,512 കോടി രൂപ സമാഹരിക്കാനാണ് ഐപിഒ ലക്ഷ്യമിടുന്നത്. ടാറ്റ ക്യാപിറ്റൽ ഓഹരികൾ ഒക്ടോബർ 13 ന് എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നത്.

മുംബൈ ആസ്ഥാനമായുള്ള ധനകാര്യ സേവന സ്ഥാപനം അതിന്റെ പോസ്റ്റ്-മണി ഇക്വിറ്റി മൂല്യനിർണ്ണയം 5 ശതമാനം കുറച്ചതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ലക്ഷ്യമിട്ടിരുന്ന 1,46,000 കോടി രൂപയുടെ മൂല്യം കമ്പനി 1,39,000 കോടി രൂപയായാണ് കുറച്ചത്. നിക്ഷേപകർക്ക് കൂടുതൽ അവസരം നൽകുന്നതിനായാണ് മൂല്യം കുറച്ചത്.

റീട്ടെയിൽ നിക്ഷേപകര്‍

പ്രാരംഭ ഓഹരി വിൽപ്പനയിൽ 21 കോടി ഓഹരികളുടെ പുതിയ ഇഷ്യുവും (6,846 കോടി രൂപ വിലവരുന്ന) 26.58 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിലും (OFS) (8,665.87 കോടി രൂപ വിലവരുന്ന) ഉൾപ്പെടുന്നു. റീട്ടെയിൽ നിക്ഷേപകർക്ക് കുറഞ്ഞത് 14,996 രൂപയുടെ 46 ഓഹരികളുള്ള ഐപിഒയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ചെറുകിട സ്ഥാപനേതര നിക്ഷേപകർ ( Small Non-Institutional Investors, NII) കുറഞ്ഞത് 2,09,944 രൂപ മൂല്യമുള്ള 14 ലോട്ടുകൾക്ക് ലേലം വിളിക്കണം.

വലിയ സ്ഥാപനേതര നിക്ഷേപകർക്ക് (Large Non-Institutional Investors, HNI) കുറഞ്ഞത് 67 ലോട്ടുകൾ 10,04,732 രൂപക്ക് ലേലത്തില്‍ പങ്കെടുക്കാം. മൊത്തം ഓഹരിയുടെ 49.87 ശതമാനം ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സിന് (QIB) ലഭിക്കും, റീട്ടെയിൽ നിക്ഷേപകർക്ക് 34.91 ശതമാനമാണ് അനുവദിക്കുക.

ഒക്ടോബർ 10 ന് ക്രെഡിറ്റ് ചെയ്യും

ഒക്ടോബർ 6 മുതൽ ഒക്ടോബർ 8 വരെയാണ് സബ്‌സ്‌ക്രിപ്‌ഷൻ കാലയളവ്. ഒക്ടോബർ 9 ന് അലോട്ട്‌മെന്റ് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓഹരി അനുവദിച്ചവര്‍ക്ക് അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിൽ ഒക്ടോബർ 10 ന് ക്രെഡിറ്റ് ചെയ്യപ്പെടും. അതേ ദിവസം തന്നെ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് റീഫണ്ടുകൾ പ്രോസസ് ചെയ്യപ്പെടും.

ഐപിഒയിൽ നിന്നുള്ള വരുമാനം കമ്പനിയുടെ ടിയർ-1 മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ ബിസിനസ് വിപുലീകരണത്തിനുമായാണ് വിനിയോഗിക്കുക. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം (PAT) 114.4 ശതമാനം വർധനവുമായി 989.89 കോടി രൂപയിലെത്തി.

ടാറ്റ ക്യാപിറ്റലിന്റെ ഓഹരികൾ ഗ്രേ മാർക്കറ്റിൽ 9 ശതമാനം പ്രീമിയത്തിലാണ് വ്യാപാരം നടക്കുന്നത്. നിലവിൽ അതിന്റെ ജിഎംപി ഉയർന്ന ഐപിഒ പ്രൈസ് ബാൻഡിനേക്കാൾ 28 രൂപ കൂടുതലാണ്.

Tata Capital launches 2025’s biggest IPO worth ₹15,512 crore with price band, listing details, and GMP insights.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT