Canva
Markets

ഈ ടാറ്റ ​ഗ്രൂപ്പ് കമ്പനി നാളെ സൗജന്യ ഓഹരി നൽകുന്നു; നിക്ഷേപകർക്ക് ​ഗുണമുണ്ടോ?

ട്രെന്റ് ഓഹരിയുടെ ചരിത്രത്തിൽ ആദ്യമായാണ് നിക്ഷേപകർക്ക് ബോണസ് ഷെയർ സമ്മാനിക്കുന്നത്. 1:2 അനുപാതത്തിലാണ് നിർദിഷ്ട ബോണസ് ഇഷ്യൂ

Dhanam News Desk

ടാറ്റ ​ഗ്രൂപ്പിന്റെ ഫാഷൻ, ലൈഫ്​സ്റ്റൈൽ റീട്ടെയിൽ കമ്പനിയായ ട്രെന്റ് ലിമിറ്റഡിന്റെ (BSE: 500251, NSE: TRENT) ബോണസ് ഇഷ്യൂ, വ്യാഴാഴ്ച (ജൂൺ 4) അരങ്ങേറും. അർഹരായ ഓഹരി ഉടമകൾക്ക് 1:2 അനുപാതത്തിൽ ബോണസ് ഷെയർ വിതരണം (ബോണസ് ഇഷ്യൂ) ചെയ്യുമെന്നാണ് ട്രെന്റ് കമ്പനിയുടെ പ്രഖ്യാപനം. നിക്ഷേപകരുടെ കൈവശമുള്ള രണ്ട് ട്രെന്റ് ഓഹരിക്ക് അധികമായി ഒരു സൗജന്യ ഓഹരി വീതം ലഭിക്കുമെന്ന് സാരം.

ഇതിന്റെ ഭാ​ഗമായി അർഹരായ നിക്ഷേപകരെ കണ്ടെത്തുന്നതിനായുള്ള റെക്കോഡ് തീയതി 2026 ജൂൺ 4 (വ്യാഴാഴ്ച) ആണ്. അതുപോലെ ബോണസ് ഇഷ്യൂ നിലവിലെ ഓഹരി വിലയിൽ പ്രതിഫലിക്കുന്ന എക്സ്-ബോണസ് തീയതിയായും ജൂൺ 4 തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. ട്രെന്റ് ഓഹരിയുടെ ചരിത്രത്തിൽ ആദ്യമായാണ് നിക്ഷേപകർക്ക് ബോണസ് ഷെയർ സമ്മാനിക്കുന്നത്.

ബോണസ്: അർഹത എങ്ങനെ?

നിശ്ചിത റെക്കോഡ് തീയതിയിൽ തങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിൽ ഓഹരികൾ സ്വന്തമായുള്ളവർക്കാണ് ബോണസ് ഷെയർ (ഏത് കോർപറേറ്റ് ആക്ഷനായാലും അങ്ങനെ തന്നെ) ലഭിക്കാനുള്ള അർഹത കൈവരുന്നത്. നിലവിൽ T+1 സെറ്റിൽമെന്റ് സൈക്കിളായതിനാൽ റെക്കോഡ് തീയതിയുടെ തലേദിവസം (ജൂൺ 3) എങ്കിലും ഓഹരി വാങ്ങിയവർക്കാണ് ജൂൺ 4-ന് (ട്രെന്റിന്റെ റെക്കോഡ് തീയതി) ഡീമാറ്റ് അക്കൗണ്ടിൽ ആ ഓഹരി ക്രെഡിറ്റ് ചെയ്യപ്പെടുകയുള്ളു. അതുകൊണ്ട് റെക്കോഡ് തീയതിയിൽ ഓഹരി വാങ്ങുന്നവർക്ക് ബോണസ് ഷെയർ കിട്ടാനുള്ള സാധ്യതയില്ല (T+1 സെറ്റിൽമെന്റ് കഴിയുമ്പോൾ ജൂൺ 5 ആകും).

ഓഹരിയിലെ മാറ്റം എങ്ങനെ?

ട്രെന്റ് ഓഹരിയുടെ ബോണസ് ഇഷ്യൂ 1:2 അനുപാതത്തിലാണ്. ഉദാഹരണത്തിന് റെക്കോഡ് തീയതിയിൽ 10 ട്രെന്റ് ഓഹരികൾ ഡീമാറ്റ് അക്കൗണ്ടിൽ സ്വന്തമായുള്ളവർക്ക് 5 ഓഹരി കൂടി സൗജന്യമായി കിട്ടും. അതോടെ ആ നിക്ഷേപകന്റെ പക്കലുള്ള മൊത്തം ട്രെന്റ് ഓഹരിയുടെ എണ്ണം 15 ആയി ഉയരും.

എന്നാൽ ബോണസ് ഇഷ്യൂവിന്റെ അനുപാതത്തിൽ തന്നെ ഓഹരിയുടെ വിപണി വില ക്രമീകരിക്കപ്പെടും. അതുവഴി നിക്ഷേപകന്റെ കൈവശമുള്ള ഓഹരികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെങ്കിലും മൊത്തം ഓഹരികളുടേയും വിപണി മൂല്യം മാറ്റമില്ലാതെ തുടരും. കമ്പനിയുടെ കരുതൽ ധനശേഖരത്തിൽ നിന്നും ചെലവഴിക്കുന്ന മൂല്യം ഓഹരി വിലയിൽ നിന്നും തട്ടിക്കിഴിക്കുന്നതിനും ഓഹരി വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിൽ നീതിപൂർവ്വകമായ ഇടപാടു നടത്തുന്നതിനും ഒക്കേ വേണ്ടിയാണ് ഇത്തരത്തിൽ എക്സ്-തീയതികളിൽ നിർദിഷ്ട കോർപറേറ്റ് ആക്ഷന്റെ ​ഗുണഫലം ഓഹരി വിലയിൽ നിന്നും തട്ടിക്കിഴിക്കുന്നത്.

ഇത് പ്രകാരം, 1:2 അനുപാതത്തിലുള്ള ബോണസ് ഇഷ്യൂവിന്റെ എക്സ്-തീയതിയിൽ, ട്രെന്റ് ഓഹരിയുടെ വിലയിൽ മൂന്നിലൊന്ന് കുറവുണ്ടാകും. ഉദ്ദാഹരണത്തിന് ട്രെന്റ് ഓഹരിയുടെ ഇന്നത്തെ ക്ലോസിങ് വിലനിലവാരം 4,279 രൂപയാണെങ്കിൽ, എക്സ്-ബോണസ് തീയതിയുടെ രാവിലത്തെ ഓപ്പണിങ്ങിൽ ഓഹരിയുടെ വിപണി വിലയായി 2,853 രൂപയായാകും ആദ്യം രേഖപ്പെടുത്തുക. പിന്നീട് വ്യാപാരം പുരോ​ഗമിക്കുമ്പോൾ അന്നത്തെ മാർക്കറ്റ് സെന്റിമെന്റ്സ് അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകും.

പിന്നെ നേട്ടമെന്ത്?

നിക്ഷേപകരെ സംബന്ധിച്ച് അധികപണം മുടക്കാതെ തന്നെ ഓഹരി എണ്ണം വർധിപ്പിക്കാനുള്ള അവസരമാണിത്. ബോണസ് ഷെയർ വിതരണം ചെയ്യുമ്പോൾ ഓഹരിയുടെ ഫേസ് വാല്യൂവിൽ മാറ്റമൊന്നും സംഭവിക്കാത്തതിനാൽ ഭാവിയിൽ കമ്പനിയിൽ നിന്നും ലഭിക്കാവുന്ന മൊത്തം ഡിവിഡന്റിൽ വർധനയുണ്ടാകും.

ഓഹരിയുടെ വിപണി വില താഴുന്നതിനാൽ റീട്ടെയിൽ നിക്ഷേപകർക്ക് താങ്ങാവുന്ന നിലയിലേക്ക് ഓഹരിയെത്തും. കമ്പനിയെ സംബന്ധിച്ച് ഓഹരിയുടെ ലിക്വിഡിറ്റി വർധിപ്പിക്കാം. ഭാവി വളർച്ചയിലുള്ള കമ്പനിയുടെ ആത്മവിശ്വാസമായും വ്യാഖ്യാനിക്കാൻ കഴിയും. കാലക്രമേണ ഓഹരിയുടെ വിപണി വില വർധിക്കുകയാണെങ്കിൽ മൂലധന നേട്ടം കര​ഗതമാകും.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT