ഏറ്റവും കൂടുതല്‍ ആളുകള്‍ നിക്ഷേപിച്ചിട്ടുള്ള ഇന്ത്യന്‍ ഓഹരികള്‍ ഏതായിരിക്കും എന്ന് ചോദിച്ചാല്‍ പപല പേരുകളും മനസില്‍ വരും. എന്നാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നവ മാത്രമല്ല ചില പ്രതീക്ഷിക്കാത്ത ഓഹരികളും ലിസ്റ്റിലുണ്ട്.
ടാറ്റ മോട്ടോഴ്‌സ്, യെസ് ബാങ്ക്, വോഡഫോണ്‍ ഐഡിയ ഇവയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍പേര്‍ കൈവശം വച്ചിരിക്കുന്ന ഓഹരികള്‍. റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ അടുത്ത കാലത്തെ ജനപ്രിയരെ തള്ളിയാണ് ഇവര്‍ ലിസ്റ്റിലേക്ക് കടന്നത്.
ടാറ്റമോട്ടോഴ്‌സിനാണ് ഏറ്റവും കൂടുതല്‍ ഓഹരി ഉടമകളുള്ളത്. 2025 ജൂണ്‍ വരെ 67.5 ലക്ഷം ഓഹരി ഉടമകളുണ്ട്. 2020 ജൂണിനെ അപേക്ഷിച്ച് 3.4 മടങ്ങ് വര്‍ധന. 2015ലെ 4.1 ലക്ഷം ഓഹരിയുടമകളുമായി നോക്കുമ്പോള്‍ 15 മടങ്ങും വര്‍ധനയുണ്ട്.
യെസ് ബാങ്കാണ് തൊട്ടു പിന്നില്‍. ജൂണ്‍ വരെ 63.5 ലക്ഷം ഓഹരിയുടമകളാണ് ഉള്ളത്. 2020 കാലയളവിനേക്കാള്‍ രണ്ട് മടങ്ങ് വളര്‍ച്ച. ഒരു ദശാബ്ദം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ 3.5 മടങ്ങും വര്‍ധിച്ചു. 2015 ജൂണില്‍ 17.99 ലക്ഷം ഓഹരിയുടമകളായിരുന്നു യെസ് ബാങ്കിന് ഉണ്ടായിരുന്നത്.
കൂടുതല്‍ ആളുകള്‍ കൈവശം വയ്ക്കുന്ന ഓഹരി ആകുമ്പോള്‍ അതില്‍ വ്യാപാരം നടത്താനും വില്‍ക്കലോ വാങ്ങലോ നടത്താനും കൂടുതല്‍ ഏളുപ്പമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഓഹരി വിപണിയിലെ ചെറുകിട പങ്കാളിത്തം ഗണ്യമായി ഉയര്‍ന്നതാണ് പല കമ്പനിക്കും ഗുണകരമായതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ടെലികോം കമ്പനിയായ വോഡഫോണിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്കും അഞ്ച് വര്‍ഷം മുമ്പത്തേക്കാള്‍ 6.5 മടങ്ങ് വര്‍ധന രേഖപ്പെടുത്തി. പത്ത് വര്‍ഷം മുമ്പ് 2015ല്‍ 2.3 ലക്ഷം ഓഹരിയുടമകള്‍ ഉണ്ടായിരുന്നത് 27 മടങ്ങ് ഉയര്‍ന്നാണ് ഇപ്പോള്‍ 61.8 ലക്ഷമായിരിക്കുന്നത്.
മറ്റൊരു ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ ടാറ്റ സ്റ്റീല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഓഹരിയുടമകളുടെ എണ്ണത്തില്‍ ആറ് മടങ്ങ് വളര്‍ച്ച നേടി. നിലവില്‍ 58.2 ലക്ഷം ഓഹരിയുടമകളാണ് ഉള്ളത്.
വിവിധ കാരണങ്ങളാണ് ചെറുകിട നിക്ഷേപകരെ ഈ ഓഹരികളിലേക്ക് അടുപ്പിക്കുന്നത്. ചാഞ്ചാട്ടത്തിലായിരിക്കുന്ന ഓഹരിക്ക് ഒരു പ്രത്യേക മൊമന്റം ഉണ്ടാകാറുണ്ട്. യെസ് ബാങ്ക്, വോഡഫോണ്‍ പോലെയുള്ളവയ്ക്ക് മറ്റ് ഉയര്‍ന്ന മൂല്യമുള്ള ഓഹരികളുമായി നോക്കുമ്പോള്‍ വില തീരെ കുറവാണ്. ഇത് ഓഹരിയില്‍ വലിയ തിരിച്ചു വരവിന് സാധ്യതയുണ്ടെന്ന വിശ്വാസത്തിലേക്ക് നിക്ഷേപകരെ നയിക്കുന്നതാണ് ഇതിന്റെ കാരണം. ഭാവിയില്‍ ഇവ വലിയ മുന്നേറ്റം കാഴ്ചവച്ചേക്കാം എന്ന പ്രതീക്ഷയാണ് ഈ ഓഹരികളെ വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
ടാറ്റ പവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് പവര്‍, എന്‍.ടി.പി.സി, എന്‍.എച്ച്.പി.സി എന്നിവയാണ് ഓഹരി നിക്ഷേപകുടെ എണ്ണത്തില്‍ മുന്നിലുള്ള മറ്റ് ഓഹരികള്‍.
ടാറ്റ പവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് പവര്‍ എന്നിവ വര്‍ഷങ്ങളായി തന്നെ നിക്ഷേപക ശ്രദ്ധ ആകര്‍ഷിക്കുന്ന ഓഹരികളാണ്.
അഞ്ച വര്‍ഷം മുമ്പ്, അതായത് 2020 ജൂണില്‍ റിലയന്‍സ് പവര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നിവയായിരുന്നു നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരികള്‍.
ഇക്കാലയളവില്‍ റിലയന്‍സ് പവറിന്റെ ഓഹരി ഉടമകളുടെ എണ്ണം 31.1 ലക്ഷത്തില്‍ നിന്ന് 45.1 ലക്ഷമായി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ടി.സി, എച്ച്. ഡി.എഫ്.സി ബാങ്ക്, എല്‍ ആന്‍ഡ് ടി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഫോസിസ് എന്നിവ 2020ല്‍ നിക്ഷേപകരുടെ പ്രിയപ്പെട്ട 10 ഓഹരികളില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനം മറ്റ് ഓഹരികള്‍ കൈയടക്കി.
വ്യാപകമായി കൈവശം വച്ചിരിക്കുന്ന ഓഹരികളാണെങ്കിലും കമ്പനിയുടെ മൂല്യത്തില്‍ ഇത് വലിയ മാറ്റമുണ്ടാക്കുന്നില്ല. പൊതുവേ സൂക്ഷ്മബുദ്ധിയുള്ള നിക്ഷേപകര്‍ വ്യാപകമായി കൈവശം വച്ചിരിക്കുന്ന ഓഹരികള്‍ ഒഴിവാക്കുന്നതായാണ് കാണുന്നത്. പ്രത്യേകിച്ചും വിപണി ഉയര്‍ന്നിരിക്കുന്ന അവസരങ്ങളില്‍.
Tata Motors, Yes Bank, and Vodafone Idea top the list of Indian stocks with the highest number of shareholders. Retail investor interest has surged due to low prices and high growth expectations.
Read DhanamOnline in English
Subscribe to Dhanam Magazine