ടാറ്റ സൺസ് ബോർഡ് എൻ. ചന്ദ്രശേഖരന്റെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടിയതിനെ ടാറ്റ ട്രസ്റ്റുകൾ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചതോടെ ഗ്രൂപ്പിലെ ഓഹരികൾ വെള്ളിയാഴ്ച കുത്തനെ ഇടിഞ്ഞു. നേതൃതുടർച്ച, ഹോൾഡിംഗ് കമ്പനി ലിസ്റ്റിംഗ്, ട്രസ്റ്റുകളും എസ്.പി ഗ്രൂപ്പും തമ്മിലുള്ള ഭിന്നത എന്നിവ വിപണിയിൽ വലിയ അനിശ്ചിതത്വവും ചാഞ്ചാട്ടവും സൃഷ്ടിച്ചിരിക്കുകയാണ്.
എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടാനുള്ള ടാറ്റ സൺസ് ബോർഡ് തീരുമാനം നിയമവിരുദ്ധമാണെന്ന് ടാറ്റ ട്രസ്റ്റുകൾ പരസ്യമായി നിലപാട് എടുത്തതോടെ വെളളിയാഴ്ച ടാറ്റ ഗ്രൂപ്പ് ഓഹരികളിൽ വൻ ഇടിവ്. നേതൃതുടർച്ചയെക്കുറിച്ചും ഹോൾഡിംഗ് കമ്പനി ലിസ്റ്റിംഗിനെ സംബന്ധിച്ചുമുള്ള ഗ്രൂപ്പിലെ വടംവലി വിപണിയിൽ ആശങ്കയുണർത്തി.
ടാറ്റ സൺസിൽ 2.53 ശതമാനം ഓഹരി വിഹിതമുള്ള ടാറ്റ കെമിക്കൽസിന്റെ ഓഹരി വിലയിൽ 8 ശതമാനം ഇടിവ് നേരിട്ടു. ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ 5 ശതമാനം താഴ്ന്നു. ടാറ്റ ഗ്രൂപ്പിന് കീഴിലെ ഏറ്റവും വലിയ കമ്പനിയായ ടി.സി.എസിന്റെ (TCS) ഓഹരി വിലയിൽ 3.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതുപോലെ മുൻനിര സ്ഥാപനങ്ങളായ ടാറ്റ മോട്ടോഴ്‌സ്, ടാറ്റ എലക്സി (Tata Elxsi), ടാറ്റ ടെക്നോളജീസ് എന്നിവയുടെ ഓഹരികളും വെള്ളിയാഴ്ചത്തെ വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ 3 ശതമാനം വരെ ഇടിഞ്ഞു. നേരത്തെ ആർ.ബി.ഐ നിർദേശത്തെ തുടർന്ന് ടാറ്റ സൺസിന് ഐ.പി.ഒ നടത്തേണ്ടിവരുമെന്ന വാർത്ത പുറത്തുവന്നപ്പോൾ ഏറെ മുന്നേറ്റം കാഴ്ചവെച്ച ഓഹരികളുമാണിത്.
ആർ.ബി.ഐ നിർദ്ദേശങ്ങൾക്ക് പിന്നാലെ ചേർന്ന ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡ് യോഗം എൻ. ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് കൂടി എക്സിക്യൂട്ടീവ് ചെയർമാനായി വീണ്ടും നിയമിക്കാൻ ഭൂരിപക്ഷ വോട്ടിന്റെ പിൻബലത്തിൽ തീരുമാനിച്ചു. നാല് ഡയറക്ടർമാർ പിന്തുണച്ചപ്പോൾ, ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ തീരുമാനത്തെ എതിർത്തു. ടാറ്റ സൺസിന്റെ 66 ശതമാനം ഓഹരി വിഹിതം സ്വന്തമായുള്ള ടാറ്റ ട്രസ്റ്റുകൾ (Tata Trusts) ഈ തീരുമാനം നിയമപരമായി ശരിയല്ലെന്ന് വ്യക്തമാക്കി.
ചന്ദ്രശേഖരന് രണ്ട് വർഷത്തെ ഹ്രസ്വകാല കാലാവധി നോയൽ ടാറ്റ പിന്തുണച്ചിരുന്നു. 18.37 ശതമാനം ഓഹരി വിഹിതമുള്ള ഷപൂർജി പല്ലോൻജി ഗ്രൂപ്പ് (SP Group) ടാറ്റ സൺസിന്റെ പബ്ലിക് ലിസ്റ്റിംഗിനെ അനുകൂലിക്കുമ്പോൾ, ടാറ്റ ട്രസ്റ്റുകൾ കമ്പനിയുടെ സ്വകാര്യ സ്വഭാവം നിലനിർത്താൻ വാദിക്കുന്നു.
മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണറുടെ ഉത്തരവിനെത്തുടർന്ന് സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെ ഇടപെടലുകൾ വിലക്കപ്പെട്ടത്, ടാറ്റ ഗ്രൂപ്പിൽ ഭരണപരമായ അനിശ്ചിതത്വത്തിന് വഴിവെച്ചു. ക്വാറം തികയാത്തതിനെ തുടർന്ന് വാർഷിക പൊതുയോഗം (AGM) മാറ്റിവെക്കേണ്ടി വന്നു. ബോർഡിലെ ട്രസ്റ്റ് നോമിനികളായ നോയൽ ടാറ്റയും വേണു ശ്രീനിവാസനും വിരുദ്ധ ചേരികളിൽ നിലയുറപ്പിച്ച് എതിർപക്ഷങ്ങളിൽ വോട്ട് ചെയ്തത് ശ്രദ്ധേയമായി. എൻ. ചന്ദ്രശേഖരൻ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോൾ, സെഷൻ ചെയർമാൻ ഹരീഷ് മൻവാനി തന്റെ കാസ്റ്റിംഗ് വോട്ട് ഉപയോഗിച്ചാണ് തീരുമാനമെടുത്തത്. എന്നാൽ, ഈ വോട്ടിംഗിന്റെ നിയമസാധുത ട്രസ്റ്റുകൾ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്.
അതേസമയം ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിലെയും ട്രസ്റ്റുകളിലെയും ഭരണപരമായ തർക്കങ്ങളും അനിശ്ചിതത്വവും ടാറ്റ ഗ്രൂപ്പ് ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തിലും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിയമപരമായ കാര്യങ്ങളിൽ വ്യക്തത വരുന്നതുവരെ ടാറ്റ ഗ്രൂപ്പ് ഓഹരികൾ ഉയർന്ന ചാഞ്ചാട്ടത്തിന്റെ (Volatility) നിഴലിലായിരിക്കുമെന്നാണ് വിപണി അനലിസ്റ്റുകളുടെ വിലയിരുത്തൽ.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine