ഓഹരി ഏറ്റെടുക്കലും ബിസിനസ് വിഭാഗങ്ങളുടെ കൈമാറ്റവും സംയോജിപ്പിച്ചുള്ള വൻ കോർപ്പറേറ്റ് ഇടപാടിലൂടെ ഇന്ത്യൻ സ്റ്റീൽ മേഖലയിലെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കാനൊരുങ്ങി ടാറ്റ സ്റ്റീൽ (BSE: 500470, NSE: TATASTEEL). ഈ ഇടപാടിന്റെ ഭാഗമായി ടാറ്റ സ്റ്റീലിന്റെ ട്യൂബ്സ് വിഭാഗം ബിസിനസും ഉപകമ്പനിയായ ടാറ്റ സ്റ്റീൽ കളേഴ്സിലെ മുഴുവൻ ഓഹരിയും എപിഎൽ അപ്പോളോ ട്യൂബ്സ് (BSE: 533758, NSE: APLAPOLLO) സ്വന്തമാക്കും.
ഇതിന് പകരമായി എപിഎൽ അപോളോയിൽ ഭൂരിപക്ഷ ഓഹരി പങ്കാളിത്തവും ഭരണനിയന്ത്രണവും ടാറ്റ സ്റ്റീൽ നേടും. മൂന്ന് ഘട്ടങ്ങളായുള്ള ഈ ഇടപാട്, ദീർഘകാലാടിസ്ഥാനത്തിൽ ടാറ്റ സ്റ്റീലിന് തന്ത്രപരമായ നേട്ടം സമ്മാനിക്കുമെന്നാണ് വിലയിരുത്തലെങ്കിലും എപിഎൽ അപ്പോളോയിലെ ചെറുകിട ഓഹരി ഉടമകൾക്കിടയിൽ ചില ആശങ്കകൾ ഉയർന്നിട്ടുണ്ട്. ടാറ്റ സ്റ്റീലിന്റേയും എപിഎൽ അപ്പോളോ ട്യൂബ്സും തമ്മിലുള്ള ഇടപാട് സംബന്ധിച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇരു കമ്പനികളുടെയും ഓഹരി വിലയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി.
നവംബർ 22-ന് ധാരണയിലെത്തിയ കരാർ പ്രകാരം, ടാറ്റ സ്റ്റീലിന്റെ ട്യൂബ്സ് വിഭാഗം ബിസിനസ് 11,700 കോടി രൂപയും ടാറ്റ സ്റ്റീൽ കളേഴ്സിലെ മുഴുവൻ ഓഹരിക്കുമായി 16,300 കോടി രൂപയും വീതം നൽകിയാണ് എപിഎൽ അപ്പോളോ ഏറ്റെടുക്കുക. പണമായിട്ടായിരിക്കും (all-cash deal) ഈ തുക കൈമാറുക. ഇതോടെ ആകെ ഇടപാടുമൂല്യം 28,000 കോടി രൂപ വരെയാകാം.
ഇതിന് പിന്നാലെ, എപിഎൽ അപ്പോളോയുടെ പ്രമോട്ടർ ഗ്രൂപ്പായ 'എസ് ഗുപ്ത ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിൽ' നിന്ന് 26.38 ശതമാനം ഓഹരികൾ 15,511 കോടി രൂപയ്ക്ക് ടാറ്റ സ്റ്റീൽ വാങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ, പൊതുഓഹരി ഉടമകളിൽ നിന്ന് 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കുന്നതിനായി ഓഹരിയൊന്നിന് 2,301.40 രൂപ നിരക്കിൽ നിർബന്ധിത ഓപ്പൺ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന് പൂർണ തോതിലുള്ള പ്രതികരണം നിക്ഷേപകരിൽ നിന്നും ലഭിക്കുകയാണെങ്കിൽ 16,756 കോടി രൂപ കൂടി ടാറ്റ സ്റ്റീൽ ചെലവഴിക്കേണ്ടിവരും. അങ്ങനെയെങ്കിൽ, എപിഎൽ അപ്പോളോയിലെ ടാറ്റ സ്റ്റീലിന്റെ ആകെ നിക്ഷേപം 32,266 കോടി രൂപയും ടാറ്റ സ്റ്റീലിന്റെ ഓഹരി പങ്കാളിത്തം 52.38 ശതമാനം വരെയും ഉയരാം.
ഓഹരി കൈമാറ്റ- ഏറ്റെടുക്കൽ ഇടപാടുകളുടെ പ്രഖ്യാപനത്തിനു പിന്നാലെ തിങ്കളാഴ്ചത്തെ (നവംബർ 23) വ്യാപാരത്തിൽ എപിഎൽ അപ്പോളോ ഓഹരികൾ ഏകദേശം 20 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ആകെ ഓഹരി വിഹിതത്തിന്റെ പത്തു ശതമാനത്തോളം (2.77 കോടി ഓഹരികൾ) പ്രതിയോഹരി 2,100 രൂപ നിരക്കിൽ 5,825 കോടി രൂപ ചെലവിട്ട് നടന്ന ബ്ലോക്ക് ഡീലിലൂടെ കൈമാറിയതും എപിഎൽ അപ്പോളോ ഓഹരിയിലെ വിൽപന സമ്മർദം ശക്തമാക്കി. മറുവശത്ത് ടാറ്റ സ്റ്റീൽ ഓഹരികൾ 8.5 ശതമാനത്തിലേറെ താഴ്ന്നു. 2026-ൽ ഇതുവരെയായി എപിഎൽ അപ്പോളോ ഓഹരിയിൽ 13.3 ശതമാനവും ടാറ്റ സ്റ്റീൽ ഓഹരിയിൽ 10.5 ശതമാനം വീതവും തിരുത്തൽ നേരിട്ടിട്ടുണ്ട്.
എപിഎൽ അപ്പോളോയുടെ പ്രൊമോട്ടർമാർ മാറുന്നതോടെ ഓഹരിക്ക് ഇതുവരെ വിപണിയിൽ ലഭിച്ചിരുന്ന വാല്യുവേഷൻ പ്രീമിയം (ഉയർന്ന മൂല്യനിർണയ ആനുകൂല്യം) കുറയാമെന്നാണ് ഒരുവിഭാഗം അനലിസ്റ്റുകളുടെ പ്രാഥമിക വിലയിരുത്തൽ. കമ്പനിയുടെ 'എന്റർപ്രൈസ് വാല്യു/എബിറ്റ്ഡ' (EV/EBITDA) നിരക്ക് നിലവിലുണ്ടായിരുന്ന 25–26 മടങ്ങിൽ നിന്നും 20 മടങ്ങിലേക്ക് താഴാമെന്നാണ് അനലിസ്റ്റുകളുടെ അനുമാനം.
കമ്പനിയിൽ പൊതു ഓഹരിയുടമകൾക്ക് ഏകദേശം 72 ശതമാനം പങ്കാളിത്തമുള്ളപ്പോൾ ഓപ്പൺ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്, 26 ശതമാനം ഓഹരികൾക്ക് മാത്രമാണ്. അതിനാൽ, ഓഫറിന് വൻ പ്രതികരണമുണ്ടായാൽ, നിക്ഷേപകർക്ക് തങ്ങളുടെ പക്കലുള്ള മുഴുവൻ ഓഹരികളും വിറ്റൊഴിയാൻ കഴിയണമെന്നില്ല. മറുവശത്ത് ടാറ്റയിൽ നിന്നും ബിസിനസ് വിഭാഗങ്ങൾ ഏറ്റെടുക്കുന്നതിനായുള്ള 28,000 കോടി രൂപ എപിഎൽ അപ്പോളോ എങ്ങനെ കണ്ടെത്തുമെന്നതും നിർണായകമാണ്.
ഈ വലിയ തുക കണ്ടെത്തുന്നതോടെ എപിഎൽ അപ്പോളോയുടെ അറ്റാദായത്തിലും വരുമാന കണക്കുകളിലും വലിയ കുറവുണ്ടായേക്കാമെന്ന് മറ്റൊരു വിഭാഗം അനലിസ്റ്റുകൾ നൽകുന്ന മുന്നറിയിപ്പ്. ഇടപാടുമായി ബന്ധപ്പെട്ട കടത്തിന്റെ വലിയൊരു ഭാഗം തുടക്കത്തിൽ എപിഎൽ അപ്പോളോയുടെ ബാലൻസ് ഷീറ്റിലായിരിക്കുമെന്നും ടാറ്റ സ്റ്റീലിന്റെ കണക്കുകളിലേക്ക് ഇതു ഏകീകരിക്കാൻ 12 മുതൽ 15 മാസം വരെ വേണ്ടിവന്നേക്കാമെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഹ്രസ്വകാലയളവിൽ സാമ്പത്തികമായി സമ്മർദം നേരിടാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഈ ഇടപാട് ടാറ്റ സ്റ്റീലിന് തന്ത്രപരമായി വലിയ നേട്ടം സമ്മാനിക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. 50 ലക്ഷം ടണ്ണിലധികം വരുന്ന മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണ ശേഷിയിലേക്ക് (ഡൗൺസ്ട്രീം) നേരിട്ടുള്ള പ്രവേശനമാണ് ഇതിൽ നിന്നുള്ള പ്രധാന നേട്ടം.
ഇടപാട് വിജയകരമായി പൂർത്തിയായാൽ ടാറ്റ സ്റ്റീലിന്റെയും എപിഎൽ അപ്പോളോയുടെയും സംയുക്ത ഉത്പാദന ശേഷി 75 ലക്ഷം ടണ്ണിലെത്തും. നിലവിലുള്ള പ്ലാന്റുകളുടെ നവീകരണത്തിലൂടെയും വികസനത്തിലൂടെയും (ബ്രൗൺഫീൽഡ്) ഇത് ആദ്യം 105 ലക്ഷം ടണ്ണിലേക്കും പിന്നീട് 150 ലക്ഷം ടണ്ണിലേക്കും ഉയർത്താനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിലൂടെ രാജ്യത്തെ ഡൗൺസ്ട്രീം സ്റ്റീൽ വിപണിയിൽ ശക്തമായ സ്ഥാനം ഉറപ്പിക്കാൻ ടാറ്റ സ്റ്റീലിനു കഴിയുമെന്നാണ് പ്രതീക്ഷ.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Tata Steel has agreed to transfer its tubes business and Tata Steel Colors stake to APL Apollo, while seeking majority ownership and control of APL Apollo through a separate share acquisition and open offer.
Read DhanamOnline in English
Subscribe to Dhanam Magazine