Photo : Tata / Facebook 
Markets

ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഒരു കമ്പനികൂടി ഓഹരി വിപണിയിലേക്ക്

ടാറ്റ മോട്ടോഴ്‌സിന് കീഴിലുള്ള കമ്പനിയുടെ ഐപിഒ 2023 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. 2004ലെ ടിസിഎസ് ലിസ്റ്റിംഗിന് ശേഷം ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഒരു കമ്പനിയും ഓഹരി വിപണിയിലേക്ക് എത്തിയിട്ടില്ല

Dhanam News Desk

ടാറ്റ മോട്ടോഴ്‌സിന്റെ ഉപകമ്പനിയായ ടാറ്റ ടെക്‌നോളജീസ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) ഒരുങ്ങുന്നു. ഐപിഒയ്ക്കുള്ള ഒരുക്കങ്ങള്‍ ടാറ്റ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലാവും ടാറ്റ ടെക്‌നോളജീസ് ഐപിഒയ്ക്ക് എത്തുക.

ഈ വര്‍ഷം ജൂലൈയില്‍ ടാറ്റ ടെക്‌നോളജീസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രോഡക്ട് എഞ്ചിനീയറിംഗ്, ഡിസൈന്‍, ഡിജിറ്റല്‍ സര്‍വീസസ് കമ്പനിയാണ് ടാറ്റ മോട്ടോഴ്‌സിന് കീഴിലുള്ള ടാറ്റ ടെക്‌നോളജീസ്. 2022 അവസാനമായിരിക്കും ഐപിഒയക്കുള്ള ഡ്രാഫ്റ്റ് പേപ്പര്‍ സെബി്ക്ക് കമ്പനി സമര്‍പ്പിക്കുക. ഐപിഒയിലൂടെ സ്ഥാപനത്തിലെ 10 ശതമാനം ഓഹരികള്‍ ടാറ്റ വിറ്റേക്കും.

നിലവില്‍ ടാറ്റ ടെക്‌നോളജീസില്‍ 72.48 ശതമാനം ഓഹരികളാണ് ടാറ്റ മോട്ടോഴ്‌സിനുള്ളത്. ആല്‍ഫ ടിസി ഹോള്‍ഡിംഗ്‌സിന്റെ കൈവശമാണ് 8.96 ശതമാനം ഓഹരികള്‍. മിച്ചമുള്ള ഓഹരികള്‍ മറ്റ് ടാറ്റ കമ്പനികളുടെ പേരിലാണ്. 2004ന് ശേഷം ഇതുവരെ ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഒരു കമ്പനിയും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ല.

വാള്‍ട്ട് ഡിസ്‌നി ഗ്രൂപ്പിന് 29.8 ശതമാനം നിക്ഷേപമുള്ള ടാറ്റ പ്ലേ ഈ മാസം ഐപിഒയ്ക്കുള്ള പേപ്പറുകള്‍ സെബിക്ക് സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ടാറ്റ പ്ലേയുടെ 60 ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിന് കീഴിലാണ്. 3,200 കോടി രൂപയോളം ടാറ്റ പ്ലേ ഐപിഒയിലൂടെ സമാഹരിക്കാനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 2004ല്‍ ടിസിഎസ് ലിസ്റ്റിംഗിന് ശേഷം ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഒരു കമ്പനിയും ഓഹരി വിപണിയിലേക്ക് എത്തിയിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT