ഇൻസൈറ്റിൽ ടാറ്റ ട്രസ്റ്റുകളുടെ ചെയർമാൻ നോയൽ ടാറ്റ Image Source: Canva/tata.com
Markets

ടാറ്റ സൺസിന്റെ ലിസ്റ്റിംഗ് ഒഴിവാക്കാൻ 'പ്ലാൻ ബി': അനുബന്ധ കമ്പനികളെ ലയിപ്പിച്ച് സ്വകാര്യ പദവി നിലനിർത്താൻ ടാറ്റ ട്രസ്റ്റിന്റെ നീക്കം

പൊതുവിപണിയിൽ ടാറ്റ സൺസിന്റെ നിർബന്ധിത ലിസ്റ്റിംഗ് ഒഴിവാക്കാൻ TESS, TCE എന്നിവ ലയിപ്പിച്ച് NBFC, CIC പദവികൾ ഇല്ലാതാക്കാനുള്ള പദ്ധതിയാണ് ടാറ്റ ട്രസ്റ്റുകൾ മുന്നോട്ടുവെച്ചിരിക്കുന്നത്

Dhanam News Desk

ടാറ്റ സൺസിന്റെ പ്രവർത്തന വരുമാനം, ആസ്തി ഘടന എന്നിവ പുനർക്രമീകരിച്ച് എൻബിഎഫ്‌സി, കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി എന്ന നിർവചനങ്ങളിൽ നിന്ന് പുറത്തുവരാൻ ടാറ്റ ട്രസ്റ്റുകൾ ശ്രമിക്കുന്നു. ലയനത്തോടെ പ്രവർത്തന വരുമാനം ടാറ്റ സൺസിന്റെ മൊത്തം വരുമാനത്തിന്റെ ഭൂരിഭാഗമാകുകയും ഗ്രൂപ്പ് നിക്ഷേപങ്ങളുടെ വിഹിതം 90 ശതമാനത്തിൽ താഴെയാകുകയും ചെയ്യും. ആർബിഐയുടെ അനുമതിയും എസ്.പി ഗ്രൂപ്പിന്റെ നിലപാടും ഈ തന്ത്രത്തിന്റെ വിജയത്തിൽ നിർണായകമാകും.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) കർശന നിർദ്ദേശങ്ങളെത്തുടർന്ന്, ടാറ്റ ​ഗ്രൂപ്പ് കമ്പനികളുടെ മുഖ്യ പ്രൊമോട്ടർ സ്ഥാപനമായ ടാറ്റ സൺസ് പ്രാരംഭ പൊതു ഓഹരി വിൽപ്പനയ്ക്ക് (IPO) ഒരുങ്ങുന്നതിനിടെ, കമ്പനിയെ ​സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ പുതിയ ഘടനാപരമായ ബദൽ നിർദ്ദേശവുമായി ഭൂരിപക്ഷ ഓഹരി ഉടമകളായ ടാറ്റ ട്രസ്റ്റുകൾ രംഗത്ത്. നോയൽ ടാറ്റയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുകൾ, ഗ്രൂപ്പിന്റെ ഭാ​ഗമായ രണ്ട് പ്രധാന അനുബന്ധ കമ്പനികളെ ടാറ്റ സൺസിൽ ലയിപ്പിക്കാനുള്ള പദ്ധതിയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.

ടാറ്റ ഇലക്ട്രോണിക്സ് സിസ്റ്റംസ് സൊല്യൂഷൻസ് (TESS), ടാറ്റ കൺസൾട്ടിംഗ് എൻജിനീയേഴ്സ് (TCE) തുടങ്ങിയ പൂർണ്ണ ഉടമസ്ഥതയിലുള്ള ഓപ്പറേറ്റിം​ഗ് കമ്പനികളെയാണ് ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിൽ ലയിപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിലൂടെ സ്ഥാപനത്തിന്റെ എൻ.ബി.എഫ്.സി (NBFC), കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി (CIC) എന്നീ പദവികൾ ഇല്ലാതാക്കി, ആർ.ബി.ഐ നിഷ്കർഷിക്കുന്ന നിർബന്ധിത ലിസ്റ്റിംഗ് ചട്ടങ്ങളിൽ നിന്ന് ഒഴിവാകുകയാണ് ലക്ഷ്യം.

സാമ്പത്തിക ഘടന മാറ്റിയെഴുതുന്ന കണക്കുകൾ

2026 മാർച്ച് 31-ലെ സാമ്പത്തിക വിവരങ്ങൾ അടിസ്ഥാനമാക്കി ടാറ്റ ട്രസ്റ്റുകൾ തയ്യാറാക്കിയ കണക്കുകൾ ടാറ്റ സൺസിന്റെ ഘടനയിൽ വലിയ മാറ്റം വരുത്തുന്നു:

  • പ്രവർത്തന വരുമാനം: ലയനത്തോടെ കമ്പനിയുടെ പ്രവർത്തന വരുമാനം ₹1,05,043 കോടിയാകും; സാമ്പത്തിക ആസ്തികളിൽ നിന്നുള്ള വരുമാനം ₹40,072 കോടിയും. പ്രവർത്തന വരുമാനം മൊത്തം വരുമാനത്തിന്റെ 64.3 ശതമാനമായി ഉയരുന്നതോടെ, ഒരു എൻ.ബി.എഫ്.സി ആയി കണക്കാക്കാനുള്ള മാനദണ്ഡങ്ങളിൽ നിന്ന് കമ്പനി പുറത്താകും.

  • ആസ്തി ഘടന: മൊത്തം ആസ്തിയായ 2,00,158 കോടി രൂപയിൽ മറ്റ് ഗ്രൂപ്പ് കമ്പനികളിലെ നിക്ഷേപം 1,77,120 കോടി രൂപ മാത്രമായിരിക്കും. ഇത് 90 ശതമാനത്തിൽ താഴെയായതിനാൽ സി.ഐ.സി (കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി) എന്ന നിർവ്വചനവും ബാധകമാകില്ല.

ലയനം പൂർത്തിയാകുന്നതോടെ സി.ഐ.സി രജിസ്ട്രേഷൻ സറണ്ടർ ചെയ്യാനും, ഇതിനായി ആർ.ബി.ഐയുടെ മുൻകൂർ എൻ.ഒ.സി (NOC) തേടാനും ടാറ്റ സൺസ് ബോർഡിനോട് ട്രസ്റ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

പരമ്പരാഗത പ്രവർത്തന മാതൃകയിലേക്കുള്ള മടക്കം

ഇതൊരു കേവല റെഗുലേറ്ററി തന്ത്രമല്ലെന്നും ടാറ്റ സൺസിന്റെ പാരമ്പര്യത്തിലേക്കുള്ള മടക്കമാണെന്നുമാണ് ടാറ്റ ട്രസ്റ്റുകളുടെ വാദം. നൂറിലധികം വർഷത്തെ ചരിത്രത്തിൽ 80 വർഷത്തോളം ടാറ്റ സൺസ് നേരിട്ട് ബിസിനസുകൾ നടത്തുന്ന ഒരു ഓപ്പറേറ്റിംഗ് കമ്പനിയായിരുന്നു. 2004-ൽ ടി.സി.എസ് (TCS) വേർപെടുത്തുന്നത് വരെ ടാറ്റ സൺസിന്റെ ഒരു വിഭാഗമായിരുന്നു. അതിനുശേഷമാണ് ഇതൊരു പൂർണ തോതിലുള്ള ഹോൾഡിംഗ് കമ്പനിയായി മാറിയത്. സ്വകാര്യ ലിമിറ്റഡ് കമ്പനി എന്ന പദവി നിലനിർത്താൻ ടാറ്റ സൺസിന് മുന്നിൽ ഇനിയും നിയമപരമായ സാധ്യതകൾ ബാക്കിയുണ്ടെന്നാണ് നോയൽ ടാറ്റയുടെ പക്ഷം.

നേരിടേണ്ട പ്രധാന വെല്ലുവിളികൾ

ടാറ്റ ട്രസ്റ്റുകളുടെ ഈ നീക്കം വിജയിക്കണമെങ്കിൽ രണ്ട് നിർണ്ണായക ഘടകങ്ങൾ അനുകൂലമാകണം:

  • ആർ.ബി.ഐ നിലപാട്: കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി (സി.ഐ.സി) എന്ന പദവി ഒഴിവാക്കാനുള്ള ടാറ്റയുടെ മുൻ അപേക്ഷ തള്ളിയ റിസർവ് ബാങ്ക്, ലിസ്റ്റിംഗ് ഒഴിവാക്കാൻ വേണ്ടിയുള്ള പെട്ടെന്നുള്ള ടാറ്റ ​ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ലയന നീക്കത്തിന് അനുമതി നൽകുമോ എന്നത് സംശയകരമാണ്.

  • ഷപൂർജി പല്ലോൺജി (SP) ഗ്രൂപ്പിന്റെ എതിർപ്പ്: 18.4 ശതമാനം ഓഹരി പങ്കാളിത്തമുള്ള എസ്.പി ഗ്രൂപ്പ് തങ്ങളുടെ കടബാധ്യതകൾ തീർക്കാൻ ലിസ്റ്റിംഗിലൂടെയുള്ള എക്സിറ്റ് ആഗ്രഹിക്കുന്നതിനാൽ ഈ ലയന നീക്കത്തെ എതിർക്കാനിടയുണ്ട്.

റിസർവ് ബാങ്കിന്റെയും ഡയറക്ടർ ബോർഡിന്റെയും തീരുമാനങ്ങൾക്കനുസരിച്ചായിരിക്കും ടാറ്റ സൺസിന്റെ ഭാവി ഘടനയും ലിസ്റ്റിംഗ് നടപടികളും നിശ്ചയിക്കപ്പെടുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT