Represenational Image by Canva 
Markets

രത്തൻ ടാറ്റയുടെ ചരമവാർഷികം: വാര്‍ത്താസമ്മേളനം റദ്ദാക്കി ടി.സി.എസ്; എച്ച്-1ബി വീസ ഫീസ്, പിരിച്ചുവിടലുകൾ, ലാഭവിഹിതം തുടങ്ങിയവ കൊണ്ട് രണ്ടാം പാദ ഫലങ്ങള്‍ ശ്രദ്ധേയം, ഓഹരി നേട്ടത്തില്‍

ഓഹരി ഉടമകൾക്ക് രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഡയറക്ടര്‍ ബോർഡ് പരിഗണിക്കും

Dhanam News Desk

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി സര്‍വീസസ് കമ്പനികളിലൊന്നായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS) 2026 സാമ്പത്തിക വർഷത്തിലെ സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനം റദ്ദാക്കി. ടാറ്റ സൺസിന്റെ മുൻ ചെയർമാനും ടാറ്റ ഗ്രൂപ്പിലെ പ്രമുഖ വ്യക്തിത്വവുമായ രത്തൻ ടാറ്റയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയത്.

ടിസിഎസ് തുടർച്ചയായി രണ്ടാം വർഷമാണ് പാദഫലവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനം റദ്ദാക്കുന്നത്. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ വിയോഗത്തെത്തുടർന്ന് കമ്പനി രണ്ടാം പാദ വാര്‍ത്താസമ്മേളനം റദ്ദാക്കിയിരുന്നു. നാളെ (ഒക്ടോബര്‍ 9) നടക്കുമെന്ന് അറിയിച്ച വാര്‍ത്താസമ്മേളനമാണ് കമ്പനി റദ്ദാക്കിയത്.

പാദ ഫലങ്ങള്‍ ശ്രദ്ധേയമാകുന്നു

അതേസമയം, അനലിസ്റ്റ് കോൾ അതേ ദിവസം തന്നെ നടക്കുമെന്ന് ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിൽ H-1B വീസ ഫീസ് വർദ്ധന ഏർപ്പെടുത്തിയതിനു ശേഷമുള്ള ആദ്യത്തെ വരുമാന പ്രഖ്യാപനമായതിനാൽ വരാനിരിക്കുന്ന ഫലങ്ങൾ ടിസിഎസിന് വളരെ പ്രധാനമാണ്. കമ്പനിയുടെ ഡയറക്ടര്‍ ബോർഡ് ഓഹരി ഉടമകൾക്ക് രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നതും പരിഗണിക്കും.

2025 ൽ എച്ച്-1ബി വീസകളുടെ രണ്ടാമത്തെ വലിയ ഗുണഭോക്താവ് ആയിരുന്നു ടിസിഎസ്. ജൂൺ വരെ 5,000-ത്തിലധികം വീസകളാണ് കമ്പനിക്ക് ലഭിച്ചത്. കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം H-1B വീസകള്‍ക്കുളള ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയത് ഇന്ത്യൻ ഐടി സ്ഥാപനങ്ങളെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്.

ഓഗസ്റ്റ് 27 മുതൽ ഇന്ത്യൻ ഇറക്കുമതികൾക്ക് യുഎസ് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് വരുന്നത് എന്ന രീതിയില്‍ കൂടി ശ്രദ്ധേയമാകുകയാണ് ഫലങ്ങൾ. ഈ വർഷം ജൂലൈയിൽ ആഗോള തലത്തില്‍ 12,000 ജീവനക്കാരെ കുറക്കുന്നത് സംബന്ധിച്ചുളള പദ്ധതികളും ടിസിഎസ് അറിയിച്ചിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ ശക്തി കുറയ്ക്കലുകളിൽ ഒന്നാണ് ഇത്.

ഓഹരി

രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് (ഒക്ടോബർ 8) ടിസിഎസ് ഓഹരി ഉയർന്നു. ഓഹരി ഇന്‍ട്രാഡേയില്‍ ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കായ 3042 രൂപയിൽ എത്തിയിരുന്നു. ഉച്ചക്ക് ശേഷമുളള വ്യാപാരത്തില്‍ ഓഹരി 1.78 ശതമാനം ഉയര്‍ന്ന് 3,025 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

TCS cancels Q2 press conference to mark Ratan Tata’s death anniversary; earnings in focus amid H-1B fee hike and layoffs.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT