ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് സാമ്രാജ്യമായ ടാറ്റാ ഗ്രൂപ്പ്, അതിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സമ്മർദ്ദ ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയും ടാറ്റ ശൃംഖലയിൽ വിപണി മൂല്യത്തിൽ ഒന്നാമതുള്ളതുമായ ടി.സി.എസ് (BSE: 532540, NSE: TCS) ഓഹരിയുടെ തകർച്ചയും ടാറ്റ സ്ഥാപനങ്ങളുടെ പ്രൊമോട്ടറും മുഖ്യ ഇൻവെസ്റ്റിങ് ഹോൾഡിംഗ് കമ്പനിയുമായ ടാറ്റാ സൺസിലെ ഭരണപരമായ അനിശ്ചിതത്വങ്ങളും കൂടിച്ചേർന്നാണ് 26 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള ടാറ്റ ഗ്രൂപ്പിനെ സാമ്പത്തികമായ സന്ദിഗ്ധ ഘട്ടത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിൽ നിക്ഷേപകർ ഇനി ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളും ടി.സി.എസിന്റേയും ടാറ്റ ഗ്രൂപ്പിന്റെയും ഭാവി സാധ്യതകളും എങ്ങനെയെന്ന് വിശദമായി പരിശോധിക്കാം.
2024 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ടി.സി.എസ് ഓഹരിയുടെ സർവകാല റെക്കോഡ് വിലനിലവാരമായ 4,592 രൂപയിൽ നിന്നും 52 ശതമാനം താഴെയായി 2,200 രൂപ നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഈ വർഷം ഇതുവരെയുള്ള കാലയളവിനിടെ മാത്രം 35 ശതമാനം നഷ്ടവും നേരിട്ടു. 2025-26 സാമ്പത്തിക വർഷത്തിൽ ടി.സി.എസിന്റെ വരുമാനം 4.58 ശതമാനം വളർച്ചയോടെ 2.67 ലക്ഷം കോടി രൂപയായെങ്കിലും അറ്റലാഭം വെറും 1.35 ശതമാനം വർധിച്ച് 49,210 കോടി രൂപയിലേക്ക് ഒതുങ്ങി. കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ തൊഴിൽ നിയമം, എ.ഐ സാങ്കേതികവിദ്യയിലേക്കുള്ള പുനഃസംഘടന, നിയമ നടപടികൾ എന്നിവയൊക്കെ കാരണമുള്ള ചെലവുകൾ കമ്പനിയുടെ ലാഭത്തെ പ്രതികൂലമായി ബാധിച്ചു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയങ്ങളും എച്ച്-1ബി വിസ നിയന്ത്രണങ്ങളും യു.എസ് വിപണിയെ ആശ്രയിച്ച് നിൽക്കുന്ന ഐടി സേവന മേഖലയുടെ വളർച്ചയ്ക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. എന്നിരുന്നാലും കമ്പനിയുടെ വാർഷിക എ.ഐ വരുമാനം 28 ശതമാനം വർധിച്ച് 230 കോടി ഡോളർ (ഏകദേശം 22,000 കോടി രൂപ) ആയി ഉയർന്നത്, ടി.സി.എസിന്റെ ഭാവിയിലെ തിരിച്ചുവരവിനുള്ള പ്രതീക്ഷ നൽകുന്നുണ്ടെന്നാണ് പൊതുവായ വിലയിരുത്തൽ.
ടാറ്റാ ഗ്രൂപ്പിന് ചുക്കാൻ പിടിക്കുന്ന ടാറ്റ സൺസിന്റെ മുഖ്യവരുമാന സ്രോതസ്സ്, ഉപകമ്പനികളിൽ നിന്നുള്ള ലാഭവിഹിതമാണ്. 2024-25 സാമ്പത്തിക വർഷത്തിൽ ടാറ്റാ സൺസിന്റെ മൊത്തം വരുമാനം 38,835 കോടി രൂപയാണ്. ലാഭവിഹിത ഇനത്തിൽ മാത്രം ടാറ്റ സൺസിന് കിട്ടിയ ആകെ വരുമാനം 36,149 കോടിയാണ്. ഇതിൽ 32,184 കോടി രൂപയും നൽകിയത് ടി.സി.എസ് മാത്രമാണ്. അതായത് ടാറ്റ സൺസിന്റെ ഡിവിഡന്റ് വരുമാനത്തിന്റെ 89 ശതമാനവും മൊത്തം വരുമാനത്തിന്റെ 83 ശതമാനവും നൽകുന്നത് ടി.സി.എസ് ആണെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ ടാറ്റ സൺസിന്റെ സാമ്പത്തിക ഭദ്രത, ഒരുപരിധി വരെ ടി.സി.എസിനെ ആശ്രയിച്ചുകൊണ്ടാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും പറയാം.
ഈയൊരു പശ്ചാത്തലത്തിൽ ഏതെങ്കിലും വിധത്തിൽ (എ.ഐയിലേക്ക് കൂടുതൽ നിക്ഷേപം മാറ്റിവെക്കുന്നതു പോലുള്ള നടപടികൾ) ടി.സി.എസിൽ നിന്നുള്ള ലാഭവിഹിതം കുറയുന്നത് സെമികണ്ടക്ടർ, ഏവിയേഷൻ തുടങ്ങിയ പുതിയ മേഖലകളിലേക്കുള്ള ടാറ്റ ഗ്രൂപ്പിന്റെ വൻകിട നിക്ഷേപങ്ങളെ നേരിട്ട് ബാധിക്കാനുള്ള സാധ്യതയും അവശേഷിക്കുന്നുണ്ട്. എന്നിരുന്നാലും ടാറ്റാ സൺസ് ഏറെക്കുറെ കടബാധ്യതകളില്ലാത്ത നിലയിലാണെന്നത് ആശ്വാസകരമാണ്.
എൻ. ചന്ദ്രശേഖരന്റെ ചെയർമാൻ കാലാവധി നീട്ടിക്കൊടുക്കുന്ന കാര്യത്തിൽ ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡിന് ഇതുവരെ അന്തിമ തീരുമാനം കൈക്കൊള്ളാൻ സാധിക്കാത്തത് ടാറ്റ ഗ്രൂപ്പിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. 2027 ഫെബ്രുവരി വരെയാണ് ടാറ്റ കുടുംബത്തിന്റെ പുറത്തുനിന്നും ആദ്യമായി ടാറ്റ സൺസിന്റെ ചെയർമാനായ എൻ. ചന്ദ്രശേഖരന്റെ കാലാവധിയുള്ളത്. അതുപോലെ എയർ ഇന്ത്യയുടെ പ്രവർത്തനം, പുതിയ നിക്ഷേപങ്ങളുടെ വേഗത എന്നിവയിൽ ടാറ്റ സൺസിന്റെ ഉടമസ്ഥരായ ടാറ്റ ട്രസ്റ്റുകളുടെ അധ്യക്ഷനായ നോയൽ ടാറ്റ ഉന്നയിച്ച ആശങ്കകൾ, ഗ്രൂപ്പിനുള്ളിലെ ആഴത്തിലുള്ള തർക്കങ്ങൾക്ക് തെളിവാണ്. അതുപോലെ ഷപൂർജി പല്ലോൺജി (എസ്.പി) ഗ്രൂപ്പിന്റെ 18.4 ശതമാനം ഓഹരി നിക്ഷേപം സംബന്ധിച്ച തർക്കവും ടാറ്റ ട്രസ്റ്റിലെ ആഭ്യന്തര ഭിന്നതകളും ഭരണപരമായ തടസ്സങ്ങൾ വർധിപ്പിക്കുന്നു.
ടി.സി.എസിന്റെ മൊത്തം കരാറുകൾ (TCV) 500 കോടി ഡോളറിന് മുകളിലാണോ എന്ന് പരിശോധിക്കുക; എ.ഐ വരുമാനത്തിലെ വളർച്ച നിലനിർത്താൻ ടി.സി.എസിന് സാധിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക; ടാറ്റാ സൺസിന്റെ നേതൃത്വവും ഓഹരി ഉടമസ്ഥതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കപ്പെടുന്നുണ്ടോ എന്ന് ട്രാക്ക് ചെയ്യുക; ടാറ്റാ സൺസിന്റെ കടബാധ്യതകൾ വീണ്ടും വർധിക്കുന്നുണ്ടോ എന്നതും ശ്രദ്ധിക്കുക; ടാറ്റ ഇലക്ട്രോണിക്സിന്റെ സെമികണ്ടക്ടർ പദ്ധതികളുടെ നിർമ്മാണ പുരോഗതിയും എയർ ഇന്ത്യയുടെ പ്രവർത്തനക്ഷമതയും നഷ്ടക്കണക്കുകളും നിരീക്ഷിക്കുക എന്നിങ്ങനെ ടാറ്റ ഗ്രൂപ്പ് ഓഹരികളിൽ നിക്ഷേപമുള്ളവർ പൊതുവായി ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളെ കുറിച്ച് ഹാർനെസ് ഫിൻവെൽത്തിലെ ചീഫ് സ്ട്രാറ്റജിസ്റ്റും സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറുമായ അനീഷ് ചന്ദ്രൻ സി.വി. പറഞ്ഞു.
നിലവിൽ നേരിടുന്ന പ്രതിസന്ധി ടാറ്റാ ഗ്രൂപ്പിന്റെ അസ്തിത്വത്തെ പൂർണമായും ഇല്ലാതാക്കുന്ന ഒന്നല്ല, മറിച്ച് കോർപ്പറേറ്റ് ചരിത്രത്തിൽ അവർ നേരിടുന്ന ഏറ്റവും സങ്കീർണമായ ഒരു പരിവർത്തന കാലഘട്ടമാണ്. ടി.സി.എസ് ഓഹരി ഇടിഞ്ഞതുകൊണ്ട് കമ്പനി തകർച്ചയുടെ വക്കിലാണെന്ന് അർത്ഥമില്ല, മറിച്ച് കമ്പനി എ.ഐ അധിഷ്ഠിത സേവനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള സാമ്പത്തിക സമ്മർദ്ദമായി അതിനെ വ്യാഖ്യാനിക്കാം. അതേസമയം, ടാറ്റാ സൺസിലെ ഭരണപരമായ അനിശ്ചിതത്വങ്ങൾ അടിയന്തിരമായി പരിഹരിക്കുന്നതാണ് ഗ്രൂപ്പിന്റെ പൊതുവായ നന്മയ്ക്ക് നല്ലത്. ഗ്രൂപ്പിന്റെ പുതിയ സംരംഭങ്ങൾ ലാഭകരമാവുകയും ബോർഡ് തലത്തിലെ തർക്കങ്ങൾ അവസാനിക്കുകയും ചെയ്താൽ മാത്രമെ ഈ പ്രതിസന്ധിയെ മറികടന്ന് ടാറ്റാ ഗ്രൂപ്പിന് അവരുടെ വളർച്ചാ പാതയിൽ തുടരാൻ സാധിക്കുകയുള്ളൂ എന്നും അനീഷ് ചന്ദ്രൻ കൂട്ടിച്ചേർത്തു.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine