Image courtesy: Canva
Markets

എം.സി.എക്‌സിൽ ഗുരുതര സാങ്കേതിക തകരാർ: ഇന്ത്യയിലെ ഏറ്റവും വലിയ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ വ്യാപാരം തടസപ്പെട്ടത് നാല് മണിക്കൂറിലധികം

എംസിഎക്‌സ് പ്ലാറ്റ്‌ഫോമിലെ ഏറ്റവും ദൈർഘ്യമേറിയ സ്തംഭനം

Dhanam News Desk

ഇന്ത്യയിലെ ഏറ്റവും വലിയ കമ്മോഡിറ്റി ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ചായ മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (MCX) ഇന്ന് (ഒക്ടോബർ 28) ചൊവ്വാഴ്ച രാവിലെ ഗുരുതരമായ സാങ്കേതിക തകരാർ നേരിട്ടു. ഇതേത്തുടർന്ന് രാവിലെ 9:00 മണിക്ക് ആരംഭിക്കേണ്ട വ്യാപാരം നാല് മണിക്കൂറിലധികം വൈകി. സ്വർണ്ണം, വെള്ളി, ലോഹങ്ങൾ തുടങ്ങിയ കമ്മോഡിറ്റികളിലെ വ്യാപാരത്തെ ഇത് കാര്യമായി ബാധിച്ചു. എംസിഎക്‌സ് പ്ലാറ്റ്‌ഫോമിലെ ഏറ്റവും ദൈർഘ്യമേറിയ സ്തംഭനമാണിത്.

പ്രശ്നത്തിൻ്റെ കാരണം വ്യക്തമല്ല

രാവിലെ 9 മണിക്കുള്ള സാധാരണ സമയത്തിന് പകരം, ആദ്യ ഘട്ടത്തിൽ 10:30 ന് വ്യാപാരം തുടങ്ങാൻ ശ്രമിച്ചെങ്കിലും തകരാർ പരിഹരിക്കാൻ സാധിക്കാത്തതിനാൽ തുടര്‍ച്ചയായി വീണ്ടും സമയം നീട്ടി വെക്കുകയായിരുന്നു. ഒടുവിൽ, എക്‌സ്‌ചേഞ്ച് തങ്ങളുടെ ഡിസാസ്റ്റർ റിക്കവറി (DR) സൈറ്റിൽ നിന്ന് വ്യാപാരം പുനരാരംഭിക്കാൻ തീരുമാനിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:20 മുതൽ 1:24 വരെ ഒരു പ്രത്യേക സെഷൻ ആരംഭിക്കുമെന്നും, 1:25 മുതൽ സാധാരണ വ്യാപാരം പുനരാരംഭിക്കുമെന്നും എംസിഎക്‌സ് അറിയിക്കുകയായിരുന്നു. വ്യാപാരത്തെ ബാധിച്ച പ്രശ്നത്തിൻ്റെ കാരണം എന്താണെന്ന് എക്‌സ്‌ചേഞ്ച് വ്യക്തമാക്കിയിട്ടില്ല.

ഓഹരി ഇടിഞ്ഞു

രാജ്യത്തെ കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ ഏകദേശം 98 ശതമാനം വിപണി വിഹിതമുള്ള എംസിഎക്‌സിലെ തടസം നിക്ഷേപകരെ ആശങ്കപ്പെടുത്തി. ഈ സാങ്കേതിക തകരാർ കാരണം എംസിഎക്‌സിന്റെ ഓഹരി വിലയിൽ 2.35 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഇതാദ്യമായല്ല എംസിഎക്‌സ് ഇത്തരമൊരു സാങ്കേതിക തകരാർ നേരിടുന്നത്. ഈ വർഷം ജൂലൈ മാസത്തിലും സമാനമായ ഒരു തടസ്സം കാരണം വ്യാപാരം ഒരു മണിക്കൂറിലധികം വൈകിയിരുന്നു.

കഴിഞ്ഞ ദിവസം ആരംഭിച്ച പുതിയ 'ഓപ്ഷൻസ് കോൺട്രാക്റ്റ്സ്' നിലവിൽ വന്നതിനു പിന്നാലെയാണ് നിലവിലെ സാങ്കേതിക പ്രശ്നം സംഭവിച്ചതെന്നതും ശ്രദ്ധേയമാണ്. ഇന്നലെ (ഒക്ടോബർ 27) ഡിസംബർ ഗോള്‍ഡ്, സില്‍വര്‍ ഫ്യൂച്ചറുകൾ കുത്തനെ താഴ്ന്നിരുന്നു. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളെ തുടര്‍ന്ന് സ്വര്‍ണ വില ഔൺസിന് 4,000 ഡോളറിന് താഴെയായത് സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ ആവശ്യകതയെ ബാധിച്ചു.

ഇന്ത്യയിൽ സ്വര്‍ണം, വെള്ളി, അസംസ്കൃത എണ്ണ, ബേസ് മെറ്റൽ ഫ്യൂച്ചേഴ്‌സ് കോണ്‍ട്രാക്ടിന്റ വ്യാപാരം നടത്തുന്നതിനുള്ള വേദിയാണ് എംസിഎക്സ്.

അരി, ഗോതമ്പ്, സോയാബീൻ എണ്ണ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളും കാപ്പി, പഞ്ചസാര തുടങ്ങിയവയും അലുമിനിയം, ചെമ്പ് തുടങ്ങിയ ലോഹങ്ങളും ദക്ഷിണാഫ്രിക്കൻ റാൻഡ്, ബ്രസീലിയൻ റിയൽ തുടങ്ങിയ കറന്‍സികളും എം.സി.എക്സില്‍ വ്യാപാരം ചെയ്യപ്പെടുന്നു.

Technical glitch halts trading on India’s largest commodity exchange MCX for over four hours.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT