പ്രതീകാത്മക ചിത്രം  
Markets

എട്ടു മാസം കൊണ്ട് നിക്ഷേപകരെ സമ്പന്നരാക്കിയ ഈ ഓഹരിയുടെ വില 50 രൂപയില്‍ താഴെ!

ഈ 'മള്‍ട്ടി ബാഗ്ഗര്‍ പെന്നി സ്റ്റോക്ക്' ആറ് മാസത്തില്‍ ഉയര്‍ന്നത് 881 ശതമാനം.

Dhanam News Desk

ചെറിയ ചില സ്റ്റോക്കുകള്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിക്കുന്നത് നമ്മള്‍ കാണാറുണ്ട്. അത്തരത്തിലൊരു മള്‍ട്ടി ബാഗ്ഗര്‍ പെന്നി സ്റ്റോക്ക് വെറും എട്ടു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് സമ്മനിച്ചത് മികച്ച നേട്ടം. ഈ കാലയളവില്‍ 881 ശതമാനത്തോളം വളര്‍ച്ചയാണ് ഓഹരി നേടിയത്. രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസ് എന്ന ഊര്‍ജ മേഖലയിലെ കമ്പനിയാണ് താരം.

ഊര്‍ജ മേഖലയിലെ ശക്തമായ സാന്നിധ്യം കൊണ്ടും ഭാവിയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധ അഭിപ്രായവും ഓഹരിക്ക് പിന്തുണ നല്‍കുന്നു. എന്നാല്‍ സമീപകാല റിപ്പോര്‍ട്ടുകളില്‍ കമ്പനിക്ക് തിരിച്ചടി നല്‍കിയെങ്കിലും ഓഹരി വില മെച്ചപ്പെട്ട് തന്നെയാണ് നില്‍ക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ ആറിന് വെറും 4.48 രൂപ നിരക്കില്‍ നിന്നിരുന്ന ഓഹരി ഇപ്പോള്‍ 43.75 രൂപ (ഡിസംബര്‍ 1) നിലവാരത്തിലാണ് ട്രേഡിംഗ് നടത്തുന്നത്.

കമ്പനിയുടെ സഹസ്ഥാപനമായ നിയോസ്‌കൈ ഇന്ത്യ ലിമിറ്റഡിന് കീഴില്‍ അടുത്തിടെ രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസ് ഡ്രോണ്‍ ബിസിനസ് ആരംഭിച്ചിരുന്നു. എട്ടു മാസം മുമ്പ് ഈ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നു നിക്ഷേപത്തിന്റെ മൂല്യം ഇപ്പോള്‍ 9.81 ലക്ഷം ആകുമായിരുന്നു.

6,075 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയുടെ ഓഹരികള്‍ നിലവില്‍ നേരിയ തളര്‍ച്ച നേരിടുന്നുണ്ട്. രണ്ടു ദിവസത്തിനിടെ ഓഹരി വില 9.66 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ച് വാങ്ങാനുള്ള അവസരമായാണ് വിദഗ്ധര്‍ ഇതിനെ കാണുന്നത്.

നിലവില്‍ ലാഭവിഹിതം നല്‍കുന്നില്ല. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ 74.80 ശതമാനം ഓഹരികളും പ്രൊമോട്ടറുമാരുടെ കൈയ്യിലാണ്. ഈ ഓഹരികളുടെ ഏകദേശ മൂല്യം 103.39 കോടി രൂപ വരും. 1.38 ലക്ഷം റീറ്റെയ്ല്‍ നിക്ഷേപകരുടെ പക്കലായി 25.20 ശതമാനം ഓഹരികളുണ്ട്. ഈ ഓഹരികളുടെ മൂല്യം 34.82 കോടി രൂപയാണ്.

സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി 4.48 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. 2020 സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി 0.05 കോടി രൂപ ലാഭം രേഖപ്പെടുത്തിയിരുന്നു. നടപ്പു സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ കമ്പനി ഒരു കോടി രൂപയുടെ വില്‍പ്പന കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയം കമ്പനിയുടെ വില്‍പ്പന വരുമാനം പൂജ്യമായിരുന്നു.

(ഇത് ധനം ഷെയര്‍ റെക്കമെന്റേഷന്‍ അല്ല. ഓഹരി നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ- നഷ്ട സാധ്യതകള്‍ക്കു വിധേയമാണ്. അതിനാല്‍ നിക്ഷേപങ്ങള്‍ വിദഗ്ധ നിര്‍ദേശത്തോടെ നടത്തുക)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT