Markets

ഓഹരി വിപണിയിലെ തുടക്കക്കാര്‍ ഓര്‍ത്തിരിക്കേണ്ട പ്രാഥമിക പാഠങ്ങള്‍

സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും ധാരാളം പണം നേടിയെടുത്തവരുടെ കഥകള്‍ കണ്ട് എടുത്തുചാടി നിക്ഷേപിക്കരുത്. റീറ്റെയില്‍ നിക്ഷേപകര്‍ക്കു നഷ്ടം കുറച്ച്, ലാഭകരമായി ട്രേഡിംഗ് നടത്താനുള്ള വഴികള്‍ കൂടി അറിയണം.

Dhanam News Desk

ഓഹരിനിക്ഷേപകര്‍ക്ക് അറിവും ക്ഷമയും അച്ചടക്കവും അനിവാര്യമാണ്. ഓഹരിവിപണിയിലെ ലാഭ സാധ്യതകള്‍ കേട്ട് മതിമറന്ന് നിക്ഷേപത്തിലേക്ക് എടുത്ത് ചാടരുത്. പരിചയം നേടുന്നതുവരെ ഡേ ട്രേഡിലും അഗ്രസീവായ മറ്റു ട്രേഡുകളിലോ ഓപ്ഷന്‍ ട്രേഡിലോ പോകാതിരിക്കുക. ഇത്തരം ട്രേഡുകളില്‍ വിജയസാധ്യത വളരെ കുറവാണ്.

മേന്മയുള്ള സ്റ്റോക്കുകളില്‍ നിക്ഷേപം നടത്താനാണ് ശ്രദ്ധിക്കേണ്ടത്. അത് കഴിയുന്നില്ലെങ്കില്‍ താരതമ്യേന റിസ്‌ക് കുറഞ്ഞ മ്യൂച്വല്‍ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. എസ്‌ഐപി വഴിയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ നിന്നും ആരംഭിക്കുന്നതാണ് എപ്പോഴും നല്ലത്.

ഇതാ തുടക്കക്കാര്‍ക്ക് ചില ടിപ്‌സ്

1. വാര്‍ത്തകള്‍ കണ്ട് മാത്രം നിക്ഷേപിക്കരുത്. അറിയപ്പെടാത്ത അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ നിക്ഷേപത്തിന് ഇറങ്ങിത്തിരിക്കരുത്. കടത്തില്‍ നില്‍ക്കുന്ന കമ്പനികളിലും പ്രവര്‍ത്തനഫലം മോശമായി വരുന്ന കമ്പനികളും നിക്ഷേപത്തിനായി തെരഞ്ഞെടുക്കാതിരിക്കുക. നിക്ഷേപത്തിന് ഐപിഒ കളാണു തിരഞ്ഞെടുക്കുന്നതെങ്കില്‍ വിപണിയില്‍നിന്നു സമാഹരിക്കുന്ന പണം കടംവീട്ടാന്‍ മാത്രം വിനിയോഗിക്കുന്ന കമ്പനികളെ ഒഴിവാക്കുന്നതാണ് ഉചിതം.

2. ബ്ലൂച്ചിപ് കമ്പനികള്‍ നിക്ഷേപത്തിനു പരിഗണിക്കുക. സ്റ്റോക്കിന്റെ വിലവര്‍ധന വലിയ വേഗത്തിലല്ലെങ്കിലും ഭാവിയില്‍ മികച്ച വരുമാനം നേടിത്തരും. താരതമ്യേന റിസ്‌ക് കുറവാണ്.

3. പെന്നിസ്റ്റോക്കുകള്‍ ചിലപ്പോള്‍ മോഹിപ്പിച്ചേക്കാം. എന്നാല്‍ ഓരോ സെക്ടറിലും മികച്ച സ്റ്റോക്കുകള്‍തന്നെ തിരഞ്ഞെടുത്തു നിക്ഷേപം നടത്തുക. നിഫ്റ്റിയിലും സെന്‍സെക്‌സിലും ഇന്‍ഡക്‌സിനെ സ്വാധീനിക്കുന്ന സ്റ്റോക്കുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.

4. പ്രൊമോട്ടര്‍വിഹിതം കൂടുതലുള്ള കമ്പനികള്‍ നിക്ഷേപത്തിനു യോഗ്യമാണ്. പ്രൊമോട്ടര്‍മാരുടെയും ഗ്രൂപ്പ് കമ്പനികളുടെയും പ്രവര്‍ത്തനമികവ്, ട്രാക്ക് റെക്കോര്‍ഡ് മറ്റൊരു പ്രധാന ഘടകമാണ്.

5.ഓഹരിനിക്ഷേപകന്‍ നല്ലൊരു 'റിസര്‍ച്ചര്‍'കൂടിയായിരിക്കണം. സ്വന്തമായി തീരുമാനം എടുക്കാനും സ്റ്റോക്കുകളെപ്പറ്റി നല്ല പരിജ്ഞാനം ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ നല്ലൊരു ഓഹരിവിപണി വിദഗ്ധന്റെ സഹായത്തോടെ നിക്ഷേപം നടത്തണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT