Image : CMRL 
Markets

സി.എം.ആര്‍.എല്ലിന്റെ ഈ സഹസ്ഥാപകന്‍ ഓഹരികള്‍ വിറ്റഴിക്കുന്നു

ഇതിനകം വിറ്റഴിച്ചത് 2.10 ലക്ഷം ഓഹരികള്‍; ഓഹരി പങ്കാളിത്തം 3.55 ശതമാനമായി കുറഞ്ഞു

Anilkumar Sharma

എറണാകുളം ആലുവയിലെ എടയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കെമിക്കല്‍ ഉത്പന്ന നിര്‍മ്മാതാക്കളായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡിന്റെ (സി.എം.ആര്‍.എല്‍) സഹസ്ഥാപകനും ഡയറക്ടറുമായ മാത്യു എം. ചെറിയാന്‍ കഴിഞ്ഞ നവംബര്‍ 24 മുതല്‍ ഈമാസം 23 വരെയായി വിറ്റൊഴിഞ്ഞത് 2,10,457 ഓഹരികള്‍.

ഓഹരി വില്‍പ്പനയ്ക്ക് മുമ്പ് അദ്ദേഹത്തിന്റെ മൊത്തം ഓഹരി പങ്കാളിത്തം 6.105 ശതമാനമായിരുന്നു. ഇപ്പോൾ പങ്കാളിത്തം 3.55 ശതമാനമായി കുറഞ്ഞു. ഏകദേശം 6.37 കോടി രൂപ മതിക്കുന്ന ഓഹരി വിറ്റൊഴിയലാണ് അദ്ദേഹം ഇക്കാലയളവില്‍ നടത്തിയതെന്നാണ് ബി.എസ്.ഇയില്‍ സി.എം.ആര്‍.എല്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. ഓഹരി വിറ്റൊഴിയലിന്റെ കാരണം വ്യക്തമല്ല. എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് സി.എം.ആര്‍.എല്‍.

കമ്പനിയുടെ പ്രമോട്ടര്‍

സിന്തറ്റിക് റൂട്ടൈല്‍, ഫെറിക് ക്ലോറൈഡ്, ടൈറ്റാനിയം ഡൈ-ഓക്‌സൈഡ് എന്നിവയുടെ ഉത്പാദനം നടത്തുന്ന സി.എം.ആര്‍.എല്ലിന് 1989ല്‍ തുടക്കമിട്ടത് മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍. ശശിധരനും മാത്യു എം. ചെറിയാനും ചേര്‍ന്നാണ്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ്, ബോംബെയില്‍ നിന്ന് ഡിപ്ലോമ സ്വന്തമാക്കിയിട്ടുള്ള മാത്യു എം. ചെറിയാന്‍ ഹോട്ടല്‍, റെസ്‌റ്റോറന്റ്, കയറ്റുമതി, ഇറക്കുമതി, രാജ്യാന്തര വ്യാപാര ബിസിനസുകളില്‍ വ്യാപൃതനായിട്ടുള്ള പ്രവാസി വ്യവസായി കൂടിയാണ്. അദ്ദേഹത്തിന്റെ മകന്‍ നബീല്‍ മാത്യു ചെറിയാനും സി.എം.ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.

ഓഹരിവിലയും റിട്ടേണും 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 808.52 ശതമാനം വളര്‍ച്ചയോടെ 56.42 കോടി രൂപയുടെ ലാഭവും 54.30 ശതമാനം വര്‍ദ്ധനയോടെ 447.78 കോടി രൂപയുടെ വരുമാനവും നേടിയ കമ്പനിയാണ് സി.എം.ആര്‍.എല്‍. ഇന്നലെ (ജൂണ്‍ 24) 1.23 ശതമാനം നഷ്ടത്തോടെ 304.20 രൂപയിലാണ് കമ്പനിയുടെ ഓഹരി വിലയുള്ളത്. മൊത്തം 238.19 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. കഴിഞ്ഞ ഒരുവര്‍ഷക്കാലത്ത് ഓഹരി ഉടമകള്‍ക്ക് 185.9 ശതമാനവും കഴിഞ്ഞ മൂന്നുമാസക്കാലത്ത് 6.87 ശതമാനവും നേട്ടം (റിട്ടേണ്‍) സമ്മാനിക്കാന്‍ സി.എം.ആര്‍.എല്‍ ഓഹരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT