Image : Canva 
Markets

ക്രിപ്‌റ്റോ മോഡലിലേക്ക് മാറാന്‍ ഈ ഓഹരി വിപണി; ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ആഗ്രഹം!

ക്രിപ്‌റ്റോകറന്‍സികള്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എപ്പോള്‍ വേണമെങ്കിലും വ്യാപാരം നടത്താം

Dhanam News Desk

വ്യാപാരം ഒരിക്കലും അവസാനിക്കാത്തൊരു ഓഹരി വിപണി!

ഓപ്പണിംഗ് പോയിന്റില്ല; ക്ലോസിംഗ് പോയിന്റും!

ക്രിപ്‌റ്റോകറന്‍സികളുടെ വ്യാപാരസമയത്തെ അനുകരിക്കാനാണ് ശ്രമം. നിലവില്‍ ക്രിപ്‌റ്റോകറന്‍സികള്‍ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എപ്പോള്‍ വേണമെങ്കിലും വ്യാപാരം ചെയ്യാം.

നിലവില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ ഓഫീസ് സമയക്രമം അഥവാ രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് 4 വരെയാണ് ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നത്. ഇത് ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും എന്ന നിലയിലേക്ക് മാറ്റാനായി നിക്ഷേപകര്‍ക്കിടയില്‍ സര്‍വേയും ആരംഭിച്ചിട്ടുണ്ട് ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്.

നിക്ഷേപകര്‍ക്ക് താത്പര്യക്കുറവ്!

ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് നടത്തിയ സര്‍വേയുടെ ഫലം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇതിനിടെ സ്‌കൈലാന്‍ഡ്‌സ് കാപ്പിറ്റലിന്റെ സീനിയര്‍ ട്രേഡര്‍ ടോം ഹേര്‍ഡന്‍ ഇതുസംബന്ധിച്ച ചോദ്യം ട്വിറ്ററില്‍ ഉന്നയിച്ചപ്പോള്‍ കൂടുതല്‍ പേരും 24x7 വ്യാപാരത്തെ പിന്തുണയ്ക്കുന്നില്ല എന്നാണ് പ്രതികരിച്ചത്.

ടോം ഹേര്‍ഡന്‍ ചോദ്യം ട്വിറ്ററില്‍ ഉന്നയിച്ചപ്പോള്‍

രണ്ടുമണിക്കൂര്‍ നേരത്തേക്കായി അദ്ദേഹം നടത്തിയ ട്വിറ്റര്‍ വോട്ടെടുപ്പിന്റെ ചോദ്യം ഇതായിരുന്നു: എന്‍.വൈ.എസ്.ഇയുടെ 24x7 ട്രേഡിംഗിനെ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ?

1,459 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തതില്‍ 70.4 ശതമാനം പേരും പിന്തുണയ്ക്കുന്നില്ല എന്നാണ് വ്യക്തമാക്കിയത്.

ആഗോള സമ്പദ്‌രംഗം തന്നെ മാറും!

ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ഏറെ സ്വാധീനിക്കുന്ന ഓഹരി വിപണിയാണ് എന്‍.വൈ.എസ്.ഇ. അമേരിക്കയിലെ 58 ശതമാനം കുടുംബങ്ങള്‍ക്കും ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇടപാടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.

എന്‍.വൈ.എസ്.ഇയില്‍ രാവിലെ 9.30നും വൈകിട്ട് നാലിനും ബെല്ലടിക്കുമ്പോള്‍ അത് ഈ കുടുംബങ്ങളുടെയും ഒട്ടേറെ പ്രൊഫഷണലുകളുടെയും നിക്ഷേപകരുടെയും ജീവിതചര്യയെ തന്നെയാണ് യഥാര്‍ത്ഥത്തില്‍ ചലിപ്പിക്കുന്നത്.

ഓഹരി വിപണി 24x7 പ്രവര്‍ത്തിക്കുമ്പോള്‍ ഓഹരി വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഏത് സമയവും ഇടപാട് നടത്താമെന്നതാണ് ഏറ്റവും പ്രധാനമായ നേട്ടം. ഇത് ഇടപാടുകാര്‍ക്ക് കൂടുതല്‍ അവസരങ്ങളും തുറക്കും.

എന്നാല്‍, വാതുവയ്പ്പും ഊഹക്കച്ചവടങ്ങളും പെരുകാന്‍ ഈ 24x7 സമയക്രമം ഇടവരുത്തിയേക്കുമെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇടപാടുകാരുടെ മാനസിക, ശാരീരിക ആരോഗ്യത്തെയും ഈ സമയക്രമം ബാധിക്കുമെന്ന വാദങ്ങളുമുണ്ട്. പല പ്രൊഫഷണലുകളുടെയും ജീവിതത്തിന്റെ ക്രമം തന്നെ തെറ്റുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു. എന്തായാലും സമയക്രമം മാറ്റണോ എന്നത് സംബന്ധിച്ച് ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സേചേഞ്ച് വൈകാതെ തീരുമാനമെടുത്തേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT