Markets

മാറ്റുരയ്ക്കാന്‍ മൂന്ന് ഐ.പി.ഒകള്‍, ₹6,000 കോടിയുടെ നിക്ഷേപ അവസരം, അപേക്ഷിക്കണോ?

ഓണ്‍ലൈന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ മീഷോയെ കൂടാതെ എക്വിസ്, വിദ്യ വയേഴ്‌സ് എന്നിവയാണ് വിപണിയില്‍ മാറ്റുരയ്ക്കുക

Dhanam News Desk

ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രാരംഭ ഓഹരി വില്‍പ്പനയുമായി എത്തുന്നത് മൂന്ന് കമ്പനികളാണ്. ഓണ്‍ലൈന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ മീഷോയെ കൂടാതെ എക്വിസ്, വിദ്യ വയേഴ്‌സ് എന്നിവയാണ് വിപണിയില്‍ മാറ്റുരയ്ക്കുക. ഈ ഐ.പി.ഒകളില്‍ അപേക്ഷിക്കും മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

മീഷോ

ആദ്യം നമുക്ക് മീഷോയെ കുറിച്ച് നോക്കാം. ഇത് ആമസോണ്‍ അല്ലെങ്കില്‍ ഫ്‌ലിപ്പ്കാര്‍ട്ട് പോലെയുള്ള ഒരു സ്ഥാപനമാണ്. എന്നാല്‍ ഈ കമ്പനിയുടെ പ്രത്യേകത, കുറഞ്ഞ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ ശ്രദ്ധിക്കുന്നുവെന്നതാണ്. അതുപോലെ രണ്ടാം നിര, മൂന്നാം നഗരങ്ങളില്‍ താമസിക്കുന്ന ഉപഭോക്താക്കളെയാണ് കൂടുതലായി ലക്ഷ്യമിടുന്നത്.

5,421 കോടി രൂപയാണ് മിഷോ ഐ.പി.ഒ വഴി സമാഹരിക്കുന്നത്. ഇതില്‍ നല്ലൊരു കാര്യം, ഇഷ്യൂവിന്റെ ഭൂരിഭാഗവും പുതിയ ഇഷ്യൂ ആണ്, അതായത് ഏകദേശം 4250 കോടി രൂപ കമ്പനിയിലേക്ക് പോകും. 1,171 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഐ.പി.ഒയിലുണ്ടാകും.

105-111 രൂപയാണ് ഇഷ്യു വില. 135 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. നിലവില്‍ മീഷോ ഐ.പി.ഒയ്ക്ക് ഗ്രേമാര്‍ക്കറ്റില്‍ 40 രൂപ പ്രീമിയമുണ്ട്. അതായത് ഇഷ്യു വിലയേക്കാള്‍ 44 ശതമാനം ഉയര്‍ന്ന വില. ഇത് പ്രകാരം മീഷോ ഉയര്‍ന്ന ലിസ്റ്റിംഗ് നേട്ടം നല്‍കിയേക്കുമെന്നാണ് പ്രതീക്ഷകള്‍.

ഐ.പി.ഒ വിലയുടെ അടിസ്ഥാനത്തില്‍ 50,096 കോടി രൂപയായിരിക്കും മീഷോയുടെ വിപണി മൂല്യം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ നഷ്ടം 3,942 കോടി രൂപയാണ്. സാങ്കേതിക വിദ്യയ്ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമുള്ള ചെലവ് വര്‍ധിച്ചതാണ് നഷ്ടം കൂടാന്‍ കാരണം.

2015ല്‍ ഡല്‍ഹി ഐ.ഐ.ടിയിലെ മുന്‍ വിദ്യാര്‍ത്ഥിയായ വിദിത് ആത്രെയ് സഞ്ജീവ് ബിന്‍വാല്‍ സ്ഥാപിച്ച മീഷോയില്‍ ഇതിനകം ടൈഗര്‍ ഗ്ലോബല്‍, സോഫ്റ്റ് ബാങ്ക്, എലിവേഷന്‍ കാപിറ്റല്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങള്‍ ചേര്‍ന്ന് 130 കോടി ഡോളറോളം നിക്ഷേപിച്ചിട്ടുണ്ട്.

എക്വിസ്

എയ്റോസ്പേസ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് എക്വിസ്. വിമാനങ്ങള്‍ക്കായുള്ള ഘടകങ്ങള്‍ മാത്രം നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വളരെ കുറച്ച് കമ്പനികളേ രാജ്യത്ത് ഉള്ളൂ. സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ പ്രവര്‍ത്തിക്കുന്നത് മൂലം കമ്പനിക്ക് ചില സാമ്പത്തിക നേട്ടങ്ങളുണ്ട്. യുഎസിലും യൂറോപ്പിലും നിര്‍മ്മാണ യൂണിറ്റുകളുണ്ട്.

921.81 കോടി രൂപയാണ് എക്വിസ് ഐ.പി.ഒ വഴി സമാഹരിക്കുന്നത്. 670 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 251.81 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമുണ്ടാകും. പ്രമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളും 2.03 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കും.

എക്വിസ് ലിമിറ്റഡിന്റെ ഇഷ്യു വില 118-124 രൂപയാണ്. 120 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്.

നിലവില്‍ എക്വിസ് ഐ.പി.ഒയ്ക്ക് ഗ്രേ മാര്‍ക്കറ്റില്‍ 44.50 രൂപ പ്രീമിയമുണ്ട്. അതായത് ഉയര്‍ന്ന ഇഷ്യു വിലയേക്കാള്‍ 35 ശതമാനം കൂടുതല്‍. ഇത് സൂചിപ്പിക്കുന്നത് ലിസ്റ്റിംഗില്‍ ഓഹരി ഉയര്‍ന്ന നേട്ടം നല്‍കാനുള്ള സാധ്യതയുണ്ടെന്നാണ്. ഐ.പി.ഒ വിലയുടെ അടിസ്ഥാനത്തില്‍ 8,300 കോടി രൂപയായിരിക്കും എക്വിസിന്റെ വിപണി മൂല്യം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ നഷ്ടം 102.35 കോടി രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ നഷം 619 ശതമാനം വര്‍ധിച്ചു. മൊത്ത വരുമാനം 988.3 കോടി രൂപ.

വിദ്യ വയേഴ്‌സ്

കോപ്പറും മറ്റ് അടിസ്ഥാന ലോഹങ്ങളും ഉപയോഗിച്ച് വയറുകളും, വൈദ്യുത ചാലകതയുമായി ബന്ധപ്പെട്ട നിരവധി ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനിയാണ് വിദ്യ വയേഴ്‌സ്. ഇത് അടിസ്ഥാനപരമായി ഒരു ബി2ബി ബിസിനസ് ആണ്.

വിദ്യ വയേഴ്‌സ് 3,000 കോടി രൂപയാണ് ഐ.പി.ഒ വഴി സമാഹരിക്കുന്നത്. 48-52 രൂപയാണ് ഇഷ്യു വില. 288 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്.

274 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 26 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐ.പി.ഒ. ഒഎഫ്എസ് വഴി നിലവിലുള്ള പ്രമോട്ടര്‍മാരും ഓഹരിയുടമകളും 50.01 ലക്ഷം ഓഹരികള്‍ വില്‍ക്കും.

ഐ.പി.ഒ വിലയുടെ അടിസ്ഥാനത്തില്‍ 1,100 കോടി രൂപയായിരിക്കും വിദ്യ വയേഴ്‌സിന്റെ വിപണി മൂല്യം.

കമ്പനി സ്ഥിരമായി ലാഭത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 59 ശതമാനം വളര്‍ച്ചയോടെ 40.9 കോടി രൂപ ലാഭം കൈവരിച്ചു.

മൂന്ന് ഓഹരികളുടെയും അലോട്ട്‌മെന്റ് ഡിസംബര്‍ എട്ടിന് നടക്കും. ഡിസംബര്‍ 10ന് ഓഹരികള്‍ എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.

മീഷോ, എക്വിസ് ഓഹരികള്‍ക്ക് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സബ്'സ്‌ക്രൈബ്' റേറ്റിംഗ് നല്‍കിയിട്ടുണ്ട്.

(ഇത് പഠനാവശ്യം മാത്രം മുന്‍നിര്‍ത്തിയുള്ള വീഡിയോ ആണ്. ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Three IPOs Set to Debut, Unlocking ₹9,000 Crore in Investment.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT