സംസ്ഥാന വിപണിയിലെ സ്വർണക്കുതിപ്പിന് ഇടവേള. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ശക്തമായ മുന്നേറ്റത്തിന് ശേഷം ഇന്ന് (2026 മാർച്ച് 26) വ്യാപാരം പുനരാരംഭിച്ചപ്പോൾ സ്വർണത്തിന്റെ നിരക്കുകളിൽ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 60 രൂപ താഴ്ന്ന് പുതുക്കിയ വിപണി വില 13,465 രൂപയായി. സമാനമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 480 രൂപ താഴ്ന്ന് വില 1,07,720 രൂപയിലേക്കും എത്തിച്ചേർന്നു.
അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,065 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 35 രൂപ താഴ്ന്ന് 8,620 രൂപയായും രേഖപ്പെടുത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് പുതുക്കിയ വില 5,560 രൂപയായി.
പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് 9 ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ബുധനാഴ്ചത്തെ വ്യാപാരത്തിൽ സ്വർണ വിലയിൽ ശക്തമായ മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. എന്നാൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 15 ഇന നിർദേശങ്ങളെ ഇറാൻ തള്ളിക്കളയുകയും പകരം 5 ഉപാധികൾ മുന്നോട്ടുവെക്കുകയും ചെയ്തതോടെ പശ്ചിമേഷ്യൻ യുദ്ധം നീണ്ടുനിൽക്കുമോ എന്ന സംശയം ഉയരുന്നതാണ് സ്വർണത്തെ വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് തള്ളിവിടുന്നത്. നിലവിൽ ഒരു ശതമാനം താഴ്ന്ന് 5,410 ഡോളർ നിലവാരത്തിലാണ് രാജ്യാന്തര വിപണിയിൽ സ്വർണം വ്യാപാരം ചെയ്യപ്പെടുന്നത്.
സംസ്ഥാന വിപണിയിൽ വെള്ളിയുടെ നിരക്കിൽ ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്നലത്തെ വിപണി വിലയായ ഒരു ഗ്രാമിന് 250 രൂപ തന്നെയാണ് ഇന്നത്തെ വ്യാപാരത്തിനായും നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ 10 ഗ്രാം വെള്ളിയുടെ വില 2,500 രൂപയും 100 ഗ്രാം വെള്ളിയുടെ നിരക്ക് 25,000 രൂപയും ഒരു കിലോഗ്രാം വെള്ളിയുടെ വിപണി വില 2,50,000 രൂപയും വീതമാകുന്നു. അതേസമയം രാജ്യാന്തര വിപണിയിൽ വെള്ളി വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് നേരിയ ഇടിവിൽ ഒരു ഔൺസ് വെള്ളിക്ക് 72 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച രാവിലെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയതോടെ, പുതിയ വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ചുമത്തുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയെല്ലാം ചേര്‍ത്ത് ഒരു പവൻ ആഭരണം വാങ്ങുന്നതിന് ചുരുങ്ങിയത് 1,11,005 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം ഉണ്ടാകാമെന്നതും ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine