രാജ്യത്തെ മുൻനിര ചലച്ചിത്ര നിർമാണ കമ്പനിയായ ടിപ്സ് ഫിലിംസിന്റെ (BSE: 543614, NSE: TIPSFILMS) ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്ന് ഡീലിസ്റ്റ് ചെയ്യാനുള്ള (പിൻവലിക്കാനുള്ള) പ്രൊമോട്ടർമാരുടെ നീക്കം ഏകദേശം 8,000–8,300 ചെറുകിട നിക്ഷേപകരെ നിർണായക തീരുമാനത്തിലേക്ക് നയിച്ചിരിക്കുകയാണ്. വിപണിയിൽ കൈവശമുള്ള ഓഹരികൾ വിറ്റൊഴിയുക, ഡീലിസ്റ്റിങ് ഓഫറിൽ ഓഹരികൾ കൈമാറുക, അല്ലെങ്കിൽ ഉയർന്ന വില പ്രതീക്ഷിച്ച് ഓഹരികൾ തുടർന്നും കൈവശം വയ്ക്കുക എന്നിങ്ങനെ മൂന്ന് വഴികളാണ് റീട്ടെയിൽ നിക്ഷേപകർക്ക് മുന്നിലുള്ളത്. എന്നാൽ ഓരോ തീരുമാനത്തിനും അതിന്റേതായ നേട്ടങ്ങളും വെല്ലുവിളികളുമുണ്ട്.
നിലവിലെ പ്രൊമോട്ടർമാരായ കുമാർ എസ്. തൗരാനിയും രമേഷ് എസ്. തൗരാനിയും ചേർന്ന് ടിപ്സ് ഫിലിംസിൽ പൊതു ഉടമസ്ഥതയിലുള്ള 25.02 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാനാണ് നിർദേശം. ആകെ 10.81 ലക്ഷം ഓഹരികളാണ് ഡീലിസ്റ്റിങ് ഓഫറിന്റെ പരിധിയിൽ വരുന്നത്. നിലവിൽ പ്രൊമോട്ടർ ഗ്രൂപ്പിന്റെ പക്കൽ കമ്പനിയുടെ 74.98 ശതമാനം ഓഹരി വിഹതം സ്വന്തമായുണ്ട്. ഡീലിസ്റ്റിങ് പൂർത്തിയായാൽ ടിപ്സ് ഫിലിംസ് ഓഹരി ബിഎസ്ഇ, എൻഎസ്ഇ തുടങ്ങിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വ്യാപാരം ചെയ്യില്ല.
വ്യാഴാഴ്ചത്തെ പ്രഖ്യാപനത്തിനു പിന്നാലെ നവംബർ 20-ലെ വ്യാപാരത്തിൽ ടിപ്സ് ഫിലിംസ് ഓഹരി 20 ശതമാനം വരെ കുതിച്ചുയർന്നു. തലേദിവസം 392 രൂപയിൽ അവസാനിച്ച ഓഹരിയുടെ ഈ കുതിപ്പ്, ഡീലിസ്റ്റിങ് വിലയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് പ്രതിഫലിപ്പിക്കുന്നത്. എന്നാൽ ഓഫറിലെ അന്തിമ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെബി ചട്ടപ്രകാരമുള്ള ഫിക്സഡ് പ്രൈസ് രീതിയിലാണ് ഓഹരികൾ ഏറ്റെടുക്കാനുള്ള വില നിശ്ചയിക്കുക. ഇതിനായുള്ള ഫ്ലോർ പ്രൈസും അന്തിമ ഓഫർ വിലയും പിന്നീട് അറിയിക്കും.
ഇപ്പോൾ വിപണിയിൽ ടിപ്സ് ഫിലിംസ് ഓഹരികൾ വിൽക്കുന്നവർക്ക്, ഉടനടി തന്നെ വില ഉറപ്പാക്കാം. എന്നാൽ, പിന്നീട് പ്രഖ്യാപിക്കുന്ന ഡീലിസ്റ്റിങ് ഓഫറിലെ ഓഹരി വില ഇതിലും ഉയർന്നതാണെങ്കിൽ ആ നേട്ടം നഷ്ടമാകും. ഓഫർ സ്വീകരിക്കുന്നവർക്ക് ഓഹരി വില പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും. എന്നിരുന്നാലും ഇപ്പോഴുള്ളതിനേക്കാൾ ഉയർന്ന വില ലഭിക്കുമെന്ന ഉറപ്പുമില്ല. അതിനാൽ ഓഹരിയുടെ നിലവിലെ വിപണി വിലയും പ്രഖ്യാപിക്കുന്ന ഫ്ലോർ വിലയും അന്തിമ ഓഫർ വിലയും കൃത്യമായി താരതമ്യം ചെയ്ത ശേഷമാകണം നിക്ഷേപകർ തീരുമാനം എടുക്കേണ്ടത്.
ഓഹരികൾ കൈവശം വച്ച് ഉയർന്ന വിലയ്ക്കായി കാത്തിരിക്കുന്നതും വെല്ലുവിളികൾ നിറഞ്ഞതാണ്. ഡീലിസ്റ്റിങ് നടപടികൾ വിജയകരമായി പൂർത്തിയായാൽ, സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയുള്ള സാധാരണ രീതിയിലുള്ള വ്യാപാര സൗകര്യം നിലയ്ക്കും.
കമ്പനി മുന്നോട്ടുവെക്കുന്ന ഓഫറിൽ, ഓഹരികൾ കൈമാറാത്തവർക്ക് ഡീലിസ്റ്റിങ്ങോടെ ഓഹരിയുടെ ഉടമസ്ഥാവകാശം നഷ്ടമാകില്ല. എന്നാൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുഖേനയുള്ള എളുപ്പത്തിലുള്ള വ്യാപാര സൗകര്യം ഇല്ലാതാകും. പിന്നീട് സ്വകാര്യ ഇടപാടുകളിലൂടെ വിൽക്കാൻ കഴിയാമെങ്കിലും വാങ്ങുന്നയാളെ കണ്ടെത്തുന്നതും ഉചിതമായ വില ഉറപ്പാക്കുന്നതും കൂടുതൽ ശ്രമകരമാകും. അതിനാൽ പണമാക്കി മാറ്റാനുള്ള എളുപ്പം (ലിക്വിഡിറ്റി) കുറയുന്നതും ഓഹരി വിലയിലെ അനിശ്ചിതത്വവുമാണ് പ്രധാന റിസ്ക് ഘടകങ്ങൾ.
ഡയറക്ടർ ബോർഡിന്റെ അംഗീകാരം, ഓഹരി ഉടമകളുടെ പ്രത്യേക പ്രമേയം, മാർക്കറ്റ് റെഗുലേറ്ററായ സെബിയുടെ (SEBI) നിബന്ധനകൾ, നിശ്ചിത എണ്ണം ഓഹരികൾ ഓഫറിലൂടെ സ്വന്തമാക്കൽ എന്നിവ പൂർത്തിയായാലേ, ഡീലിസ്റ്റിങ് നടപടികൾ വിജയത്തിലെത്തുകയുള്ളൂ. അന്തിമ വിലയും വിശദമായ ഓഫർ രേഖകളും പുറത്തുവരുന്നതുവരെ നിക്ഷേപകർ കാത്തിരിക്കേണ്ടതുണ്ട്. ഉയർന്ന വില പ്രതീക്ഷിക്കുന്നതിനെക്കാൾ പ്രധാന്യം, വിപണിയിൽ നിന്നും പുറത്തുകടക്കാനുള്ള സൗകര്യം (എക്സിറ്റ്) എത്രത്തോളം നഷ്ടപ്പെടുമെന്ന് വിലയിരുത്തുക എന്നതാണ്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Tips Films’ proposed delisting leaves minority shareholders weighing an immediate market sale, participation in the exit offer, or continued ownership with reduced liquidity.
Read DhanamOnline in English
Subscribe to Dhanam Magazine