Tips for stock market orders Image : Canva
Markets

ഓഹരി വിപണിയിലെ 'ഓര്‍ഡറുകള്‍' എങ്ങനെ മനസിലാക്കാം?

ഓഹരി വിപണിയില്‍ 'ഓര്‍ഡറുകള്‍' പലവിധമുണ്ട്. എന്താണ് ഓര്‍ഡറുകള്‍, ഏതൊക്കെയാണവ?

Dr. Sanesh Cholakkad

ട്രേഡിംഗ് പ്ലാറ്റ്ഫോമില്‍ തന്റെ പേരില്‍ ഓഹരികള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ഒരു നിക്ഷേപകന്‍ ഓഹരി ബ്രോക്കര്‍ക്ക് നല്‍കുന്ന നിര്‍ദേശമാണ് ഓര്‍ഡര്‍. വിവിധ തരം ഓര്‍ഡറുകള്‍ ഏതൊക്കെയെന്ന് നോക്കാം.

മാര്‍ക്കറ്റ് ഓര്‍ഡര്‍

മാര്‍ക്കറ്റ് ഓര്‍ഡര്‍ എന്നത് നിലവിലുള്ള മാര്‍ക്കറ്റ് വിലയില്‍ ഒരു സെക്യൂരിറ്റി വാങ്ങാനോ വില്‍ക്കാനോ ഉള്ള ഓര്‍ഡറുകളാണ്. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലഭ്യമായ ഏറ്റവും മികച്ച വിലയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഓര്‍ഡര്‍ നടപ്പിലാക്കുന്നത്.

ലിമിറ്റ് ഓര്‍ഡര്‍

ഒരു ഓഹരി നമ്മള്‍ വാങ്ങാനോ വില്‍ക്കാനോ ആഗ്രഹിക്കുന്ന വിലയില്‍ നമുക്ക് ലിമിറ്റ് ഓര്‍ഡറില്‍ നല്‍കാനാകും. പ്രസ്തുത വിലയില്‍ ഓഹരി വന്നാല്‍ മാത്രമേ വ്യാപാരം നടക്കൂ.

സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍

ഒരു നിര്‍ദിഷ്ട ട്രിഗര്‍ പ്രൈസ് (ഓഹരി വാങ്ങുന്നതിനും വില്‍ക്കുന്നതിനുംഓര്‍ഡര്‍ നടപ്പിലാക്കുന്നതിനു വേണ്ടി നമ്മള്‍ കാണുന്ന വില) എത്തിയാല്‍ ഒരു ട്രേഡില്‍ നിന്ന് പുറത്തുകടന്ന് നിങ്ങളുടെ നഷ്ടം പരിമിതപ്പെടുത്താന്‍ ഒരു സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ നമ്മളെ സഹായിക്കുന്നു.

സ്റ്റോപ്പ് ലോസ് മാര്‍ക്കറ്റ് ഓര്‍ഡര്‍

ഈ സാഹചര്യത്തില്‍ ട്രിഗര്‍ പ്രൈസില്‍ ഓഹരിയുടെ വില എത്തിക്കഴിഞ്ഞാല്‍ സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ മാര്‍ക്കറ്റ് ഓര്‍ഡറായി മാറും.

സ്റ്റോപ്പ് ലോസ് ലിമിറ്റ് ഓര്‍ഡര്‍

ഈ സാഹചര്യത്തില്‍ ട്രിഗര്‍ പ്രൈസില്‍ എത്തിയാല്‍ സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ ഒരു ലിമിറ്റ് ഓര്‍ഡറായി മാറും.

ട്രേഡിംഗ് സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍

ഒരു ട്രേഡില്‍ പരമാവധി സംഭവിക്കാവുന്ന നഷ്ടം മുന്‍കൂട്ടി നിശ്ചയിക്കാനും ഓഹരി വിലയിലുണ്ടാകുന്ന വര്‍ധനവിനും താഴ്ചയ്ക്കും അനുസരിച്ച് പ്രസ്തുത ലോസ് ലിമിറ്റ് ക്രമീകരിക്കാനും ഇതുവഴി സാധിക്കുന്നു. ഓഹരി വില ട്രേഡര്‍ക്ക് അനുകൂലമായി വര്‍ധിക്കുകയാണെങ്കില്‍ ട്രിഗര്‍ വില വര്‍ധനയോടൊപ്പം സഞ്ചരിക്കുകയും ഓഹരി വില ട്രേഡര്‍ക്കെതിരെ സഞ്ചരിക്കുകയാണെങ്കില്‍ നിലനില്‍ക്കുകയും ചെയ്യും.

ഉദാഹരണമായി ഒരു സ്റ്റോക്ക് 100 രൂപയ്ക്ക് വാങ്ങുകയും 10 ശതമാനം ട്രേഡിംഗ് സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ ഇട്ടുവെയ്ക്കുകയും ചെയ്താല്‍ ഓഹരി വില 90 രൂപയില്‍ എത്തിയാല്‍ സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ ട്രിഗര്‍ ചെയ്യും. പക്ഷേ ഓഹരി വില 120 രൂപയായി ഉയര്‍ന്നാല്‍ പുതിയ സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ ആയി ട്രേഡിംഗ് സ്റ്റോപ്പ് ലോസ്പ്രകാരം 108 വരും. (അതായത് 120 രൂപയുടെ 10 ശതമാനം = 12. 12012= 108). ഓഹരി വില 108 ആയി താഴുകയാണെങ്കില്‍ സ്റ്റോപ്പ് ലോസ് ട്രിഗര്‍ ചെയ്താല്‍ ലാഭം ഉറപ്പാക്കാന്‍ ഓഹരി വില്‍ക്കാനാകുന്നു. പക്ഷേ തുടര്‍ന്നും ഓഹരി വില ഉയരുകയാണെങ്കില്‍ സ്റ്റോപ്പ് ലോസ് വില ട്രിഗര്‍ ചെയ്യുന്നത് ഉയര്‍ത്തിക്കൊണ്ടേയിരിക്കും.

ക്യാഷ് ആന്‍ഡ് ക്യാരി ഓര്‍ഡര്‍ (CNC Order)

ഓഹരികള്‍ ഹോള്‍ഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ ഓഹരികള്‍ ഡെലിവറി എടുക്കുകയാണ് ചെയ്യുക. അപ്രകാരം ഡെലിവറി എടുക്കാന്‍ ഉപയോഗിക്കുന്ന ഓര്‍ഡറാണ് സിഎന്‍സി ഓര്‍ഡര്‍.

ഇന്‍ട്രാ ഡേ ഓര്‍ഡര്‍

ഒരു ട്രേഡിംഗ് ദിനം തന്നെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന തരത്തിലുള്ള ഓര്‍ഡറാണ് ഇന്‍ട്രാ ഡേ ഓര്‍ഡര്‍. ഉദാഹരണമായി രാവിലെ 10 മണിക്ക് എസ്.ബി.ഐയുടെ 100 ഓഹരികള്‍ 700 രൂപയ്ക്ക് വാങ്ങി 710 രൂപയ്ക്ക് ടാര്‍ഗറ്റ് സെല്‍ ഓര്‍ഡര്‍ ഇട്ടുവെച്ചുവെങ്കിലും എസ്ബിഐ ഓഹരി 710 രൂപ വന്നില്ലെങ്കില്‍ ഉച്ചയ്ക്ക് 3.20ന് അന്നത്തെ വ്യാപാരം അവസാനിക്കുന്നതിന് മുമ്പ് ഓട്ടോമാറ്റിക്കായി ഇന്‍ട്രാ ഡേ സ്‌ക്വയര്‍ ഓഫ് ആകും.

ഇമ്മീഡിയറ്റ്/ക്യാന്‍സല്‍ ഓര്‍ഡര്‍ (IOC Order)

ഒരു ഓഹരി വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ഓര്‍ഡര്‍ നല്‍കുമ്പോള്‍ പ്രസ്തുത ഓഹരി നിശ്ചിത എണ്ണം മാര്‍ക്കറ്റില്‍ നമ്മള്‍ ഓര്‍ഡര്‍ ചെയ്യുന്ന വിലയില്‍ ലഭ്യമല്ലെങ്കില്‍ ലഭ്യമായിട്ടുള്ള എണ്ണം ഓഹരികള്‍ അനുവദിക്കുകയും ബാക്കി ഓഹരികളുടെ ഓര്‍ഡര്‍ ക്യാന്‍സല്‍ ആവുന്ന തരം ഓര്‍ഡര്‍ ആണിത്. ഉദാഹരണമായി 500 ഓഹരികള്‍ എബിസി എന്ന കമ്പനിയുടേത് 100 രൂപയ്ക്ക് വാങ്ങി ഐഒസി ഓര്‍ഡര്‍ ചെയ്താല്‍ മാര്‍ക്കറ്റില്‍ 100 രൂപയ്ക്ക് ഇപ്പോള്‍ 50 ഓഹരിയേ പ്രസ്തുത ഓഹരിയുടേത് ലഭ്യമായുള്ളൂ എങ്കില്‍ ഉടന്‍ 50 ഓഹരി വാങ്ങുകയും ബാക്കി 450 ഓഹരികള്‍ വാങ്ങാനുള്ള ഓര്‍ഡര്‍ ക്യാന്‍സല്‍ ആകുകയും ചെയ്യും.

ഗുഡ് ടില്‍ ട്രിഗേര്‍ഡ്

ഒരു ഓഹരി വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ നിശ്ചിത വിലയില്‍ ഒരുവര്‍ഷം കാലാവധിയുള്ള ഓര്‍ഡര്‍ ഇട്ടുവെയ്ക്കാന്‍ ജിടിടി ഓര്‍ഡര്‍ വഴി സാധിക്കും. ഒരു നിശ്ചിത വിലയില്‍ ട്രിഗര്‍ പ്രൈസായി നിശ്ചയിച്ചാല്‍ പ്രസ്തുത വിലയില്‍ ഓഹരി പ്രസ്തുത കാലാവധിയില്‍ വന്നാല്‍ മാത്രം ഓര്‍ഡര്‍ ട്രിഗര്‍ ആകും.

പ്രസ്തുത ട്രിഗര്‍ പ്രൈസ് വരാത്തിടത്തോളം ആ ഓര്‍ഡര്‍ നടപ്പാകില്ല. വിപണിയില്‍ നിരന്തര നിരീക്ഷണം നടത്താതെ ഓഹരികളില്‍ നിശ്ചിത വിലയില്‍ വാങ്ങാനും വില്‍ക്കാനും ഉള്ള ഓര്‍ഡര്‍ ഇടാന്‍ ഇതുവഴി സാധിക്കുന്നു. ഉദാഹരണമായി എക്സ് വൈ ഇസഡ് എന്ന ഓഹരിയുടെ വില നിലവില്‍ 600 രൂപയാണെങ്കില്‍ 500 രൂപയ്ക്ക് 100 ഓഹരി വാങ്ങാന്‍ ഒരാള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ഒരുവര്‍ഷ കാലാവധിയില്‍ 500 രൂപയ്ക്ക് 100 ഓഹരികള്‍ ജിടിടി ബൈ ഓര്‍ഡര്‍ ഇടാനായി സാധിക്കും. ഓഹരി 500 രൂപയായി താഴുന്ന പക്ഷം മാത്രം പ്രസ്തുത ഓര്‍ഡര്‍ ട്രിഗര്‍ ആകും. അതുപോലെ ഒരു നിക്ഷേപകന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 700 രൂപയ്ക്ക് ജിടിടി സെല്‍ ഓര്‍ഡര്‍ ചെയ്യാനും സാധിക്കും.

(ധനം മാഗസിന്‍ ഫെബ്രുവരി 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT