ഓഹരി വിപണി ഇന്ന് പ്രതിസന്ധിയിലാണ്. അടുത്തിടെ വിപണിയില്‍ പ്രവേശിച്ച ദശലക്ഷക്കണക്കിന് പുതിയ നിക്ഷേപകര്‍ക്ക് സമീപകാല തകര്‍ച്ചയില്‍ വലിയ നഷ്ടമാണ് സംഭവിച്ചത്. അവരില്‍ പലരും വിപണി തകര്‍ച്ച കാണുന്നത് ആദ്യമായിട്ടാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കുക എന്നത് ഏറെ തന്ത്രങ്ങള്‍ ആവശ്യമായ കാര്യമാണ്. ഈ മേഖലയില്‍ വലിയ അവസരങ്ങള്‍ ഉണ്ടെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ വിജയിക്കാനാകുന്നുള്ളൂ.
ഡാറ്റകളുടെയും ഗവേഷണങ്ങളുടെയും പിന്‍ബലമുണ്ടെങ്കില്‍ പോലും ആര്‍ക്കും തന്നെ ഏറ്റവും കുറഞ്ഞ വിലയില്‍ ഓഹരികള്‍ വാങ്ങാനും ഏറ്റവും കൂടിയ വിലയ്ക്ക് വില്‍ക്കാനും പറ്റുകയില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒരു കുതിപ്പിനും തകര്‍ച്ചയ്ക്കും ശേഷം വളരെ കുറച്ചു പേര്‍ക്ക് മാത്രമേ നേട്ടം ഉണ്ടാക്കാനാകുന്നുള്ളൂ എന്നതില്‍ അത്ഭുതപ്പെടാനില്ല.
നഷ്ടം കുറയ്ക്കാനോ പണം നേടാനോ സഹായകമാകുന്ന തെളിയിക്കപ്പെട്ട എന്തെങ്കിലും തന്ത്രങ്ങളുണ്ടോ? ഫൈനോക്രാറ്റ് ടെക്‌നോളജീസിന്റെ സ്ഥാപകനും ഡയറക്റ്ററുമായ ഗൗരവ് ഗോയല്‍ നിര്‍ദേശിക്കുന്ന ഒരു മാര്‍ഗമിതാ...
''നിക്ഷേപകര്‍ ഓഹരി വാങ്ങുന്നതിന് മുമ്പ് പിഇ അനുപാതവും വരുമാന സാധ്യതകളും ശ്രദ്ധിക്കുക. അടിത്തറ ശക്തമായ വ്യക്തിഗത ഓഹരികള്‍ കണ്ടെത്തുക. 10നും 15നും ഇടയില്‍ പിഇ അനുപാതമുള്ള ഓഹരികള്‍ മികച്ച മൂല്യം നല്‍കിയേക്കാം,'' ഗൗരവ് പറയുന്നു.
40-30-30 എന്ന നിയമം അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നു. ഘട്ടംഘട്ടമായി ഓഹരി വാങ്ങുക എന്നതിലാണ് ഈ തന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
* വലിയ തിരുത്തലായി എന്ന ആദ്യ സൂചന ലഭിക്കുമ്പോള്‍ 40 ശതമാനം നിക്ഷേപിക്കാം.
* വിപണിയില്‍ കൂടുതല്‍ ഇടിവ് സംഭവിക്കുമ്പോള്‍ 30 ശതമാനം കൂടി നിക്ഷേപിക്കാം.
* വിപണി കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ കാട്ടുമ്പോള്‍ അടുത്ത 30 ശതമാനം നിക്ഷേപിക്കാം.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ റിസ്‌ക് കുറയുന്നു. ഈ മാതൃക ഒന്നു പരീക്ഷിച്ചു നോക്കുക.
(Originally published in Dhanam Magazine 31 March 2025 issue.)
Read DhanamOnline in English
Subscribe to Dhanam Magazine