canva
Markets

ഓഹരികള്‍ നല്ല ഇടിവില്‍; ഇത് വാങ്ങാന്‍ പറ്റിയ സമയമോ? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെയാണ്

ഭയന്ന് നിക്ഷേപങ്ങള്‍ വിറ്റഴിക്കുകയോ അതിവേഗ തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്യാതെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോയും ദീര്‍ഘകാല കാഴ്ചപ്പാടും നിലനിര്‍ത്തുക എന്നതാണ് അഭികാമ്യം

Dhanam News Desk

ട്രംപിന്റെ വ്യാപാര ചുങ്കത്തില്‍ തുടങ്ങി നിര്‍മിത ബുദ്ധി വഴി ഇറാന്‍ യുദ്ധത്തില്‍ എത്തിനില്‍ക്കുന്ന ആഗോള വിപണികള്‍ അടിക്കടിയുള്ള കയറ്റിറക്കങ്ങളിലും ചാഞ്ചാട്ടങ്ങളിലുമാണ്. ഓഹരി വിപണിയില്‍ ഇപ്പോള്‍ തുടര്‍ച്ചയായ ഇടിവ്. പശ്ചിമേഷ്യയില്‍ യുദ്ധസംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ വിപണികള്‍ ശാന്തമാവില്ല. ഇറാന്‍ ഒരു വശത്തും യുഎസ്, ഇസ്രയേല്‍ എന്നിവ മറുവശത്തുമായി ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ ഓയില്‍ വില ഉയര്‍ന്നതും ഓഹരി വിപണികളില്‍ അസ്ഥിരത സൃഷ്ടിച്ചതും നിക്ഷേപകരെ ആശങ്കയിലാക്കി. 1,000 കോടി രൂപയിലേറെ മൂല്യമുള്ള കമ്പനികളില്‍ മൂന്നില്‍ രണ്ടിന്റെയും ഓഹരി വില ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് മൂന്നിലൊന്നു വരെ ഇടിഞ്ഞിരിക്കുന്നു. 64 ശതമാനം കമ്പനികളും 20 ശതമാനത്തില്‍ കുറയാത്ത 'ഡിപ്പി'ല്‍. ഇപ്പോള്‍ വിപണിയില്‍ ഉയര്‍ന്നുവരുന്ന വലിയ ചോദ്യം ഇതാണ് - വില ഇടിഞ്ഞു നില്‍ക്കുന്ന ഈ സമയത്ത് ഓഹരികള്‍ വാങ്ങണോ, അതോ എണ്ണവിലയുടെ ആഘാതം കുറയുന്നത് വരെ കാത്തിരിക്കണോ?

ഉലയുന്നു, പക്ഷേ പരിഭ്രാന്തിയില്ല

എണ്ണവില ഉയര്‍ന്നാല്‍ ഗതാഗത ചെലവ് മുതല്‍ നിര്‍മ്മാണ ചെലവ് വരെ എല്ലാ മേഖലകളിലും സമ്മര്‍ദ്ദം ഉണ്ടാകും. ഇന്ത്യ പോലെ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് ഇത് കൂടുതല്‍ ആഘാതമുണ്ടാക്കും. വിദേശ നിക്ഷേപകര്‍ അപകടസാധ്യത കൂടുതലുള്ള വിപണികളില്‍നിന്ന് പണം പിന്‍വലിക്കാന്‍ തുടങ്ങുമ്പോള്‍ കറന്‍സികളിലും സമ്മര്‍ദ്ദം ഉണ്ടാകാം. രൂപയുടെ മൂല്യത്തിലും ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ പ്രകടമായിട്ടുണ്ട്.

'ഡിപ്പി'ല്‍ വാങ്ങണോ?

വിപണി ഇടിയുമ്പോള്‍ ഓഹരികള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്നതിനാല്‍ പല നിക്ഷേപകരും അത് അവസരമായി കാണാറുണ്ട്. എന്നാല്‍ വിദഗ്ധര്‍ അത്ര വേഗത്തില്‍ തീരുമാനമെടുക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷം ദീര്‍ഘകാലത്തേക്ക് നീണ്ടാല്‍ എണ്ണവില ഇനിയും ഉയര്‍ന്നേക്കാം. അങ്ങനെ സംഭവിച്ചാല്‍ ആഗോള വിപണികളില്‍ കൂടുതല്‍ ഇടിവ് സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതായത്, വിപണിയില്‍ ഇപ്പോള്‍ കാണുന്ന ഇടിവ് അതിന്റെ പരമാവധിയില്‍ എത്തിയെന്ന് എന്നര്‍ഥമില്ല. അതിനാല്‍ അതിവേഗം വലിയ നിക്ഷേപം നടത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കാം.

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അവസരം

ചരിത്രം നോക്കിയാല്‍ ആഗോള സംഘര്‍ഷങ്ങള്‍ വിപണിയെ താല്‍ക്കാലികമായി ബാധിച്ചെങ്കിലും പിന്നീട് വിപണി തിരിച്ചുവരുന്നുവെന്നാണ് അനുഭവം. അതുകൊണ്ട് ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കുന്നവര്‍ക്ക് വിപണി ഇടിവുകള്‍ ഉപയോഗപ്പെടുത്താവുന്ന പുതിയ അവസരമാകാം. ഒരുമിച്ച് വലിയ തുക നിക്ഷേപിക്കുന്നതിന് പകരം ക്രമമായി നിക്ഷേപം വര്‍ധിപ്പിക്കുന്നതോ SIP പോലുള്ള രീതികള്‍ തുടരുന്നതോ ആണ് ആശാസ്യമെന്ന് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.

ഏത് മേഖലകള്‍ക്ക് ഗുണം?

പശ്ചിമേഷ്യയിലെ സംഘര്‍ഷം വിവിധ മേഖലകളില്‍ വ്യത്യസ്ത സ്വാധീനം ചെലുത്തും. ഗുണം ലഭിക്കാവുന്ന മേഖലകള്‍ പൊതുവെ ഇവയാണ്: എണ്ണയും ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട കമ്പനികള്‍, പ്രതിരോധ (defence) വ്യവസായം, സുരക്ഷിത നിക്ഷേപങ്ങളായി കണക്കാക്കുന്ന സ്വര്‍ണം,

സമ്മര്‍ദ്ദം നേരിടാവുന്ന മേഖലകള്‍ ഇവയാണ്: എയര്‍ലൈന്‍ കമ്പനികള്‍ (ഇന്ധനച്ചെലവ് വര്‍ധന), ഗതാഗത മേഖല, ഇറക്കുമതിയെ ആശ്രയിക്കുന്ന വ്യവസായങ്ങള്‍.

എണ്ണവില നിര്‍ണായകം

ഇപ്പോഴത്തെ സാഹചര്യത്തില്‍ വിപണിയുടെ ഭാവി നിര്‍ണയിക്കുന്ന പ്രധാന ഘടകം ക്രൂഡ് ഓയില്‍ വില തന്നെയാണ്. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കത്തില്‍ തടസം സംഭവിക്കുകയോ എണ്ണവില കുത്തനെ ഉയരുകയോ ചെയ്താല്‍ വിപണിയില്‍ കൂടുതല്‍ ഇടിവ് ഉണ്ടാകാം. മറിച്ച് സംഘര്‍ഷം ശമിക്കുകയോ എണ്ണവില സ്ഥിരത കൈവരിക്കുകയോ ചെയ്താല്‍ വിപണികള്‍ വേഗത്തില്‍ തിരിച്ചുവരാനും സാധ്യതയുണ്ട്.

നിക്ഷേപകര്‍ക്കുള്ള പാഠം

ആഗോള, മേഖലാ സംഘര്‍ഷങ്ങള്‍ വിപണിയില്‍ വലിയ അലയൊലികള്‍ സൃഷ്ടിച്ചാലും അവ പലപ്പോഴും താല്‍ക്കാലിക അസ്ഥിരത മാത്രമായിരിക്കും. അതുകൊണ്ട് ഭയന്ന് നിക്ഷേപങ്ങള്‍ വിറ്റഴിക്കുകയോ അതിവേഗ തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്യാതെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോയും ദീര്‍ഘകാല കാഴ്ചപ്പാടും നിലനിര്‍ത്തുക എന്നതാണ് അഭികാമ്യം. വിപണി ഉലയുമ്പോള്‍ ഏറ്റവും വലിയ നിക്ഷേപ തന്ത്രം പലപ്പോഴും ക്ഷമയാകാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT