Image courtesy: canva 
Markets

പൊതുമേഖലാ ബാങ്കിൽ ഓഹരി നേടാൻ അവസരം; ലക്ഷ്യം ₹2,456 കോടിയുടെ മൂലധന സമാഹരണം

വിൽപനയ്ക്കുള്ള ഓഹരികളിൽ 10 ശതമാനം ചെറുകിട നിക്ഷേപകർക്കായി സംവരണം ചെയ്തിട്ടുണ്ട്

Dhanam News Desk

മുംബൈ ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ (CBI) 8 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഓഫർ ഫോർ സെയിൽ (OFS) വഴി ആയിരിക്കും വില്‍പ്പന, ഫ്ലോർ പ്രൈസ് (Floor Price) 31 രൂപയാണ്. ഇത് കഴിഞ്ഞ ദിവസത്തെ (വ്യാഴാഴ്ച) ക്ലോസിംഗ് വിലയായ 33.91 രൂപയേക്കാൾ ഏകദേശം 8.6 ശതമാനം ഡിസ്കൗണ്ടിലാണ് നിശ്ചയിച്ചിരിക്കുന്നത്.

പൊതു ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കും

ആകെ 8 ശതമാനം ഓഹരികളിൽ 4 ശതമാനം അടിസ്ഥാന ഓഫറും ബാക്കി 4 ശതമാനം ഓവർസബ്‌സ്‌ക്രിപ്ഷൻ ഓപ്ഷനുമാണ് (Greenshoe Option) ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിൽപന പൂർണമായും നടക്കുകയാണെങ്കിൽ സർക്കാരിന് ഏകദേശം 2,456 കോടി രൂപ സമാഹരിക്കാൻ സാധിക്കും. നിലവിൽ ബാങ്കിന്റെ 89.27 ശതമാനം ഓഹരികളും സർക്കാരിന്റെ കൈവശമാണ്.

സെബിയുടെ (SEBI) നിബന്ധനപ്രകാരം ലിസ്റ്റ് ചെയ്ത കമ്പനികളിൽ കുറഞ്ഞത് 25 ശതമാനം പൊതു ഓഹരി പങ്കാളിത്തം (Minimum Public Shareholding) ഉണ്ടായിരിക്കണം. ഈ മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഓഹരികൾ വിറ്റഴിക്കുന്നത്. വിൽപനയ്ക്ക് ശേഷം സർക്കാരിന്റെ ഓഹരി പങ്കാളിത്തം 81.27 ശതമാനമായി കുറയും.

മെയ് 22 ന് സ്ഥാപന നിക്ഷേപകർക്കായി (Non-retail) ആരംഭിച്ച ഒഎഫ്എസ്, മെയ് 25 ന് ചെറുകിട നിക്ഷേപകർക്കും (Retail investors) ജീവനക്കാർക്കുമായി തുറന്നുകൊടുക്കും. വിൽപനയ്ക്കുള്ള ഓഹരികളിൽ 10 ശതമാനം ചെറുകിട നിക്ഷേപകർക്കായി സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ, 75 ലക്ഷം ഓഹരികൾ ബാങ്ക് ജീവനക്കാർക്കായും മാറ്റിവെച്ചിട്ടുണ്ട്. ഗോൾഡ്മാൻ സാക്സ് (Goldman Sachs) ആണ് ഈ ഇടപാടിന്റെ ബ്രോക്കറായി പ്രവർത്തിക്കുന്നത്. ഈ സാമ്പത്തിക വർഷം ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയുടെ ഓഹരികളും സർക്കാർ സമാന രീതിയിൽ വിറ്റഴിച്ചിരുന്നു.

അതേസമയം ഓഹരി വിൽപ്പനയുടെ വാർത്തയെത്തുടർന്ന് ഇന്ന് (വെള്ളിയാഴ്ച) ബാങ്കിന്റെ ഓഹരി വിലയിൽ ഏകദേശം 8 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. വലിയ ഡിസ്കൗണ്ടില്‍ ഓഹരി വിൽപ്പന പ്രഖ്യാപിച്ചതാണ് വില താഴാൻ പ്രധാന കാരണമായത്. എന്‍എസ്ഇയിൽ ഓഹരി വില 31.22 രൂപ എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT