Markets

കയറ്റത്തിന് കാരണങ്ങളില്ല, ലാഭമെടുക്കല്‍ തകൃതി, ഇന്നും വീണ്‌ സൂചികകള്‍

നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.45 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.48 ശതമാനവും ഇടിഞ്ഞു

Resya Raveendran

വിപണിയെ ഉത്തേജിപ്പിക്കാന്‍ തക്ക കാര്യങ്ങളൊന്നും സംഭവിക്കാതിരുന്നത് തുടര്‍ച്ചയായ രണ്ടും ദിവസവും സൂചികകളെ ഇടിവിലാക്കി. സെന്‍സെക്‌സ് 0.55 ശതമാനം ഇടിഞ്ഞ് 83,938 പോയിന്റിലും നിഫ്റ്റി 0.60 ശതമാനം ഇടിഞ്ഞ് 25,722ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അടുത്തിടെയുണ്ടായ വലിയ ഉയരത്തില്‍ നിന്ന് ഇടിഞ്ഞു തുടങ്ങിയത് നിക്ഷേപകരെ കൂടുതല്‍ ലാഭമെടുപ്പിന് പ്രേരിപ്പിച്ചതും സൂചികകളുടെ നഷ്ടത്തിന് കാരണമായി.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

മുഖ്യധാര സൂചികകളുടെ ചുവടുപിടിച്ചാണ് വിശാലവിപണിയും നീങ്ങിയത്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.45 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.48 ശതമാനവും ഇടിഞ്ഞു. പി.എസ്.യു ബാങ്ക് ഒഴികെയുള്ള എല്ലാ സെക്ടറുകളും ഇന്ന് ചുവപ്പണിഞ്ഞു.

ഇന്നലെ യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ഈ വര്‍ഷം ഇനി പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് സൂചന നല്‍കിയതും യുഎസ-ചൈന വ്യാപാരക്കരാര്‍ ഫലപ്രാപ്തിയിലേക്ക് എത്താതിരുന്നതും വിദേശ നിക്ഷേപ സ്ഥാപനങ്ങളെ വീണ്ടും വില്‍പ്പനക്കാരാക്കി മാറ്റി. ഡോളര്‍ തിരിച്ചു വരവ് കാണിച്ചതും വിപണിയെ ബാധിച്ചു.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (FDI) പരിധി ഉയര്‍ത്തിയേര്‍ക്കുമെന്ന പ്രതീക്ഷകളും മെച്ചപ്പെട്ട രണ്ടാംപാദ ഫലങ്ങളുമാണ് പി.എസ്.യു ബാങ്ക് ഓഹരികളില്‍ മുന്നേറ്റമുണ്ടാക്കിയത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങല്‍ തുടര്‍ന്നത് വിപണിക്ക് ചെറിയ സ്ഥിരത നല്‍കി.

ഓഹരികളുടെ പ്രകടനം

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും ഭെല്ലും ആണ് ഇന്ന് നിഫ്റ്റിയില്‍ കൂടുതല്‍ മുന്നേറ്റം കാഴ്ചവച്ചത്. രണ്ടാം പാദത്തില്‍ ഭെല്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ലാഭം 18 ശതമാവും വരുമാനം 23 ശതമാനവും ഉയര്‍ന്നു. ഓഹരി വില നാല് ശതമാനത്തിനടുത്ത് ഉയര്‍ന്നു.

ഓഹരികളുടെ ഉയര്‍ച്ചയും താഴ്ചയും

വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുമെന്ന പ്രതീക്ഷയില്‍ പൊതുമേഖല ബാങ്ക് ഓഹരികളായ കനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയും ഉയര്‍ന്നു.

സെബിയുടെ പുതിയ ഇന്‍ഡെക്‌സ് നിയമങ്ങള്‍ വന്നത് എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഒ എന്നിവയെ സമ്മര്‍ദ്ദത്തിലാക്കി.

രണ്ടാം പാദഫലങ്ങള്‍ പുറത്തു വന്നത് എംഫസിസ് ഓഹരികളെ നാല് ശതമാനം ഇടിവിലാക്കി.

വരുമാനം ഉയര്‍ന്നെങ്കിലും ലാഭക്ഷമത കുറഞ്ഞത് സ്വിഗിയുടെ മാതൃകമ്പനിയായ എറ്റേണല്‍ ഓഹരികളിലും ഇടിവുണ്ടാക്കി. 1,092 കോടി രൂപയാണ് രണ്ടാം പാദത്തില്‍ സ്വിഗിയുടെ നഷ്ടം.

രണ്ടാം പാദഫലങ്ങള്‍ പുറത്തുവിട്ട ഡാബര്‍ ഓഹരികളും നഷ്ടത്തിലാണ്.

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തില്‍ ഘട്ടങ്ങളായി നിയന്ത്രണങ്ങള്‍ കൊണ്ടു വരുമെന്ന സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെയുടെ പ്രസ്താവന ബി.എസ്.ഇ ഉള്‍പ്പെടെയുള്ള ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഓഹരികളുടെ വിലയില്‍ ഇടിവുണ്ടാക്കിയെങ്കിലും പിന്നീട് തിരിച്ചു കയറി.

ആവേശമില്ലാതെ കേരള ഓഹരികളും

കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നഷ്ടത്തില്‍ നിലയുറപ്പിച്ചു. ടി.സി.എം ഓഹരികളാണ് 9.48 ശതമാനം മുന്നേറ്റവുമായി കേരളകമ്പനികളില്‍ മുന്നില്‍.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

പ്രൈമ അഗ്രോ 5.49 ശതമാനം, വി.ടി നാച്വറല്‍ പ്രോഡക്ട്‌സ് 5.29 ശതമാനം എന്നിങ്ങനെ മുന്നേറ്റം കാഴ്ചവച്ചു. ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ് ഓഹരികളില്‍ 10.37 ശതമാനം ഇടിവ് രേഖപ്പെടുത്തി. കേരള ആയുര്‍വേദയാണ് നഷ്ടത്തില്‍ തൊട്ടുപിന്നില്‍. ഓഹരി വില നാല് ശതമാനത്തിലധികം ഇടിഞ്ഞു. കിറ്റെക്‌സ്, കല്യാണ്‍, ഫാക്ട്, ആസ്റ്റര്‍ തുടങ്ങിയ ഓഹരികളും ഇന്ന് ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT