Markets

ടോളിന്‍സിന് ലിസ്റ്റിംഗില്‍ തിളക്കമില്ല, പീന്നീട് ഓഹരി അപ്പര്‍ സര്‍ക്യൂട്ടടിച്ചു

ഐ.പി.ഒയ്ക്ക് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്, ഗ്രേ മാര്‍ക്കറ്റ് വ്യാപാരത്തിലും ഓഹരി വില ഉയരത്തിലായിരുന്നു

Resya Raveendran

കേരളം ആസ്ഥാനമായ ടയര്‍ നിര്‍മാണ കമ്പനിയായ ടോളിന്‍സ് ടയേഴ്‌സ് ഓഹരികള്‍ ഇന്ന് ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്തു. പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക്‌  (ഐ.പി.ഒ) ലഭിച്ച ആവേശം പക്ഷെ ലിസ്റ്റിംഗില്‍ ഉണ്ടായില്ല. പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ)യുടെ ഉയര്‍ന്ന വിലയായ 226 രൂപയില്‍ നിന്ന് വെറും 0.4 ശതമാനം ഉയര്‍ന്ന് 227 രൂപയിലായിരുന്നു ബി.എസ്.ഇയില്‍ ലിസ്റ്റിംഗ്. എന്‍.എസ്.ഇയില്‍ ഒരു ശതമാനത്തോളം ഉയര്‍ന്ന് 228 രൂപയിലും.

തുടക്കം പ്രതീക്ഷിച്ച പോലെയായില്ലെങ്കിലും വ്യാപാരം ഒരു മണിക്കൂറോളം പിന്നിട്ടപ്പോള്‍ ഓഹരി 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. ഓഹരിയൊന്നിന് 238.30 രൂപയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 941 കോടിയായി.

25 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ നേടിയ  ഐ.പി.ഒ

230 കോടി രൂപ സമാഹരണ ലക്ഷ്യവുമായി നടത്തിയ ഐ.പി.ഒയ്ക്ക് മികച്ച പ്രതികരണാണ് നിക്ഷേപകരില്‍ നിന്ന് ലഭിച്ചത്. പുതു ഓഹരികളും ഓഫര്‍ ഫോര്‍ സെയിലും (ഒ.എഫ്.എസ്) അടക്കമുള്ള ഐ.പി.ഒയ്ക്ക് 215 രൂപ മുതല്‍ 226 രൂപ വരെയായിരുന്നു പ്രൈസ് ബാന്‍ഡ്. 200 കോടി രൂപ മൂല്യം വരുന്ന 88 ലക്ഷം പുതു ഓഹരികളും 30 കോടി രൂപ മൂല്യം വരുന്ന 13 ലക്ഷം ഓഹരികളുമായിരുന്നു പുറത്തിറക്കിയത്. ഐ.പി.ഒയ്ക്ക് ഓഫര്‍ സൈസിനേക്കാള്‍ 24 മടങ്ങ് അധിക സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചു.

കമ്പനിയുടെ ബിസിനസ് മോഡലിലും വളര്‍ച്ചാ സാധ്യതകളിലും നിക്ഷേപകര്‍ക്കുള്ള വിശ്വാസം വിവിധ വിഭാഗം ഓഹരി നിക്ഷേപകരില്‍ മികച്ച സ്വീകാര്യത ലഭിക്കാനിടയാക്കി. സ്ഥാപന നിക്ഷേപകര്‍ക്കായി നീക്കി വച്ച ഓഹരികളില്‍ 28 മടങ്ങും സ്ഥാപന ഇതര നിക്ഷേപകര്‍ക്കായുള്ളത് 26 മടങ്ങും ചെറുകിട നിക്ഷേപകര്‍ക്കായുള്ളത് 26 മടങ്ങും സബ്‌സ്‌ക്രിപ്ഷന്‍ നേടിയിരുന്നു.

ഗ്രേ മാര്‍ക്കറ്റിൽ തിളങ്ങി 

ഓഹരി വിപണിക്കു പുറത്തുള്ള അനൗദ്യോഗിക വിപണിയില്‍ (ഗ്രേ മാര്‍ക്കറ്റ്) ഓഹരി 13 ശതമാനത്തോളം വില ഉയര്‍ന്നാണ് വ്യാപാരം നടത്തിയിരുന്നത്. ലിസ്റ്റിംഗ് വിലയുടെ ഒരു സൂചനയായാണ് ഗ്രേ മാര്‍ക്കറ്റ് വിലയെ കാണാറുള്ളത്. അതിനടുത്തായിരിക്കും ടോളിന്‍സിന്റെയും ലിസ്റ്റിംഗ് വില എന്നായിരുന്നു അനലിസ്റ്റുകളുടെ പ്രതീക്ഷ. എന്നാല്‍ ഇതില്‍ നിന്ന് വളരെ  താഴെയായിരുന്നു ലിസ്റ്റിംഗ് വില.

ലിസ്റ്റിംഗ് പ്രകടനം 

കഴിഞ്ഞ മാസം കേരളത്തില്‍ നിന്ന് ലിസ്റ്റ് ചെയ്ത സോള്‍വ് പ്ലാസ്റ്റിക് (ബാല്‍കോ) 12 ശതമാനം പ്രീമിയത്തിലായിരുന്നു ലിസ്റ്റ് ചെയ്തത്. തുടർന്ന് ഓഹരി വില അപ്പർ സർക്യൂട്ട് അടിക്കുകയും ചെയ്തിരുന്നു. അതേസമയം, ഈ വര്‍ഷം മാര്‍ച്ചില്‍ ലിസ്റ്റ് ചെയ്ത പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ഓഹരി ഐ.പി.ഒ വിലയേക്കാള്‍ 1.02 ശതമാനം താഴ്ന്നാണ് ലിസ്റ്റിംഗ് നടത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT