Markets

ഈ കേരള ടയര്‍ കമ്പനിയുടെ ഐ.പി.ഒ 9 മുതല്‍; ലക്ഷ്യം 230 കോടി രൂപ, കൂടുതല്‍ വിവരങ്ങളറിയാം

മിഡില്‍ ഈസ്റ്റ്, ആസിയാന്‍ രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട് കമ്പനി

Dhanam News Desk

കേരളത്തിലെ പ്രമുഖ ടയര്‍ കമ്പനികളിലൊന്നായ ടോളിന്‍സ് ടയേഴ്‌സ് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്/ഐ.പി.ഒ) സെപ്റ്റംബര്‍ ഒന്‍പതിന് തുടക്കമാകും. 230 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. 215-226 പ്രൈസ് ബാന്‍ഡിലാണ് ഓഹരികള്‍ക്ക് വില നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 16ന് സ്റ്റോക്ക് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിക്കും. ഐ.പി.ഒയില്‍ 200 കോടി രൂപയുടെ പുതിയ ഓഹരികളും 30 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് (OFS) ഉണ്ടാകുക. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 11 വരെയാണ് ഐ.പി.ഒ.

കാലടി മറ്റൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടോളിന്‍സ് ടയേഴ്‌സ്. 200 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ പുതിയ ഇഷ്യൂവിന്റെയും പ്രമോട്ടര്‍മാരുടെ 30 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയില്‍ ഷെയറുകളുടെയും മിശ്രിതമായിരിക്കും ഐ.പി.ഒ.

92 ശതമാനം ഓഹരികളും കുടുംബത്തിന്

1982ല്‍ കെ.പി. വര്‍ക്കിയാണ് ടോളിന്‍സ് ടയേഴ്‌സ് സ്ഥാപിക്കുന്നത്. ടോളിന്‍സ് കുടുംബത്തിന് മൊത്തം 92.64 ശതമാനം ഓഹരികള്‍ കമ്പനിയിലുണ്ട്. ഇതില്‍ 83.31 ശതമാനം ഓഹരികളും കാലംപറമ്പില്‍ വര്‍ക്കി ടോളിന്‍, ഭാര്യ ജെറിന്‍ ടോളിന്‍ എന്നിവരുടെ കൈവശമാണ്. ജെറിന്‍ ടോളിന്റെ പിതാവായ ജോസ് തോമസിന്റെ കൈവശം 8.47 ശതമാനം ഓഹരിയുമുണ്ട്. 15 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ പ്രമോട്ടര്‍മാര്‍ വിറ്റഴിക്കും. ഓഹരി വില്പനയിലൂടെ കമ്പനിയുടെ കടംവീട്ടുന്നതിനൊപ്പം 75 കോടി രൂപ ദീര്‍ഘകാല മൂലധനമായും ഉപയോഗിക്കും.

ടോളിന്‍സ് റബ്ബേഴ്‌സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനത്തില്‍ 24.37 കോടി രൂപ നിക്ഷേപിക്കും. ഇതില്‍ 16.37 കോടി രൂപ സബ്‌സിഡിയറിയുടെ കടം തിരിച്ചടക്കുന്നതിനും എട്ടു കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും. 2024 ജനുവരിയിലെ കണക്കനുസരിച്ച് കമ്പനിയുടെ മൊത്തം കടം 95.09 കോടി രൂപയാണ്.

ടോളിന്‍സ് ടയര്‍ ബ്രാന്‍ഡില്‍ ചെറു വാണിജ്യ വാഹനങ്ങള്‍, കാര്‍ഷിക വാഹനങ്ങള്‍, ഇരുചക്ര/മുച്ചക്ര വാഹനങ്ങള്‍ എന്നിവയ്ക്കു ടയറുകള്‍ നിര്‍മിച്ചു നല്‍കി വരുന്നു. ഇന്ത്യ കൂടാതെ മിഡില്‍ ഈസ്റ്റ്, ആസിയാന്‍ രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു. നിലവില്‍ 18 രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്.

പുതിയ ടയര്‍ നിര്‍മിക്കുന്നതിനൊപ്പം ട്രെഡ്‌സ് ടയര്‍ രംഗത്തും സജീവമാണ്. ടോളിന്‍സിന് മൂന്ന് നിര്‍മാണ യൂണിറ്റുകളാണുള്ളത്. രണ്ടെണ്ണം കാലടിയിലെ മറ്റൂരിലും മറ്റൊന്ന് യു.എ.ഇയിലെ അല്‍ ഹംറ ഇന്‍ഡസ്ട്രീയല്‍ സോണിലുമാണ്.

2024 സാമ്പത്തികവര്‍ഷം 227 കോടി രൂപയുടെ വരുമാനം നേടാന്‍ ടോളിന്‍സിന് സാധിച്ചിരുന്നു. 26 കോടി രൂപയാണ് ലാഭം. വരുമാനത്തിന്റെ 76 ശതമാനം റീട്രെഡ് ടയറുകളുടെ വില്പനയില്‍ നിന്നായിരുന്നു. 172 കോടി രൂപയാണ് ഈ വിഭാഗത്തില്‍ നിന്ന് നേടിയത്. പുതിയ ടയറുകളുടെ വില്പനയില്‍ നിന്നുള്ള വരുമാനം 55 കോടി രൂപയാണ്. 12 കോടി രൂപയാണ് കയറ്റുമതിയില്‍ നിന്ന് സ്വന്തമാക്കിയത്. ആകെ വരുമാനത്തിന്റെ അഞ്ച് ശതമാനം വരുമിത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT