Image Courtesy: Canva 
Markets

14 തുറമുഖങ്ങളുടെ ശൃംഖലയുള്ള അദാനി കമ്പനി മുതല്‍ പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനം വരെ, മധ്യ-ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ 3 ഓഹരികള്‍

അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യ ലിമിറ്റഡ് റിസര്‍ച്ച് ടീം തയ്യാറാക്കിയ ഓഹരി ഉപദേശം

Dhanam News Desk

1. അദാനി പോര്‍ട്ട്സ് & സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്

സിഎംപി: 1,325 രൂപ ടാര്‍ഗറ്റ്: 1,590 രൂപ

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ, ലോജിസ്റ്റിക്സ് കമ്പനിയാണ് ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്. ഇന്ത്യന്‍ തീരപ്രദേശങ്ങളിലുടനീളമുള്ള 14 തുറമുഖങ്ങളുടെയും ടെര്‍മിനലുകളുടെയും ശൃംഖല തന്നെയുണ്ട് കമ്പനിക്ക്. കണ്ടെയ്നറുകള്‍ കല്‍ക്കരി, അസംസ്‌കൃത എണ്ണ, എല്‍എന്‍ജി തുടങ്ങി വൈവിധ്യമാര്‍ന്ന ചരക്കുകള്‍ ഇതിലൂടെ കൈകാര്യം ചെയ്യുന്നു. കമ്പനി പ്രത്യേക സാമ്പത്തിക മേഖലകള്‍ വികസിപ്പിക്കുകയും ലോജിസ്റ്റിക്സ് സംബന്ധമായ എല്ലാ സേവനങ്ങളും നല്‍കുകയും ചെയ്യുന്നു. രാജ്യത്തെ ആകെ ചരക്കുനീക്കത്തിന്റെ 25 ശതമാനവും കൈകാര്യം ചെയ്യുന്നത് അദാനി തുറമുഖങ്ങളാണ്.

തുടര്‍ച്ചയായ വിപുലീകരണ പ്രവര്‍ത്തനങ്ങളിലൂടെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ചരക്ക് കൈമാറ്റം കൈകാര്യം ചെയ്യാന്‍ സജ്ജമാകുകയാണ് കമ്പനി. രാജ്യത്തിനകത്തും പുറത്തും തന്ത്രപരമായ ഏറ്റെടുക്കലുകളും ശേഷി വിപുലീകരണവുമായി കൂടുതല്‍ മത്സരക്ഷമമാകാനുള്ള ശ്രമത്തിലാണ്. പ്രധാന വ്യാപാര പാതകളില്‍ സ്ഥിതി ചെയ്യുന്ന അദാനി തുറമുഖങ്ങള്‍ ശക്തമായ കണക്ടിവിറ്റിയും വേഗത്തിലുള്ള ചരക്ക് നീക്കവും ഉറപ്പാക്കുന്നുണ്ട്. പോര്‍ട്ട് ഓപറേഷന്‍സ്, ഇന്‍ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട്, വെയര്‍ഹൗസിംഗ് തുടങ്ങി സമഗ്രമായ ലോജിസ്റ്റിക്സ് സേവനങ്ങളിലൂടെ കമ്പനി മികച്ച കാര്യക്ഷമത കാട്ടുന്നതിനൊപ്പം ഉപഭോക്താക്കളെ നിലനിര്‍ത്തുകയും ചെയ്യുന്നു.

സാമ്പത്തികമായി കരുത്തുറ്റ നിലയിലാണ് അദാനി പോര്‍ട്ട്സ്. മികച്ച പ്രവര്‍ത്തന ലാഭവും ആരോഗ്യപരമായ ക്യാഷ്ഫ്ളോയും കമ്പനിക്കുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 9,126 കോടി രൂപ വരുമാനവും 3,311 കോടി രൂപ അറ്റാദായവും കമ്പനി നേടിയിട്ടുണ്ട്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 7,560 കോടി രൂപയും അറ്റലാഭം 3,107 കോടി രൂപയുമായിരുന്നു. നിലവിലെ വിപണി വിലയായ 1,325 രൂപയില്‍ ഓഹരി 25 മടങ്ങ് പി/ഇയില്‍ ലഭ്യമാണ്. ഇടത്തരം ദീര്‍ഘകാലയളവില്‍ ഇത് ആകര്‍ഷകമാണ്.

2. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്

സിഎംപി: 382 രൂപ ടാര്‍ഗറ്റ്: 450 രൂപ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെല്‍) നവരത്ന കമ്പനികളില്‍പ്പെട്ട പൊതുമേഖലാ സ്ഥാപനമാണ്. പ്രതിരോധ, വാര്‍ത്താവിനിമയ മേഖലകള്‍ക്ക് ആവശ്യമായ ഇലക്ട്രോണിക്സ് ടെക്നോളജി സൊല്യൂഷന്‍സ് വികസിപ്പിച്ചെടുക്കുകയാണ് കമ്പനി. നാവിഗേഷന്‍ സിസ്റ്റം, വാര്‍ത്താവിനിമയ ഉല്‍പ്പന്നങ്ങള്‍, റഡാറുകള്‍, നേവല്‍ സിസ്റ്റം, ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റം തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിര ബെല്ലിനുണ്ട്.

ഇന്ത്യന്‍ പ്രതിരോധ രംഗത്ത് മേധാവിത്വം പുലര്‍ത്തുന്ന കമ്പനി, പ്രതിരോധ സേനയ്ക്ക് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നല്‍കി മികച്ച ട്രാക്ക് റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്. 2025-26 വര്‍ഷത്തില്‍ പ്രതിരോധ മേഖലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 6.8 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ ആറ് ശതമാനം അധികമാണിത്. തദ്ദേശീയമായ ഉല്‍പ്പാദനത്തെയും കയറ്റുമതി കേന്ദ്രീകൃത വളര്‍ച്ചയെയും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയം ബെല്ലിന് നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ കരസേന, വ്യോമ സേന എന്നിവിടങ്ങളില്‍ നിന്നായി 30,000 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ ഉടനെ ലഭ്യമാകുമെന്ന് കരുതുന്നു. 2025 സാമ്പത്തിക വര്‍ഷം 18,000 കോടി രൂപയുടെ ഓര്‍ഡറുകളാണ് ബെല്ലിന് ലഭിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 50,000 കോടി രൂപയുടെ അധിക വരവും കമ്പനി പ്രതീക്ഷിക്കുന്നു.

2025 സാമ്പത്തിക വര്‍ഷം ആര്‍ & ഡിക്കും മറ്റുമായി 900 കോടി രൂപയാണ് കമ്പനി ചെലവിട്ടത്. നടപ്പ് സാമ്പത്തിക വര്‍ഷം വന്‍കിട ഫാക്ടറികളുടെ നിര്‍മാണം അടക്കം 1,000 കോടി രൂപ മൂലധനച്ചെലവ് കണക്കാക്കുന്നു.

2026 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 4,440 കോടി രൂപ കമ്പനി വരുമാനം നേടി. തൊട്ടു മുന്‍വര്‍ഷം ഇത് 4,244 കോടി രൂപയായിരുന്നു. അറ്റലാഭം 791 കോടി രൂപയില്‍ നിന്ന് 969 കോടി രൂപയായി വര്‍ധിച്ചു. നിലവിലെ വിപണി വിലയായ 382 രൂപയില്‍ ഓഹരി 50 മടങ്ങ് പി/ഇയില്‍ ലഭ്യമാണ്. ഇടത്തരം ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യം.

3. സിജി പവര്‍ & ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് ലിമിറ്റഡ്

സിഎംപി: 663 രൂപ ടാര്‍ഗറ്റ്: 782 രൂപ

മുരുഗപ്പ ഗ്രൂപ്പിന് കീഴിലുള്ള ട്യൂബ് ഇന്‍വെസ്റ്റ്മെന്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഭാഗമാണ് സിജി പവര്‍ & ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് ലിമിറ്റഡ്.

ട്രാന്‍സ്ഫോര്‍മറുകള്‍, സ്വിച്ച്ഗിയര്‍, ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് തുടങ്ങി പവര്‍, ഇന്‍ഡസ്ട്രിയല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകള്‍ക്ക് ആവശ്യമായ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയാണിത്. വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിര കമ്പനിക്കുണ്ട്. അത് വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 662 കോടി രൂപ ചെലവിട്ട് ട്രാന്‍സ്ഫോര്‍മര്‍ നിര്‍മാണ ശേഷി വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇന്‍സ്ട്രുമെന്റ് ട്രാന്‍സ്ഫോര്‍മര്‍, കാന്‍സര്‍ ബുഷിംഗ്സ്, മീഡിയം വോള്‍ട്ടേജ് സ്വിച്ച് ഗിയറുകള്‍, ജിഐഎസ് യൂണിറ്റുകള്‍ എന്നിവയുടെ ഉല്‍പ്പാദനത്തിനായും തുക വകയിരുത്തിയിട്ടുണ്ട്.

ജപ്പാനിലെ റെനേസാസ് ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍, തായ്ലന്‍ഡിലെ സ്റ്റാര്‍സ് മൈക്രോ ഇലക്ട്രോണിക്സ് എന്നിവയുമായി ചേര്‍ന്ന് വന്‍ മുതല്‍മുടക്കില്‍ സെമി കïക്ടര്‍ ടെസ്റ്റിംഗ് ഫെസിലിറ്റിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കൂട്ടുസംരംഭത്തില്‍ 92.34 ശതമാനം ഓഹരി സിജി പവറിനായിരിക്കും. 7,600 കോടി രൂപയാണ് ആകെ നിക്ഷേപം. ഇതിലൂടെ ഔട്ട്സോഴ്സ് ചെയ്യപ്പെടുന്ന സെമി കണ്ടക്ടര്‍ അസംബ്ലി, ടെസ്റ്റിംഗ് ഫെസിലിറ്റി ഇന്ത്യയില്‍ ഒരുങ്ങും. അക്സിറോ സെമികïക്ടര്‍ എന്ന സ്ഥാപനത്തിലൂടെ ചിപ്പ് ഡിസൈന്‍ രംഗത്തേക്കും സിജി പവര്‍ കടന്നിട്ടുണ്ട്. ചിപ്പ് ഡിസൈന്‍, നിര്‍മാണം തുടങ്ങിയവയ്ക്ക് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍സെന്റീവിന്റെ ആനുകൂല്യം നേടുന്ന ആദ്യ കമ്പനികളിലൊന്നായി ഇത് മാറും.

അടിസ്ഥാന സൗകര്യ വികസനത്തിലെ കുതിപ്പ്, വ്യവസായവല്‍ക്കരണം, നഗരവല്‍കരണം എന്നിവയുടെ സാഹചര്യത്തില്‍ വലിയ വളര്‍ച്ചാ സാധ്യതകളാണ് കമ്പനിക്കുള്ളത്. കരുത്തുറ്റ ബാലന്‍സ് ഷീറ്റാണ് കമ്പനിക്കുള്ളത്. കാര്യമായി കടമില്ല. 2025 സാമ്പത്തിക വര്‍ഷത്തില്‍ 10,631 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയിട്ടുï്. മുന്‍ വര്‍ഷത്തേക്കാള്‍ 66 ശതമാനം അധികമാണിത്. 2026 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 267 കോടി രൂപ അറ്റലാഭം നേടിയിട്ടുണ്ട്. 2,878 കോടി രൂപയാണ് വരുമാനം.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Acumen Capital Market India recommends three stocks—Adani Ports, Bharat Electronics (BEL), and CG Power—for medium to long-term investment. Explore growth prospects, earnings, and sectoral strengths.

(ധനം മാഗസിന്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT