Image courtesy: Canva
Markets

കഴിഞ്ഞ 10 വർഷമായി തുടർച്ചയായി ഡിവിഡന്റ് വർധിപ്പിക്കുന്ന 4 ഓഹരികൾ; നിങ്ങളുടെ കൈവശമുണ്ടോ?

ആരോഗ്യകരമായ ബാലൻസ് ഷീറ്റും ശക്തമായ പണമൊഴുക്കും മികച്ച മാനേജ്‌മെന്റും ഉണ്ടെങ്കിൽ മാത്രമേ ഒരു കമ്പനിക്ക് പതിറ്റാണ്ടുകളോളം ഡിവിഡന്റ് കൂട്ടി നൽകാൻ സാധിക്കൂ

Dhanam News Desk

ഡിവിഡന്റ് ഇൻവെസ്റ്റിംഗ് അഥവാ ലാഭവിഹിതം നോക്കിയുള്ള നിക്ഷേപം വിരസമായ ഒന്നാണെന്ന് കരുതുന്നവരുണ്ടാകാം. എന്നാൽ കഴിഞ്ഞ പത്തു വർഷത്തിലേറെയായി തുടർച്ചയായി ഡിവിഡന്റ് വർധിപ്പിക്കുന്ന കമ്പനികൾ വിപണിയിൽ തികച്ചും വ്യത്യസ്തമായ ഒരു വിഭാഗമാണ്. ആരോഗ്യകരമായ ബാലൻസ് ഷീറ്റും ശക്തമായ പണമൊഴുക്കും മികച്ച മാനേജ്‌മെന്റും ഉണ്ടെങ്കിൽ മാത്രമേ ഒരു കമ്പനിക്ക് പതിറ്റാണ്ടുകളോളം ഡിവിഡന്റ് കൂട്ടി നൽകാൻ സാധിക്കുകയുള്ളു എന്നതും ശ്രദ്ധേയം. വിപണിയിലെ ഹ്രസ്വകാല ചാഞ്ചാട്ടങ്ങൾക്കിടയിലും ദീർഘകാല നിക്ഷേപകർക്ക് 'വരുമാന സുരക്ഷിതത്വം' നൽകുന്ന 4 മുൻനിര ഓഹരികളുടെ വിശദാംശം നോക്കാം.

ഇൻഫോസിസ്

ഇന്ത്യൻ ഐ.ടി മേഖലയിൽ നിക്ഷേപകർക്ക് സ്ഥിരതയോടെ ലാഭവിഹിതം നൽകുന്ന മുൻനിര കമ്പനികളിലൊന്നാണ് ഇൻഫോസിസ് (BSE: 500209, NSE: INFY). കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കമ്പനി നൽകുന്ന ലാഭവിഹിതത്തിൽ വർധന പ്രകടമാണ്. നിലവിൽ ലാർജ്-ക്യാപ് വിഭാ​ഗം ഐടി ഓഹരികളുടെ കൂട്ടത്തിൽ നിന്നും ഏറ്റവും ഉയർന്ന ഡിവിഡന്റ് യീൽ‍ഡ് (4.10%) രേഖപ്പെടുത്തുന്നതും ഇൻഫോസിസ് ആണ്.

അതേസമയം ആഗോളതലത്തിൽ കമ്പനികളുടെ ഐ.ടി അധിഷ്ഠിത ചെലവിടലുകൾ കുറഞ്ഞത് വെല്ലുവിളിയായെങ്കിലും, 2025-26 സാമ്പത്തിക വർഷത്തിൽ ഇൻഫോസിസിന്റെ വരുമാനത്തിൽ 9.6% വളർച്ചയും പ്രവർത്തന ലാഭ മാർജിൻ 21% ആയി നിലനിർത്താനും സാധിച്ചിട്ടുണ്ട്. ശക്തമായ സാമ്പത്തിക അടിത്തറയുള്ളതിനാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും (AI) വിദഗ്ദ്ധ തൊഴിൽ ശേഷിയിലും നിക്ഷേപങ്ങൾ തുടരുന്നതിനൊപ്പം തന്നെ ഉയർന്ന ഡിവിഡന്റ് വിതരണം ചെയ്യാനും ഇൻഫോസിസിന് സാധിച്ചേക്കും എന്നാണ് അനലി​സ്റ്റുകളുടെ വിലയിരുത്തൽ.

എംഫസിസ്

ഇടത്തരം ഐടി കമ്പനി എന്ന നിലയിൽ നിന്നും എഐ അധിഷ്ഠിത പരിവർത്തന പങ്കാളി (Transformation Partner) എന്ന പദവിയിലേക്ക് എംഫസിസ് (BSE: 526299, NSE: MPHASIS) മാറിക്കൊണ്ടിരിക്കുകയാണ്. ബാങ്കിം​ഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് (BFSI Sector) തുടങ്ങിയ മേഖലയിൽ നിന്നും ലഭിക്കുന്ന പുതിയ കരാറുകളും കമ്പനിയുടെ മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും ഇതിലേക്ക് വിരൽചൂണ്ടുന്നു.

കമ്പനിയുടെ 12 മാസത്തെ ആകെ കരാർ മൂല്യം 68% വർദ്ധിച്ച് 210 കോടി ഡോളറിലെത്തി (ഏകദേശം 20,000 കോടി രൂപ). ഇതിൽ എ.ഐ അധിഷ്ഠിത കരാറുകൾ ഇരട്ടിയിലധികമായി വർദ്ധിച്ച് 130 കോടി ഡോളറായപ്പോൾ (ഏകദേശം 12,500 കോടി രൂപ), എംഫസിസിന് ലഭിക്കാനിരിക്കുന്ന ആകെ ഓർഡറുകളുടെ (Pipeline) 69 ശതമാനവും എ.ഐ അധിഷ്ഠിത പ്രോജക്റ്റുകളിലാണ് എന്നതും ശ്രദ്ധേയം. അതേസമയം ലാഭവിഹിതം വിതരണം ചെയ്യുന്നതിൽ സ്ഥിരത പുലർത്തുന്ന എംഫസിസ് ഓഹരിയുടെ നിലവിലെ ഡിവിഡന്റ് യീൽഡ് 2.57% ആണ്.

ഇസ‍ഡ്.എഫ് കൊമേഷ്യൽ വെഹിക്കിൾ

ട്രക്കുകൾ, ബസുകൾ എന്നിവയ്ക്കായുള്ള ഇലക്ട്രോണിക് സുരക്ഷാ സംവിധാനങ്ങളുടെ നിർമ്മാണ മേഖലയിലാണ് ഇസ‍ഡ്.എഫ് കൊമേഴ്സ്യൽ വെഹിക്കിൾ കൺട്രോൾ സിസ്റ്റംസ് (BSE: 533023, NSE: ZFCVINDIA) പ്രവർത്തിക്കുന്നത്. ദീർഘകാലമായി ലാഭവിഹിതം വർധിപ്പിക്കുന്നതിൽ സ്ഥിരത പുലർത്തുന്ന കമ്പനിയുടെ നിലവിലെ ഡിവിഡന്റ് യീൽഡ് 0.13% ആണ്. രാജ്യത്ത് വാഹന സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നത് വഴി ഓരോ വാഹനത്തിലും ഉപയോഗിക്കുന്ന സുരക്ഷാ ഉപകരണങ്ങളുടെ അളവ് വർധിക്കുന്നത് കമ്പനിക്ക് അനുകൂല സാഹചര്യമൊരുക്കുന്നു.

അതുപോലെ ലോ-ഫ്ലോർ ബസുകൾക്കായുള്ള ഇ.സി.എ.എസ്, ഇലക്ട്രിക് ബസുകൾക്കായുള്ള ആധുനിക ബ്രേക്കിംഗ് സംവിധാനങ്ങൾ എന്നിവ തദ്ദേശീയമായി ഉത്പാദിപ്പിക്കാൻ തുടങ്ങിയത് കമ്പനിയുടെ മൂല്യം വർധിപ്പിക്കുന്നു. ഇലക്ട്രിക് ബസുകളിൽ ഇ-കംപ്രസ്സറുകളുടെ ഉപയോഗം കൂടുതലാണെന്നതും സർക്കാർ ടെണ്ടറുകളും ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ വഴിയുള്ള കയറ്റുമതി സാധ്യതകളും കമ്പനിയുടെ വളർച്ചയ്ക്ക് കരുത്ത് പകരും.

കെ.ഇ.ഐ ഇൻഡസ്ട്രീസ്

ഇന്ത്യയിലെ ഊർജ്ജം, റിയൽ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലുണ്ടായ നിക്ഷേപ വളർച്ചയുടെ പിൻബലത്തിൽ, വെറുമൊരു കേബിൾ-വയർ നിർമ്മാതാക്കൾ എന്ന നിലയിൽ നിന്നും പ്രമുഖ ബ്രാൻഡഡ് ഇലക്ട്രിക്കൽ ഉത്പന്ന കമ്പനിയായി കെ.ഇ.ഐ ഇൻഡസ്ട്രീസ് (BSE: 517569, NSE: KEI) മാറിയിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കമ്പനി പ്രതിവർഷം നൽകുന്ന ലാഭവിഹിതത്തിൽ വർധനയുണ്ടെങ്കിലും, നിലവിലെ ഡിവിഡന്റ് യീൽഡ് 0.09% എന്ന കുറഞ്ഞ നിരക്കിലാണുള്ളത്.

ഉത്പാദന ശേഷിയിലെ പരിമിതികൾ നേരിട്ടെങ്കിലും, റീട്ടെയിൽ വിപണിയിലെ മികച്ച പ്രകടനവും ഉയർന്ന കയറ്റുമതിയും പ്രവർത്തനക്ഷമതയിലെ പുരോഗതിയും തുണച്ചതോടെ 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനത്തിൽ 21% വളർച്ച രേഖപ്പെടുത്തി. ഇതോടൊപ്പം പ്രവർത്തന ലാഭ മാർജിൻ 10.5 ശതമാനമായി മെച്ചപ്പെടുകയും ചെയ്തു. അതേസമയം ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനും അനുബന്ധ ഘടകങ്ങളുടെ ആഭ്യന്തര നിർമ്മാണത്തിനുമായി (Backward Integration) പ്രതിവർഷം 600 മുതൽ 700 കോടി രൂപ വരെയുള്ള മൂലധന നിക്ഷേപമാണ് (Capex) കെ.ഇ.ഐ ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT