1. ജിയോഫിന്‍
സിഎംപി: 327 രൂപ പിഇ: 128.84രൂപ
ഡിജിറ്റല്‍ വായ്പ, പേയ്‌മെന്റ്‌സ്, ഇന്‍ഷുറന്‍സ്, നിക്ഷേപം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ജിയോഫിന്‍). റിലയന്‍സ് ഗ്രൂപ്പിന്റെ ഭാഗമായ ജിയോഫിന്‍ അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് റോക്ക്, അലയന്‍സ് തുടങ്ങിയ കമ്പനികളുമായി ചേര്‍ന്ന് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
ജിയോ-ബ്ലാക്ക് റോക്ക് സംയുക്ത സംരംഭത്തിന് അടുത്തിടെ ഡിജിറ്റല്‍ ഫസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സര്‍വീസസ് സേവനത്തിനുള്ള സെബിയുടെ അംഗീകാരം ലഭിച്ചത് വലിയ നാഴികക്കല്ലാണ്. ഇതുവഴി ഇന്ത്യയില്‍ അതിവേഗ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സേവന മേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.
വൈവിധ്യമാര്‍ന്ന ഓഫറുകള്‍, വിപുലീകരിക്കാവുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ കമ്പനിക്ക് ആകര്‍ഷകമായ വളര്‍ച്ചാ സാധ്യതകളാണ് നല്‍കുന്നത്. അലയന്‍സുമായുള്ള കൂട്ടുകെട്ടിലൂടെ ജനറല്‍, ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലേക്കും കമ്പനി കടന്നിട്ടുണ്ട്.
ഉപയോക്താക്കളുടെ പ്രധാനപ്പെട്ട നാല് ആവശ്യങ്ങളായ വായ്പ, നിക്ഷേപം, ഇടപാട്, സംരക്ഷണം എന്നിവയ്ക്ക് ലളിതവും സുരക്ഷിതവും സ്മാര്‍ട്ടുമായ പരിഹാരം നല്‍കി ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കുക എന്നതാണ് ജിയോഫിന്‍ ലക്ഷ്യം വെയ്ക്കുന്നത്.
2. എബിബി
സിഎംപി: 5,071 രൂപ പിഇ: 57.42 രൂപ
ഇലക്ട്രിഫിക്കേഷന്‍, ഓട്ടോമേഷന്‍ രംഗത്തെ മുന്‍നിര കമ്പനിയാണ് എബിബി ഇന്ത്യ ലിമിറ്റഡ്. 2025 ഓഗസ്റ്റ് നാലിന് കമ്പനി നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ട് 30 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റലൈസേഷന്‍, ഊര്‍ജ വിതരണം തുടങ്ങിയ മേഖലകളില്‍ രാജ്യം മുന്നേറുമ്പോള്‍ എബിബിക്കും വലിയ പങ്ക് വഹിക്കാനാകും.
2026 രണ്ടാം പാദത്തോടെ കമ്പനിയുടെ റോബോട്ടിക്‌സ് വിഭാഗത്തെ പ്രത്യേകം ലിസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇത് ഇരു കമ്പനികളുടെയും വളര്‍ച്ചയ്ക്ക് അവസരമൊരുക്കും. ആര്‍&ഡി, എന്‍ജിനീയറിംഗ് ഓപറേഷന്‍സ്, ബിസിനസ് സര്‍വീസസ് മേഖലകളില്‍ വലിയ പുരോഗതി കമ്പനി നേടിയിട്ടുണ്ട്.
3. ലോറസ് ലാബ്
സിഎംപി: 830 രൂപ പിഇ: 125.19 രൂപ
ആഗോള തലത്തില്‍ സാന്നിധ്യമുള്ള പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക്‌നോളജി കമ്പനിയാണ് ലോറസ് ലാബ്‌സ് ലിമിറ്റഡ്. ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ്‌സ് (API's), ജനറിക് ഫോര്‍മുലേഷന്‍സ് (FDF), കോണ്‍ട്രാക്ട് ഡെവലപ്‌മെന്റ് ആന്‍ഡ് മാനുഫാക്ചറിംഗ് സര്‍വീസസ് (CDMO), ബയോടെക്‌നോളജി, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് എന്നിവയിലെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലോറസ് ലാബ്‌സ്.
ലോറസ് ഫാര്‍മ സോണ്‍ സ്ഥാപിക്കുന്നതിനായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 531.77 ഏക്കര്‍ ഭൂമി കമ്പനിക്ക് അനുവദിച്ചിട്ടുണ്ട്. എട്ട് വര്‍ഷത്തിനുള്ളില്‍ 5,630 കോടി രൂപയാണ് നിക്ഷേപിക്കുക. എപിഐയില്‍ നിന്ന് കൂടുതല്‍ ലാഭകരവും വൈവിധ്യവല്‍കൃതവുമായ ഫാര്‍മ, ബയോടെക് മേഖലയിലേക്ക് ശ്രദ്ധകൂട്ടുകയാണ് കമ്പനി. സിഡിഎംഒ മേഖലയുടെ വിപുലീകരണം, ബയോടെക്കിലെ വളര്‍ച്ച, ഫാര്‍മ സോണ്‍ പോലെ തന്ത്രപരമായ അടിസ്ഥാന സൗകര്യവികസന നിക്ഷേപം തുടങ്ങിയവയെല്ലാം മികച്ച നിക്ഷേപ സാധ്യതയുള്ള കമ്പനിയാക്കി ലോറസ് ലാബിനെ മാറ്റുന്നു.
4. എംബസി ഡെവലപ്‌മെന്റ്‌സ് ലിമിറ്റഡ്
സിഎംപി: 93.50 രൂപ പിഇ: 61.99 രൂപ
രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം പ്രോജക്ടുകളുള്ള രാജ്യത്തെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് എംബസി ഡെവലപ്‌മെന്റ്‌സ് ലിമിറ്റഡ്. മുമ്പ് ഇന്ത്യാ ബുള്‍സ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ബ്ലാക്ക് സ്റ്റോണ്‍, ബെയ്‌ലി ഗിഫോര്‍ഡ്, പൂനാവാല ഫിനാന്‍സ് തുടങ്ങിയ വന്‍കിട നിക്ഷേപകരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എംബസി ഡെവലപ്‌മെന്റ്‌സ്, മികച്ച ലാഭം നേടുന്ന, വളര്‍ച്ചാ സാധ്യതയേറെയുള്ള സ്ഥാപനമാണ്. 2025 സാമ്പത്തിക വര്‍ഷത്തെ ശക്തമായ മുന്നേറ്റത്തിന് ശേഷം 48,000 കോടി രൂപയുടെ ഗ്രോസ് ഡെവലപ്‌മെന്റ് വാല്യുവും 22,000 കോടി രൂപയുടെ പുതിയ ലോഞ്ചുകളുമായാണ് കമ്പനി പുതിയ വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
എംബസി റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റി (REIT) ലേക്കും മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ സ്ഥലങ്ങളിലും നിക്ഷേപിച്ചിരിക്കുന്ന കമ്പനി മികച്ച വളര്‍ച്ചയ്‌ക്കൊപ്പം നിക്ഷേപം എളുപ്പത്തില്‍ പണമാക്കി മാറ്റുന്നതിനുള്ള അവസരവും നല്‍കുന്നു. സാമ്പത്തികമായ കരുത്തും വരാനിരിക്കുന്ന പദ്ധതികളും വിശ്വാസ്യതയുമെല്ലാം ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ എംബസി ഡെവലപ്‌മെന്റ്‌സ് ലിമിറ്റഡിനെ മികച്ചതാക്കി മാറ്റുന്നു.
5. അപ്പോളോ ഹോസ്പിറ്റല്‍സ്
സിഎംപി: 7,236 രൂപ പിഇ: 71.96 രൂപ
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഹോസ്പിറ്റല്‍ ശൃംഖലയാണ് അപ്പോളോ ഹോസ്പിറ്റല്‍സ്. ബ്രാന്‍ഡിലുള്ള വിശ്വാസം, വിവിധ വരുമാന മാര്‍ഗങ്ങള്‍ (ഹോസ്പിറ്റല്‍സ്, ഫാര്‍മസികള്‍, ഡയഗ്ണോസ്റ്റിക്‌സ്), സ്ഥിരതയാര്‍ന്ന ഇരട്ടയക്ക വളര്‍ച്ച എന്നിവയെല്ലാം അപ്പോളോ ഹോസ്പിറ്റല്‍സിന്റെ കരുത്താണ്. സ്ത്രീകളിലെ കാന്‍സര്‍ പെട്ടെന്ന് കണ്ടെത്താനുള്ള പദ്ധതികള്‍, രാജ്യത്തെ ആദ്യത്തെ കാന്‍സര്‍ ഹെല്‍പ്പ്‌ലൈന്‍ പോലുള്ള നൂതന സൗകര്യങ്ങള്‍ ഓങ്കോളജി മേഖലയില്‍ അപ്പോളോ ചെയ്തുവരുന്നുണ്ട്. കുട്ടികളിലെ ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സയിലും മികവ് കാട്ടുന്നു.
ഫാര്‍മസി, ഡിജിറ്റല്‍ ഹെല്‍ത്ത് ബിസിനസ് എന്നിവയെ വേര്‍പെടുത്തി അടുത്ത 18-21 മാസങ്ങള്‍ക്കുള്ളില്‍ പ്രത്യേകം ലിസ്റ്റിംഗ് നടത്താനുള്ള പദ്ധതിയിലാണ് അപ്പോളോ. ഒരു മുന്‍നിര ഒമ്‌നിചാനല്‍ ഫാര്‍മസി ഡിസ്ട്രിബ്യൂഷനും ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്‌ഫോമും സൃഷ്ടിച്ച് കമ്പനിയുടെ മൂല്യം വര്‍ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അപ്പോളോയിലെ ഓഹരി ഉടമകള്‍ക്ക് നിലവില്‍ കൈവശം വെച്ചിരിക്കുന്ന ഓരോ 100 ഓഹരികള്‍ക്കും പുതിയ കമ്പനിയുടെ 195.2 ഓഹരികള്‍ ലഭിക്കും. 2027 സാമ്പത്തിക വര്‍ഷത്തോടെ പുതിയ കമ്പനി ഏകദേശം 25,000 കോടി രൂപ വരുമാനം നേടുമെന്നാണ് പ്രതീക്ഷ. ഏകദേശം ഏഴ് ശതമാനം EBITDA മാര്‍ജിന്‍ പ്രതീക്ഷിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine