canva
Markets

ട്രംഫ് ഇഫക്ടില്‍ ആടിയുലഞ്ഞ് സീഫുഡ്, ടെക്‌സ്റ്റൈല്‍ ഓഹരികള്‍; കിറ്റെക്‌സിന് ക്ഷീണം തുടരുന്നു

സമുദ്രോത്പന്ന കയറ്റുമതി കമ്പനികള്‍ കടുത്ത സമ്മര്‍ദത്തിലാണ്. 50 ശതമാനത്തിലധികം തീരുവ ഉയര്‍ന്നതോടെ യു.എസില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നഷ്ടപ്പെടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്

Dhanam News Desk

ഇന്ത്യയ്ക്കുമേല്‍ യു.എസിന്റെ ഇരട്ട താരിഫ് പ്രാബല്യത്തില്‍ വന്നതിനുശേഷമുള്ള ആദ്യ വ്യാപാരദിനത്തില്‍ വിപണിക്ക് വലിയ തിരിച്ചടി. യു.എസിലേക്ക് വര്‍ധിച്ച കയറ്റുമതിയുള്ളതും അനുബന്ധ മേഖലയുമായി ബന്ധപ്പെട്ടതുമായ ഓഹരികള്‍ ആടിയുലയുകയാണ്. പ്രത്യേകിച്ച്, ടെക്‌സ്റ്റൈല്‍, സമുദ്രോത്പന്ന കയറ്റുമതി, മത്സ്യത്തീറ്റ അനുബന്ധ ഓഹരികള്‍.

കൊഞ്ച്, ചെമ്മീന്‍ തീറ്റകള്‍ വിപണിയിലിറക്കുന്ന കമ്പനികളുടെ ഓഹരികള്‍ക്ക് വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ ക്ഷീണമാണ്. സീഫുഡ് കമ്പനികളായ അവന്തി ഫീഡ്‌സ് (Avanti Feeds), അപെക്‌സ് ഫ്രോസണ്‍ ഫുഡ്‌സ് (Apex Frozen Foods) ഓഹരികള്‍ അഞ്ചുശതമാനത്തിന് മുകളില്‍ താഴ്ന്നു. ഈ കമ്പനികളുടെ വരുമാനത്തിന്റെ 60 ശതമാനത്തോളം യു.എസ് മാര്‍ക്കറ്റില്‍ നിന്നാണ്.

സമുദ്രോത്പന്ന കയറ്റുമതി കമ്പനികള്‍ കടുത്ത സമ്മര്‍ദത്തിലാണ്. 50 ശതമാനത്തിലധികം തീരുവ ഉയര്‍ന്നതോടെ യു.എസില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നഷ്ടപ്പെടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. യു.എസ് വിപണിയില്‍ വിലവര്‍ധനവിന് കാരണമാകുമെങ്കിലും ഇക്വഡോര്‍ പോലുള്ള രാജ്യങ്ങള്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വിടവ് നികത്താനെത്തും. ഇത് ഇന്ത്യന്‍ കമ്പനികളുടെ വിലപേശല്‍ ശേഷി ഇല്ലാതാക്കും.

അപെക്‌സ് ഫ്രോസണ്‍ ഫുഡ്‌സ് ഓഹരി വില ഇന്ന് 11 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. പിന്നീട് ചെറിയതോതില്‍ തിരിച്ചുവരവ് നടത്തി. അവന്തി ഫീഡ്‌സ് ലിമിറ്റഡും രാവിലെ താഴേക്ക് പോയശേഷം ചെറിയതോതില്‍ തിരിച്ചുവന്നു.

ടെക്‌സ്‌റ്റൈല്‍ ഓഹരികള്‍ക്കും തിരിച്ചടി

ഇന്ത്യന്‍ ഗാര്‍മെന്റ്‌സ് കമ്പനികളുടെ പ്രധാന മാര്‍ക്കറ്റായിരുന്നു യു.എസ്. ഇപ്പോഴത്തെ അവസ്ഥയില്‍ കയറ്റുമതി അത്ര എളുപ്പമാകില്ല. യു.എസ് മാര്‍ക്കറ്റിലേക്ക് ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വിപണി പിടിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

കെ.പി.ആര്‍ മില്‍സ്, ട്രൈഡന്റ്, വര്‍ധ്മാന്‍ ടെക്‌സ്റ്റൈല്‍സ്, ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സ് തുടങ്ങിയ ഗാര്‍മെന്റ്‌സ് ഓഹരികള്‍ക്ക് വലിയ ഇടിവ് നേരിടേണ്ടി വന്നു. കേരളത്തില്‍ നിന്നുള്ള കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരിവില ഉച്ചയ്ക്ക് നാലുശതമാനത്തിന് അടുത്താണ് താഴ്ന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT