യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രസ്താവനകളെ തുടർന്ന് ആഗോള സാമ്പത്തിക രംഗത്തുണ്ടായ ചലനങ്ങൾ കേരളത്തിലെ സ്വർണവിപണിയിൽ വൻ ഇടിവിന് കാരണമായി. സംസ്ഥാനത്ത് ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് സ്വർണവിലയിൽ 1,560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. രണ്ട് തവണയായാണ് ഇന്ന് വില ഇടിഞ്ഞത്.
രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 560 രൂപ കുറഞ്ഞ് 1,05,960 രൂപയിലായിരുന്നു വ്യാപാരം നടന്നത്. എന്നാൽ ഉച്ചയ്ക്ക് ശേഷം വിപണി വീണ്ടും താഴേക്ക് പതിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയും കൂടി കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വർണവില പവന് 1,04,960 രൂപയായും ഗ്രാമിന് 13,120 രൂപയായും താഴ്ന്നു.
മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായതാണ് ആഗോള വിപണിയിൽ സ്വർണത്തിന് തിരിച്ചടിയായത്. ഹോർമൂസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധപ്രതീതിയിലേക്ക് വഴിമാറുകയാണ്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതായും ടെഹ്‌റാനുമായി ഇനി ചർച്ചകൾ നടത്തുന്നത് സമയനഷ്ടമാണെന്നും അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
ഇനിയും ആക്രമണമുണ്ടായാൽ യുഎസിന്റെ ഭാഗത്തുനിന്നും 20 മടങ്ങ് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇതോടെ ഭൂരിഭാഗം കറൻസികൾക്കുമെതിരെ ഡോളർ ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഡോളർ കരുത്താർജിച്ചതോടെ നിക്ഷേപകർ സ്വർണം വിറ്റൊഴിയാൻ തുടങ്ങിയതാണ് വില ഇടിയാൻ കാരണം. നിലവിൽ രാജ്യാന്തര സ്വർണവില ഒന്നര ശതമാനത്തിനടുത്ത് ഇടിഞ്ഞ് ഔൺസിന് 4,057 ഡോളറിലെത്തി.
ട്രംപിന്റെ കടുത്ത നിലപാട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ ആഗോള വിപണിയിൽ എണ്ണവില അഞ്ച് ശതമാനത്തിലധികം കുതിച്ചുയർന്നു. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് നോർത്ത് സീ ക്രൂഡ് വില 5.3 ശതമാനം വർധിച്ച് ബാരലിന് 78.09 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) വില 5.4 ശതമാനം ഉയർന്ന് ബാരലിന് 74.23 ഡോളറിലുമെത്തി.
സാധാരണഗതിയിൽ അസ്ഥിരമായ സാഹചര്യങ്ങളിൽ സ്വർണം ഒരു സുരക്ഷിത നിക്ഷേപമായി (safe haven) കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, എണ്ണവിലയിലുണ്ടായ വർധന നാണയപ്പെരുപ്പത്തെക്കുറിച്ചും പലിശനിരക്ക് ഉയരുന്നതിനെക്കുറിച്ചുമുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. പലിശയോ മറ്റ് വരുമാനങ്ങളോ നൽകാത്ത ലോഹമെന്ന നിലയിൽ സ്വർണവിലയ്ക്ക് ഇത് മങ്ങലേൽപ്പിച്ചു. അതേസമയം, ചൈനീസ് കേന്ദ്രബാങ്ക് ജൂൺ മാസത്തിൽ തങ്ങളുടെ സ്വർണശേഖരത്തിൽ കഴിഞ്ഞ രണ്ടര വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ നേതൃത്വത്തിലുള്ള പലിശനിരക്ക് വർധനയുടെ ഭാവി സൂചനകൾക്കായി, ഇന്ന് വൈകിട്ട് പുറത്തുവരാനിരിക്കുന്ന ജൂൺ 16-17 തീയതികളിലെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) യോഗത്തിന്റെ മിനിറ്റ്സിനായി നിക്ഷേപകർ കാത്തിരിക്കുകയാണ്. വരുന്ന സെപ്റ്റംബറിൽ ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന വിപണിയുടെ പ്രതീക്ഷ ചൊവ്വാഴ്ചയുണ്ടായിരുന്ന 57 ശതമാനത്തിൽ നിന്നും 63 ശതമാനത്തിലധികമായി ഉയർന്നിട്ടുണ്ടെന്ന് സിഎംഇ ഫെഡ്വാച്ച് (CME FedWatch) ടൂൾ വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine