image credit : canva lulu website 
Markets

ലുലു ഗ്രൂപ്പിന്റെ മെഗാ ഐ.പി.ഒ 28ന്‌, നിക്ഷേപക സംഗമങ്ങള്‍ക്ക് അടുത്തയാഴ്ച തുടക്കമാകും, അബുദാബിയില്‍ ലിസ്റ്റിംഗ്

14,000-15,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് സൂചന

Dhanam News Desk

പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലി നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഒ) ഉടന്‍ തുടക്കമായേക്കും. ഐ.പി.ഒയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക നടപടികളിലേക്ക് കമ്പനി കടക്കുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ഗള്‍ഫ് റീജിയണില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരുടെ പ്രതികരണം അറിയാന്‍ ലുലു ഗ്രൂപ്പ് തിങ്കളാഴ്ച മുതല്‍ റോഡ് ഷോ (നിക്ഷേപ സംഗമങ്ങള്‍) ആരംഭിക്കും.

ഐ.പി.ഒ വഴി 170 കോടി മുതല്‍ 180 കോടി ഡോളര്‍ വരെ (ഏകദേശം 14,000-15,000 കോടി രൂപ) സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് അറിയുന്നത്. കമ്പനിക്ക് 650-700 കോടി ഡോളര്‍ (ഏകദേശം 54,000-58,000 കോടി രൂപ) മൂല്യം വിലയിരുത്തിയാകും ഐ.പി.ഒ എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ലുലുഗ്രൂപ്പ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

2020ല്‍ അബുദാബി രാജകുടുംബം നിക്ഷേപം നടത്തിയ സമയത്ത് 500 കോടി ഡോളറായിരുന്നു കമ്പനിക്ക് മൂല്യം കണക്കാക്കിയത്. നിലവില്‍ 25 ശതമാനം ഓഹരികള്‍ ഐ.പി.ഒ വഴി വിറ്റഴിക്കാനാണ് ലുലുഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ലിസ്റ്റിംഗ് അബുദാബിയില്‍

അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും സൗദി അറേബ്യയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ തദാവൂളിലുമായി ഇരട്ട ലിസ്റ്റിംഗിന് സാധ്യതയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ അബുദാബിയിലെ എഡി.എക്‌സില്‍ മാത്രമാണ് ലിസ്റ്റിംഗ് പരിഗണിക്കുന്നതെന്ന് അറിയുന്നു. അടുത്തയാഴ്ച ആദ്യം തന്നെ ഐ.പി.ഒ പദ്ധതികളെ കുറിച്ച് ലുലു ഗ്രൂപ്പ് വ്യക്തമാക്കിയേക്കും.

ഐ.പി.ഒ നടപടിക്രമങ്ങള്‍ക്കായി അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് പി.ജെ.എസ്.സി, സിറ്റി ഗ്രൂപ്പ്, എമിറേറ്റ്‌സ് എന്‍.ബി.ഡി ക്യാപിറ്റല്‍, എച്ച്.എസ്.ബി.സി ഹോള്‍ഡിംഗ്‌സ് എന്നിവയെ നിയമിച്ചതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൊയ്‌ലീസ് ആന്‍ഡ് കമ്പനിയാണ് ഐ.പി.ഒയുടെ സ്വതന്ത്ര സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐ.പി.ഒയ്ക്കുള്ള തയാറെടുപ്പിലാണ് ലുലു ഗ്രൂപ്പ്. 2023 ഓഗസ്റ്റില്‍ ഐ.പി.ഒയ്ക്ക് മുമ്പായി കടങ്ങള്‍ പുനഃക്രമീകരിക്കാനായി 10 ബില്യണ്‍ യു.എ.ഇ ദിര്‍ഹം സമാഹരിച്ചിരുന്നു. ജി.സി.സി, ഈജിപ്ത് തുടങ്ങിയവിടങ്ങളിലായി 80 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാനും ഇ-കൊമേഴ്‌സ് ശേഷി ഉയര്‍ത്താനും വിതരണ ശൃഖലകള്‍ വര്‍ധിപ്പിക്കാനുമാണിതെന്നാണ് കമ്പനി വ്യക്തമാക്കിയത്. 2020ല്‍ അബുദാബി സ്റ്റേറ്റ് ഓണ്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി (ADQ) 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ഈജിപ്തിലെ കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക വിനിയോഗിച്ചത്.

മിഡില്‍ ഈസ്റ്റിലെ വമ്പൻ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലുഗ്രൂപ്പിന് ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. 1990കളില്‍ ഗള്‍ഫ് വസന്തത്തിന്റെ നാളുകളിലാണ് എം.എ യൂസഫലി ലുലുവിന് തുടക്കം കുറിക്കുന്നത്. നിലവില്‍ 800 കോടി ഡോളര്‍ (ഏകദേശം 67,000 കോടി രൂപ) വരുമാനമുള്ള ലുലുഗ്രൂപ്പിനു കീഴില്‍ 26 രാജ്യങ്ങളിലായി 70,000ത്തോളം ജീവനക്കാരുണ്ട്. ജി.സി.സി, ഈജിപ്ത്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലായി 260 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാളുകളും ഗ്രൂപ്പിനുണ്ട്.

സ്പിന്നീസിന് പിന്നാലെ

സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ സ്പിന്നീസ് 1961 ഹോള്‍ഡിംഗ്‌സിന്റെ കഴിഞ്ഞ ഏപ്രിലിലെ ഇരട്ട ലിസ്റ്റിംഗിനു ശേഷം മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന ഏറ്റവും valiya ഐ.പി.ഒയാണ് ലുലുവിന്റേത്. 37.5 കോടി ഡോളറിന്റേതായിരുന്നു (3,100 കോടി രൂപ) സ്പിന്നീസ് ഐ.പി.ഒ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT