രാജ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സെക്ടറിലെ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ പൊതുബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഉൾക്കൊള്ളിച്ചത്. ഇന്ത്യയെ ആഗോള എഐ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ടെക് ഇൻഫ്രാസ്ട്രക്ചർ മേഖലയിലും ടാലന്റ് പൂളിലും ശ്രദ്ധയൂന്നിക്കൊണ്ടുള്ള നടപടികൾക്കാണ് ബജറ്റിൽ പ്രാമുഖ്യം നൽകിയത്. ഡേറ്റ സെന്റർ മേഖലയിൽ ദീർഘകാല നികുതി ഇളവ് അനുവദിച്ചതോടെ എഐ അനുബന്ധ ഓഹരികളിലും ഇന്ന് മുന്നേറ്റം പ്രകടമായി.
രാജ്യത്ത് ഡേറ്റ സെന്ററുകൾ സ്ഥാപിച്ച് ആഗോള തലത്തിൽ ക്ലൗഡ് സേവനങ്ങൾ നൽകാൻ ഉദ്ദേശിക്കുന്ന വിദേശ കമ്പനികൾക്ക് 2047 വരെ നികുതി ഇളവ് അനുവദിക്കുമെന്നതാണ് ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത്. അതേസമയം ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് നൽകുന്ന ക്ലൗഡ് സേവനങ്ങൾ, ഇന്ത്യൻ കമ്പനികൾ വഴിയാകണം വിതരണം ചെയ്യേണ്ടതെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
അതുപോലെ ആഗോള സ്ഥാപനങ്ങളുമായുള്ള നികുതി തർക്കങ്ങൾ ഒഴിവാക്കാനും നികുതിയുമായി ബന്ധപ്പെട്ട വ്യക്തത കൈവരിക്കുന്നതിനുമായി ഇന്ത്യയിലെ ഡേറ്റ സെന്റർ സേവനദാതാക്കളായ രണ്ട് അനുബന്ധ കമ്പനികൾ തമ്മിലുള്ള ഇടപാടുകളിൽ, ചെലവിന്റെ 15 ശതമാനം വരെ 'സേഫ് ഹാർബർ' നിയമത്തിലൂടെ കണക്കാക്കാമെന്നും ബജറ്റിൽ നിർദേശമുണ്ട്. ഇതിലൂടെ ആഗോള ക്ലൗഡ് സേവനദാതാക്കളേയും എഐ കമ്പനികളേയും ഇന്ത്യയിലേക്ക് ആകർഷിക്കാനും തദ്ദേശ കമ്പനികൾക്ക് ഇതിന്റെ ഗുണഫലം നേടാനും കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
അനന്ത് രാജ് ലിമിറ്റഡ്: ഇന്നത്തെ വ്യാപാരത്തിനിടെ 10 ശതമാനം വരെ മുന്നേറ്റം കാഴ്ചവെക്കാൻ ഓഹരിക്ക് സാധിച്ചു. തലസ്ഥാന നഗരിയായ ഡൽഹി കേന്ദ്രമാക്കി ഡേറ്റ സെന്റർ പാർക്കുകൾ നിർമിക്കുന്ന കമ്പനിയാണിത്. ബജറ്റ് പ്രഖ്യാപനങ്ങളിൽ ആകൃഷ്ടരായി ഇന്ത്യയിലെ ഡേറ്റ സെന്റർ മേഖലയിലേക്ക് നിക്ഷേപമെത്തിയാൽ അതിന്റെ ഗുണഫലം ലഭിക്കാവുന്ന കമ്പനികളിലൊന്നുമാണിത്. അനന്ത് രാജ് ഓഹരി 532 രൂപയിലാണ് ഇന്ന് ക്ലോസ് ചെയ്തത്.
ടെക്നോ ഇലക്ട്രിക് & എൻജിനീയറിങ്: ഡേറ്റ സെന്റർ, സ്മാർട്ട് മീറ്റർ തുടങ്ങിയ പവർ ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ പദ്ധതികളിലാണ് ഈ കമ്പനി ശ്രദ്ധയൂന്നീയിട്ടുള്ളത്. ഡേറ്റ സെന്റർ നിർമാണത്തിലും ഇതുമായി ബന്ധപ്പെട്ട ഊർജ അടിസ്ഥാന സൗകര്യങ്ങളിലും ഡിമാൻഡ് വർധിക്കുമെന്ന പ്രതീക്ഷയാണ് ടെക്നോ ഇലക്ട്രിക് ഓഹരിയെ മുന്നേറാൻ സഹായിച്ചത്. ഇന്ന് ഒരു ഘട്ടത്തിൽ 8 ശതമാനം വരെ കുതിച്ചുയർന്ന ഓഹരി 999 രൂപയിലാണ് ക്ലോസിങ് കുറിച്ചത്.
നെറ്റ്‍വെബ് ടെക്നോളജീസ് ഇന്ത്യ ലിമിറ്റഡ് (ഉയർന്ന കമ്പ്യൂട്ടിങ് ശേഷിയുള്ള സർവറുകളും സൂപ്പർ കമ്പ്യൂട്ടിങ് സൊലൂഷൻസും വാഗ്ദാനം ചെയ്യുന്ന കമ്പനി)
ഓറിയന്റ് ടെക്നോളജീസ് (ഡേറ്റ സെന്റർ മേഖലയിലേക്ക് കണ്ണെറിഞ്ഞുകൊണ്ട് ഐടി ഇൻഫ്രാ സേവനങ്ങൾ നൽകുന്ന കമ്പനി)
കമ്മിൻസ് ഇന്ത്യ (വൻകിട സ്ഥാപനങ്ങൾക്ക് ജൻസെറ്റുകളും പവർ സൊലൂഷൻസുകളും നൽകുന്ന കമ്പനി)
മേൽസൂചിപ്പിച്ച ഓഹരികളെ കുറിച്ചുള്ള വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine