Markets

ഐ.പി.ഒ വരുന്നതേയുള്ളൂ, അതിനും മുമ്പേ 140% കുതിച്ച് ഓഹരികള്‍, പൊളിയാണ് ഈ കമ്പനി... ഒപ്പം മനസിലാക്കാം, റിസ്‌ക് ഫാക്ടര്‍

കഴിഞ്ഞ നാല് മാസം കൊണ്ട് വാല്വേഷന്‍ 36 ബില്യണ്‍ ഡോളറോളം വര്‍ധിച്ചു

Dhanam News Desk

നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (NSE) പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് സെബി ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ. ഇതോടെ ഓഹരിയ്ക്ക് അനൗദ്യോഗിക വിപണിയില്‍ ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.

ലോകത്തെ ഏറ്റവും വലിയ ഇക്വിറ്റി ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ചായ എന്‍.എസ്.ഇയുടെ വാല്വേഷന്‍ കണക്കാക്കുന്നത് 5 ലക്ഷം കോടി രൂപയാണ് (58 ബില്യണ്‍ ഡോളര്‍). ഈ വര്‍ഷം തന്നെ ഐ.പി.ഒ നടക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപരും സ്ഥാപനങ്ങളും അണ്‍ലിസ്റ്റഡ് വിപണിയില്‍ നിന്ന് ഓഹരി വാങ്ങികൂട്ടുന്നതാണ് സൂചനകള്‍. അടുത്തിടെ ഓഹരി ഒന്നിന് 2,000 രൂപ വരെ നല്‍കേണ്ടി വന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ നാല് മാസം കൊണ്ട് വാല്വേഷന്‍ 36 ബില്യണ്‍ ഡോളറോളം വര്‍ധിച്ചു.

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 140 ശതമാനം വര്‍ധനയാണ് അണ്‍ലിസ്റ്റഡ് ഓഹരി വിലയില്‍ ഉണ്ടായത്. 2021ല്‍ 740 രൂപയായിരുന്നത് 2025 മേയില്‍ 1,175 രൂപയിലെത്തിയതായി അണ്‍ലിസ്റ്റഡ്സോണ്‍ എന്ന പ്ലാറ്റ്‌ഫോം വ്യക്തമാക്കുന്നു.

ഒരു ദശാബ്ദം നീണ്ട ലിസ്റ്റിംഗ് മോഹം

എന്‍.എസ്.ഇയുടെടെ ലിസ്റ്റിംഗ് മോഹം തുടങ്ങിയിട്ട് ഒരു ദശാബ്ദത്തോളമായെങ്കിലും സെബിയുമായുള്ള നിയമ തര്‍ക്കത്തില്‍ അത് നീണ്ടു പോവുകയായിരുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് തുടങ്ങിയ വന്‍കിട നിക്ഷേപകര്‍ പിന്തുണയ്ക്കുന്ന എന്‍.എസ്.ഇ 2016ലാണ് ആദ്യം ഐ.പി.ഒ അപേക്ഷ സമര്‍പ്പിക്കുന്നത്.

ചില ഫാസ്റ്റ് ട്രേഡര്‍മാര്‍ പ്രത്യേക സെര്‍വറുകളിലേക്ക് നേരത്തെ തന്നെ പ്രവേശിച്ചതിലൂടെ അന്യായമായ നേട്ടം നേടിയിരിക്കാമെന്നായിരുന്നു സെബിയുടെ കണ്ടെത്തല്‍. തുടര്‍ന്ന് എന്‍.എസ്.ഇയെ ലിസ്റ്റ് ചെയ്യുന്നതില്‍ നിന്ന് തടയുക മാത്രമല്ല, ആറ് മാസത്തേക്ക് ഓഹരി വിപണിയില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

അടുത്തിടെയാണ് എന്‍.എസ്.ഇ ഒരു ലക്ഷം കോടി ഓഹരിയുടമകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടത്. ഏറ്റവുമധികം ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന ലിസ്റ്റ് ചെയ്യാത്ത കമ്പനിയായും ഇതോടെ എന്‍.എസ്.ഇ മാറി. ഇന്ത്യയിലെ പല ലിസ്റ്റഡ് കമ്പനികളുടേയും നിക്ഷേപകരേക്കാള്‍ കൂടുതലാണിത്.

നിലവില്‍ എന്‍.എസ്.ഇയുടെ 2.5 ബില്യണ്‍ ഓഹരികളാണ് പ്രൈവറ്റ് മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്നത്. പൊതു നിക്ഷേപകരുടെ കൈകളിലാണ് എന്‍.എസ്.ഇയുടെ 64 ശതമാനം ഓഹരികളുമുള്ളത്. ഇതില്‍ പ്രാദേശിക നിക്ഷേപകരും വിദേശ നിക്ഷേപകസ്ഥാപനങ്ങളും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളും ഉള്‍പ്പെടുന്നു. ഓഹരിക്ക് വലിയ ഡിമാന്‍ഡ് ഉണ്ടെങ്കിലും വിപണിയില്‍ ലഭ്യത കുറവാണ്. പലരും വില്‍ക്കാന്‍ മടിക്കുന്നു. ഐ.പി.ഒയ്ക്ക് തൊട്ടു മുമ്പായി വില്‍ക്കാനായി കാത്തിരിക്കുകയാണ് പലരും. ബ്രോക്കര്‍മാരും ഓഹരി കിട്ടാതായതോടെ നിക്ഷേപകരുടെ പണം മടക്കി നല്‍കേണ്ട അവസ്ഥയിലാണ്.

അണ്‍ലിസ്റ്റഡ് ഓഹരികള്‍ എങ്ങനെ വാങ്ങാം?

വെല്‍ത്ത്മാനേജ്‌മെന്റ് സ്ഥാപനങ്ങളും ബ്രോക്കര്‍മാരും വഴിയാണ് ചെറുകിട നിക്ഷേപകര്‍ അണ്‍ലിസ്റ്റഡ് ഓഹരികള്‍ സ്വന്തമാക്കുന്നത്. ഡീമാറ്റ് അക്കൗണ്ടുള്ളവര്‍ക്ക് അണ്‍ലിസ്റ്റഡ്‌സോണ്‍, പ്ലാനിഫൈ, ആള്‍ടിസ് ഇന്‍വെസ്‌ടെക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയും നിലവിലെ ഓഹരി ഉടമകളില്‍ നിന്ന് പ്രൈവറ്റ് മാര്‍ക്കറ്റ് ഇടപാടുകളിലൂടെയും വാങ്ങാം. വിശ്വസ്വനീയമായ പ്ലാറ്റ്‌ഫോമുകള്‍ വഴിയല്ലെങ്കില്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്.

നഷ്ടസാധ്യത?

അണ്‍ലിസ്റ്റഡ് ഓഹരികളില്‍ നിക്ഷേപിക്കുന്നത് വളരെ നേട്ടസാധ്യത നല്‍കുമെന്ന്‌ തോന്നുമെങ്കിലും വലിയ റിസ്‌കുമുണ്ട്. കാരണം ഇതിന്റെ വില നിശ്ചയിക്കുന്നതിന് സ്റ്റാര്‍ഡായ മാര്‍ഗങ്ങളിലില്ലെന്നത് തന്നെ. ഓരോ ബ്രോക്കര്‍മാര്‍ക്കും അനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകും. ഇത് വാല്വേഷന്‍ വ്യത്യാസപ്പെടാനും കൂടുതല്‍ തുക മുടക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് നയിക്കാനും സാധ്യതയുണ്ട്. മറ്റൊരു കാര്യം അണ്‍ലിസ്റ്റഡ് കമ്പനികള്‍ അവരുടെ സാമ്പത്തിക ഫലങ്ങള്‍ കൃത്യമായി പ്രസിദ്ധീകരിക്കണമെന്ന് നിര്‍ബന്ധമില്ല. ഇത് പലപ്പോഴും തെറ്റായ തീരുമാനത്തിലേക്ക് നിക്ഷേപകരെ കൊണ്ടുപോകാന്‍ ഇടനിലക്കാര്‍ക്ക് അവസരമൊരുക്കും.

ഇതിനേക്കാളൊക്കെ ഉപരി അണ്‍ലിസ്റ്റഡ് ഓഹരികള്‍ എളുപ്പത്തില്‍ വിറ്റുമാറാനുള്ള സാധ്യത കുറവാണ്. പണത്തിന് ആവശ്യം വരുന്ന സമയത്ത് ബയേഴ്‌സിനെ കണ്ടു പിടിക്കാന്‍ ആകാതെ വരുന്ന അവസ്ഥയുണ്ടാകാം. വലിയ നിയന്ത്രണങ്ങള്‍ ഇതില്‍ ഇല്ലാത്തതു കൊണ്ടു തന്നെ നഷ്ട സാധ്യത കൂടുതലാണ്. സ്റ്റാംപ് ഡ്യൂട്ടി, ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍സ് (DP) ചാര്‍ജ് തുടങ്ങിയ ചില കാര്യങ്ങളില്‍ സെബി പിടിമുറുക്കിയിട്ടുണ്ടെങ്കിലും ലിസ്റ്റഡ് കമ്പനികളുമായി നോക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ കുറവാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT