ഇന്ത്യന്‍ ഓണ്‍ലൈന്‍ നിക്ഷേപ പ്ലാറ്റ്ഫോമായ അപ്സ്റ്റോക്സ് (Upstox) യുഎസ് ഓഹരികളിലെ നിക്ഷേപ സൗകര്യം ആരംഭിച്ചു. ഇതിലൂടെ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് 8,000ത്തിലധികം അമേരിക്കന്‍ ഓഹരികളിലും 2,000ത്തിലധികം എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും (ETF) നിക്ഷേപിക്കാന്‍ സാധിക്കും.
ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, എന്‍വിഡിയ, ടെസ്‌ല തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കു പുറമെ വിവിധ മേഖലകളിലും വിപണി മൂല്യശ്രേണികളിലുമുള്ള കമ്പനികളും നിക്ഷേപകര്‍ക്ക് ലഭ്യമാകും. എസ്&പി 500, നാസ്ഡാക് തുടങ്ങിയ സൂചികകളെ പിന്തുടരുന്ന ഇടിഎഫുകളിലൂടെ ഒരു കൂട്ടം കമ്പനികളില്‍ ഒരേസമയം നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്.
ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി ആസ്ഥാനമായുള്ള അപ്സ്റ്റോക്സിന്റെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ സംവിധാനത്തിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. അപ്സ്റ്റോക്സ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രോക്കര്‍മാര്‍ക്ക് രാജ്യാന്തര നിക്ഷേപ സേവനങ്ങള്‍ നല്‍കാന്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റേഴ്സ് അതോറിറ്റിയുടെ (IFSCA) അനുമതി ലഭിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ നിക്ഷേപിക്കുന്നതിനായി പ്രത്യേകം അക്കൗണ്ട് തുറക്കുകയും കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം. വിദേശത്തേക്ക് പണം അയയ്ക്കുന്നത് റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (LRS) കീഴിലായിരിക്കും. ഈ പദ്ധതി പ്രകാരം ഒരു സാമ്പത്തിക വര്‍ഷം പരമാവധി 2.50 ലക്ഷം ഡോളര്‍ വരെ വിവിധ അംഗീകൃത ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് അയയ്ക്കാം.
ഇന്ത്യന്‍ ഓഹരികളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന പോര്‍ട്ട്ഫോളിയോയ്ക്ക് ഭൂമിശാസ്ത്രപരമായ വൈവിധ്യം നല്‍കാന്‍ യു.എസ് നിക്ഷേപങ്ങള്‍ സഹായിക്കും. സാങ്കേതികവിദ്യ, സെമികണ്ടക്ടര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോടെക്നോളജി തുടങ്ങിയ മേഖലകളിലെ ആഗോള കമ്പനികളില്‍ നേരിട്ട് പങ്കാളികളാകാനും സാധിക്കും.
വില കൂടുതലുള്ള ഓഹരികളുടെ ഒരു ഭാഗം മാത്രം വാങ്ങാന്‍ അനുവദിക്കുന്ന 'ഫ്രാക്ഷണല്‍ ഇന്‍വെസ്റ്റിംഗ്' സൗകര്യം ലഭ്യമാണെങ്കില്‍ ചെറിയ തുകയിലും നിക്ഷേപം ആരംഭിക്കാം. എന്നാല്‍ കുറഞ്ഞ നിക്ഷേപത്തുക, ബ്രോക്കറേജ്, കസ്റ്റഡി നിരക്ക്, വിദേശനാണയ പരിവര്‍ത്തനച്ചെലവ് തുടങ്ങിയവ ഇടപാടിന് മുമ്പ് പരിശോധിക്കണം.
യു.എസ് ഓഹരികളിലെ നിക്ഷേപം ഡോളറിലായതിനാല്‍ ഓഹരിവിലയിലെ മാറ്റത്തിനൊപ്പം രൂപ-ഡോളര്‍ വിനിമയനിരക്കും അന്തിമ ആദായത്തെ ബാധിക്കും. ഡോളറിനെതിരെ രൂപ ശക്തിപ്പെട്ടാല്‍ രൂപയിലുള്ള ആദായം കുറയാം. മറിച്ച്, രൂപ ദുര്‍ബലമാകുന്നത് ആദായം ഉയര്‍ത്താനും ഇടയാക്കും.
ഇന്ത്യയില്‍ താമസിക്കുന്ന നികുതിദായകര്‍ യു.എസ് ഓഹരികളില്‍നിന്നുള്ള മൂലധനനേട്ടവും ഡിവിഡന്‍ഡ് വരുമാനവും ആദായനികുതി റിട്ടേണില്‍ രേഖപ്പെടുത്തണം. വിദേശ ആസ്തികളുടെ വിവരങ്ങള്‍ ഐ.ടി.ആറിലെ ബന്ധപ്പെട്ട ഷെഡ്യൂളുകളിലും വെളിപ്പെടുത്തേണ്ടിവരും. ഡിവിഡന്റിന് യു.എസില്‍ പിടിക്കുന്ന നികുതിക്ക് നിബന്ധനകള്‍ക്കു വിധേയമായി ഇന്ത്യയില്‍ ഫോറിന്‍ ടാക്സ് ക്രെഡിറ്റ് അവകാശപ്പെടാം.
എല്‍.ആര്‍.എസ് പ്രകാരമുള്ള വിദേശ പണമിടപാടുകളുടെ ആകെ തുക നിശ്ചിത പരിധി കടന്നാല്‍ ടാക്സ് കളക്ടഡ് അറ്റ് സോഴ്സ് (TCS) ബാധകമാകാനും സാധ്യതയുണ്ട്. അതിനാല്‍ നികുതി, പണമയയ്ക്കല്‍, കറന്‍സി പരിവര്‍ത്തനം എന്നിവയുടെ മൊത്തം ചെലവ് കണക്കാക്കിയ ശേഷമായിരിക്കണം നിക്ഷേപ തീരുമാനം.
യു.എസ് വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാകുന്നുവെങ്കിലും അത് ലാഭത്തിന് ഉറപ്പുനല്‍കുന്നില്ല. ഓഹരികളുടെ മൂല്യനിര്‍ണയം, ഇടിഎഫുകളുടെ എക്സ്പെന്‍സ് റേഷ്യോ, കറന്‍സി റിസ്‌ക്, നികുതി ബാധ്യത എന്നിവ പരിശോധിച്ച് പോര്‍ട്ട്ഫോളിയോയുടെ ചെറിയൊരു ഭാഗംകൊണ്ട് ആരംഭിക്കുന്നതാണ് ചെറുകിട നിക്ഷേപകര്‍ക്ക് അഭികാമ്യം.
Read DhanamOnline in English
Subscribe to Dhanam Magazine