Image by Canva 
Markets

യുഎസ് ഫെഡ് പലിശ കുറച്ചു തുടങ്ങുമ്പോള്‍

ടാറ്റാ സണ്‍സ് ടിസിഎസിലെ ഓഹരി വിറ്റത് എന്തിന്?

T C Mathew

അമേരിക്കയില്‍ 2024ല്‍ മൂന്നുതവണ പലിശ കുറയും എന്നാണ് ഫെഡറല്‍ റിസര്‍വ് നല്‍കുന്ന സൂചന. ഇപ്പോഴത്തെ 5.25 ശതമാനത്തില്‍ നിന്ന് 4.5 ശതമാനത്തിലേക്ക്. മാര്‍ച്ച് 20ലെ ഫെഡ് നയപ്രഖ്യാപനം വേറെയും ചില സൂചനകള്‍ നല്‍കുന്നുണ്ട്.

1. യുഎസ് ചില്ലറ വിലക്കയറ്റ നിരക്ക് (പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡീച്ചര്‍) പ്രതീക്ഷിച്ചത്ര കുറയില്ല. പകരം കൂടുകയാണ് ചെയ്യുക. 2.4% പ്രതീക്ഷിച്ചത് 2.6% ആകും.

2. ജിഡിപി 1.4% പ്രതീക്ഷിച്ച സ്ഥാനത്ത് 2.1% വളരും. ഇതെല്ലാം നല്ല കാര്യങ്ങളാണ്. വ്യവസായങ്ങള്‍ക്കും ഓഹരികള്‍ക്കും നേട്ടം ഉണ്ടാക്കുന്ന കാര്യങ്ങള്‍. ഫെഡ് നിരക്കു കുറച്ചില്ലെങ്കിലും വിപണികളെ സന്തോഷിപ്പിച്ചു.

*യുഎസ് പലിശ കുറയ്ക്കുമ്പോള്‍ ആഗോള ധനകാര്യ വിപണികളില്‍ വരുന്ന മാറ്റങ്ങള്‍:

1. യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപം കുറയും, കൂടുതല്‍ പലിശ നല്‍കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ കടപ്പത്രങ്ങളിലേക്കു നിക്ഷേപം മാറും.

2. യുഎസ് കമ്പനികളുടെ പലിശ ബാധ്യത കുറയും. അവയുടെ ലാഭക്ഷമത കൂടും, അവ കൂടുതല്‍ വികസന പരിപാടികള്‍ നടപ്പാക്കും. അവയില്‍ പങ്കാളികളാകാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരം ലഭിക്കും.

3. ഐടി അടക്കമുള്ള മേഖലകളിലെ യുഎസ് കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് കൂടുതല്‍ കരാറുകള്‍ വലിയ നിരക്കില്‍ ലഭിക്കും.

4. യുഎസ് ജിഡിപി വളര്‍ച്ച ഇരട്ടിയാകുമ്പോള്‍ ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് വലിയ വളര്‍ച്ച പ്രതീക്ഷിക്കാം.

5. കുറഞ്ഞ പലിശയ്ക്കു പണം ലഭ്യമാകുമ്പോള്‍ അതു നിക്ഷേപിക്കാന്‍ ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിലേക്കു യുഎസ് നിക്ഷേപകര്‍ തിരിയും. യുഎസില്‍ പലിശ കൂടിവന്ന 2022ല്‍ 1.21 ലക്ഷം കോടി രൂപയാണ് ഇന്ത്യയില്‍ നിന്നു വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്.

പലിശ വര്‍ധന തീര്‍ന്ന ശേഷം 2023ല്‍ 1.65 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ വന്നു. ഇനി പലിശ കുറഞ്ഞു വരുമ്പോള്‍ കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കാം.ഡോളറിന്റെ ആധിപത്യം ആര്‍ക്കും ഇഷ്ടമല്ലെങ്കിലും മൂലധനവും നിക്ഷേപവും സംബന്ധിച്ച കാര്യങ്ങളില്‍ അവസാനം ചെന്നെത്തുക ഡോളറിലും ഫെഡ് നയങ്ങളിലുമാകും.

****

ടാറ്റാ സണ്‍സ് ടിസിഎസിലെ ഓഹരി വിറ്റത് എന്തിന്?

ടാറ്റാ ഗ്രൂപ്പില്‍ പണം ചുരത്തുന്ന കമ്പനിയാണ് ടിസിഎസ്. അതില്‍ 73 ശതമാനത്തോളം ഓഹരി ഗ്രൂപ്പിന്റെ പ്രൊമോട്ടറായ ടാറ്റാ സണ്‍സിനുണ്ട്. ഈയിടെ ടാറ്റാ സണ്‍സ് ടിസിഎസിലെ 0.65 ശതമാനം ഓഹരി വിറ്റു. എന്തിന്?

ടാറ്റാ സണ്‍സ് ഐപിഒ നടത്തി ലിസ്റ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് അങ്ങനെ ചെയ്തത്. അപ്പര്‍ ലെയര്‍ എന്‍ബിഎഫ്‌സി എന്ന പട്ടികയില്‍ റിസര്‍വ് ബാങ്ക് പെടുത്തിയതാണ് ടാറ്റാ സണ്‍സ്. ഇത്തരം കമ്പനികള്‍ 2025 സെപ്റ്റംബറിനകം ഐപിഒ നടത്തി ലിസ്റ്റ് ചെയ്യേണ്ടതാണ്. ലിസ്റ്റ് ചെയ്താല്‍ ടാറ്റാ സണ്‍സില്‍ ഓഹരി പങ്കാളിത്തമുള്ള ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം കുതിക്കും. ഈയിടെ ടാറ്റാ കെമിക്കല്‍സ് അടക്കം ഏതാനും കമ്പനികള്‍ വലിയ നേട്ടം ഉണ്ടാക്കിയത് ആ പ്രതീക്ഷയിലാണ്. എന്നാല്‍ ലിസ്റ്റിംഗിനു ടാറ്റാ സണ്‍സ് ആഗ്രഹിക്കുന്നില്ല.

പ്രധാനമായും ട്രസ്റ്റുകള്‍ ഓഹരി കൈയാളുന്ന ടാറ്റാ സണ്‍സ് ലിസ്റ്റ് ചെയ്താല്‍ ട്രസ്റ്റുകളുടെ പല ആനുകൂല്യങ്ങളും നഷ്ടപ്പെടും. ഇതാണ് കാരണം. ലിസ്റ്റിംഗ് ഒഴിവാക്കാന്‍ കടം തീര്‍ക്കണം. അതിനു പണമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഓഹരി വില്‍പ്പന. എന്നാല്‍ ചില വിദേശ ബ്രോക്കറേജുകള്‍ ഐടി മേഖലയുടെ തളര്‍ച്ചയുമായി വില്‍പ്പനയെ തെറ്റായി ബന്ധിപ്പിച്ചതും നമ്മള്‍ കണ്ടു.

****

ആര്‍ബിഐയും സെബിയും കാഴ്ച്ചക്കാരല്ല

ഓഹരി വിപണിയിലും ധനകാര്യ മേഖലയിലും ഈയിടെ റിസര്‍വ് ബാങ്കിന്റെയും സെബിയുടെയും ഇടപെടലുകള്‍ ത്വരിതവും സക്രിയവും ആയി വരികയാണ്. പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്ക്, ജെഎം ഫിനാന്‍ഷ്യലിന്റെ ഐപിഒ ഇടപാടുകള്‍, ഐഐഎഫ്എല്‍ ഫിനാന്‍സിന്റെ സ്വര്‍ണപ്പണയങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരായ നടപടികളില്‍ ആര്‍ബിഐ വിപണിക്ക് ഒരുമുഴം മുമ്പേ നീങ്ങി എന്നു പറയാം.

ഐ.എല്‍ ആന്‍ഡ് എഫ്.എസ് പാപ്പരായി കഴിഞ്ഞ ശേഷമാണ് റിസര്‍വ് ബാങ്ക് ഇടപെട്ടത്. മറ്റു പല ധനകാര്യ തട്ടിപ്പുകളിലും ആര്‍ബിഐ എല്ലാം കഴിഞ്ഞു മാത്രം രംഗത്തുവരുന്ന ഏജന്‍സിയായിരുന്നു. സെബിയും ഇപ്പോള്‍ ഉത്സാഹത്തിലാണ്. മിഡ്, സ്‌മോള്‍, മൈക്രോ ക്യാപ് ഓഹരികളില്‍ വലിയ കൃത്രിമങ്ങള്‍ നടക്കുന്നു എന്ന രീതിയില്‍ സെബി അധ്യക്ഷയും മറ്റും നടത്തിയ പ്രസ്താവനകളാണ് വിപണിയെ ചോരപ്പുഴയില്‍ മുക്കിയത് എന്ന് നിക്ഷേപകരില്‍ ഒരു വിഭാഗം കരുതുന്നു.

ആണെങ്കിലും അല്ലെങ്കിലും വിപണിയിലെ അപകടകാരികളായ മാര്‍ജിന്‍ ട്രേഡിംഗ് അടക്കമുള്ള പ്രവണതകളെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്നതിലും പരാതികള്‍ പരിശോധിക്കുന്നതിലും സെബി ഇപ്പോള്‍ മടിച്ചുനില്‍ക്കുന്നില്ല. മാര്‍ച്ചില്‍ വിപണിയില്‍ കണ്ട തിരുത്തല്‍ മുഖ്യമായും സെബിയെ പേടിച്ചോ സെബി മൂലമോ ഉണ്ടായതാണെന്നും പറയാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT