പ്രതീകാത്മക ചിത്രം Image Source: Canva
Markets

ട്രംപിന്റെ മേൽക്കൈ നഷ്ടമാകുന്നു; യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ് ഫലം ഇന്ത്യക്കു നല്ലതെന്നു വിലയിരുത്തൽ; ഓഹരി സൂചികകളിൽ മുന്നേറ്റം

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിലെ ഫലസൂചനകൾ ആഗോള വിപണികളെ സമ്മർദത്തിലാക്കിയെങ്കിലും ഇന്ത്യൻ ഓഹരി സൂചികകൾ രാവിലെ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി

T C Mathew

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഭൂരിപക്ഷം ഉറപ്പായതോടെ ആഗോള ഓഹരി വിപണികൾ താഴ്ന്നു. എന്നാൽ, ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലേക്ക് തിരിച്ചുവന്നു. യു.എസ് നയങ്ങളിൽ മാറ്റമില്ലെന്ന വിലയിരുത്തലും നിക്ഷേപകരുടെ ഇന്ത്യയിലേക്കുള്ള താൽപ്പര്യവും ഈ കയറ്റത്തിന് കാരണമായി.

ഇടക്കാല തിരഞ്ഞെടുപ്പിൽ നിലവിലെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി, യു.എസ് പാർലമെൻ്റ് ആയ കോൺഗ്രസിൻ്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടും എന്നു വ്യക്തമായതോടെ ഓഹരി വിപണികൾ താഴോട്ടു നീങ്ങി. യു.എസ് ഭരണം സംഘർഷഭരിതമാകും എന്നതും നിർമിതബുദ്ധി (എഐ) മേഖലയ്ക്കു വേണ്ട ഡാറ്റ സെൻ്ററുകൾക്കു തടസം നേരിടും എന്നതുമാണു ആ​ഗോള വിപണികളെ താഴ്ത്തുന്നത്.

യു.എസ് ഫ്യൂച്ചേഴ്സ് വലിയ താഴ്ചയിലാണ്. ഡൗ ജോൺസ് 0.82 ശതമാനവും എസ് ആൻഡ് പി 1.23 ശതമാനവും നാസ്ഡാക് 2.18 ശതമാനം വീതവും ഇടിഞ്ഞു. ജാപ്പനീസ്, കൊറിയൻ ഓഹരി വിപണികൾ നാലു ശതമാനം വരെ താഴ്ചയിലായി.

താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്ത്യൻ ഓഹരി വിപണി മിനിറ്റുകൾക്കകം നേട്ടത്തിലേക്കു തിരിച്ചുവന്നു. യു.എസ് നയങ്ങളിലോ വിശാലമായ ഭരണ സമീപനത്തിലോ മാറ്റം ഉണ്ടാകുകയില്ലെന്നും നിക്ഷേപകർ ഇന്ത്യയിലേക്കു വരാൻ സാധ്യത കൂടുന്നുവെന്നും ഉള്ള വിലയിരുത്തലിലാണ് ഈ കയറ്റം. എഐ പദ്ധതികൾ വൈകുന്നതും അനുകൂലമായാണ് ഇന്ത്യൻ വിപണി കാണുന്നത്.

ഇന്ന് രാവിലെ അടിസ്ഥാന ഓഹരി സൂചികകളായ നിഫ്റ്റി 23,947ഉം സെൻസെക്സ് 77,396ഉം വരെ കയറിയശേഷം അൽപം താഴ്ന്നു. മിഡ് ക്യാപ് സൂചികകൾ ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചികകൾ നഷ്‌ടത്തിലായി. ഐടിയും ക്യാപ്പിറ്റൽ മാർക്കറ്റും ഒഴികെ എല്ലാ മേഖലകളും രാവിലെ നേട്ടത്തിലാണ്.

പ്രധാന ഓഹരി വാർത്തകൾ

അദാനി പവറിൽ നിന്നു നാലു വൈദ്യുത പ്ലാൻ്റുകൾക്കായി 28,000 കോടി രൂപയുടെ കരാർ ഭാരത് ഹെവി ഇലക്ട്രിക്കൽസിനു ലഭിച്ചു. ഓഹരി ആറു ശതമാനം ഉയർന്നു. മികച്ച റിസൽട്ടിനെ തുടർന്നു ഫ്രാക്റ്റൽ അനലിറ്റിക്സ് ഒൻപതും ജി.എൻ.ജി ഇലക്ട്രോണിക്സ് 11ഉം എംക്യൂർ ഫാർമ പത്തും ശതമാനവും കുതിച്ചുയർന്നു.

രണ്ടാം സാമ്പത്തിക പാദത്തിൽ വരുമാനവും ലാഭവും ഇരട്ടിപ്പിച്ച മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എംസിഎക്സ്) ഓഹരികൾ രാവിലെ ആറു ശതമാനം വരെ ഇടിഞ്ഞു. മികച്ച ലാഭവർധന കാണിച്ച എൻഎസ്ഇ ഓഹരി ഒരു ശതമാനം ഉയർന്നു. ബിഎസ്ഇ 1.5 ശതമാനം നഷ്ടത്തിലാണ്. എഫ്എസിടി ഓഹരി ഇന്ന് ഏഴു ശതമാനത്തോളം കുതിച്ചു. ഫെഡറൽ ബാങ്ക് ഓഹരി ഇന്നും താഴ്ന്നു.

രൂപയുടെ മൂല്യം മെച്ചപ്പെടുന്നു

രൂപ ഇന്നും നല്ല നേട്ടത്തോടെ വ്യപാരം തുടങ്ങി. ഡോളർ 18 പൈസ കുറഞ്ഞ് 94.56 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു 94.68 രൂപയായി. ലോക വിപണിയിൽ സ്വർണം ചാഞ്ചാടുകയാണ്. രാവിലെ താഴ്ന്ന സ്വർണം പിന്നീടു കയറി 3935 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 200 രൂപ വർധിച്ച് 1,02,600 രൂപയായി. ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങി. ബ്രെൻ്റ് ഇനം 103.03 ഡോളറിലും ഡബ്ള്യുടിഐ ഇനം 95.52 ഡോളറിലും എത്തി.

Indian equities rebounded from early losses even as US election-related uncertainty weighed on global markets.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT