Markets

യുദ്ധ ഭീതിയിലും പതറാതെ വീഗാര്‍ഡ് ഇന്‍ഡസ്ട്രീസ്; ജൂണ്‍ പാദ ലാഭം ₹ 130 കോടി, ഓഹരികളില്‍ കുതിപ്പ്

കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരുമാനം 36.7 ശതമാനം ഉയര്‍ന്ന് 932.31 കോടിയായി.

Dhanam News Desk

വീഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓഹരികള്‍ ഇന്ന് (ജൂലൈ 30) കുതിച്ചുയര്‍ന്നു. ജൂണില്‍ അവസാനിച്ച പാദത്തിലെ അനുകൂല ഫലങ്ങള്‍ പുറത്തുവന്നതാണ് ഓഹരികളെ ഉയര്‍ത്തിയത്. രാവിലെ ഒരുഘട്ടത്തില്‍ 11.45 ശതമാനം വരെ ഓഹരികള്‍ ഉയര്‍ന്നു. പിന്നീട് ലാഭമെടുക്കലിലേക്ക് നിക്ഷേപകര്‍ നീങ്ങിയതോടെ ഓഹരിവില താഴ്ന്നു.

ആദ്യ പാദത്തില്‍ വരുമാനം 23.5 ശതമാനം ഉയര്‍ന്ന് 1,810.65 കോടി രൂപയായി. ലാഭം മുന്‍വര്‍ഷത്തേക്കാള്‍ 76 ശതമാനം ഉയര്‍ന്ന് 130.25 കോടി രൂപയായി. ഓപ്പറേറ്റിങ് EBITDA 54.5 ശതമാനം ഉയര്‍ന്ന് 190.96 കോടി രൂപയിലെത്തി. EBITDA മാര്‍ജിന്‍ കഴിഞ്ഞ വര്‍ഷത്തെ 8.4 ശതമാനത്തില്‍ നിന്ന് 10.5 ശതമാനമായി മെച്ചപ്പെട്ടു.

വരുമാനത്തില്‍ ദക്ഷിണേന്ത്യ

കമ്പനിയുടെ വരുമാനത്തില്‍ 51 ശതമാനവും ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നാണ്. കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരുമാനം 36.7 ശതമാനം ഉയര്‍ന്ന് 932.31 കോടിയായി. മറ്റ് മാര്‍ക്കറ്റുകളില്‍ നിന്നുള്ള വരുമാനം 12 ശതമാനം വര്‍ധിച്ച് 878.34 കോടി രൂപ.

ഇലക്ട്രോണിക്‌സ് വിഭാഗത്തിന്റെ വരുമാനം 22.8 ശതമാനം ഉയര്‍ന്ന് 658.46 കോടി രൂപയായി. ഇലക്ട്രിക്കല്‍സ് വിഭാഗം 27.7 ശതമാനം വളര്‍ച്ചയോടെ 670.12 കോടി രൂപയുടെ വരുമാനം നേടി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം 416.71 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി.

വീഗാര്‍ഡ് 2023ല്‍ ഏറ്റെടുത്ത കിച്ചണ്‍ അപ്ലൈയന്‍സസ് ബ്രാന്‍ഡായ സണ്‍ഫ്‌ലേമില്‍ (Sunflame) നിന്നുള്ള വരുമാനം 3.6 ശതമാനം ഉയര്‍ന്ന് 65.69 കോടി രൂപയായി. പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വെല്ലുവിളികള്‍ക്കിടയിലും കമ്പനിക്ക് ശക്തമായ പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചതായി വിഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

V-Guard Industries shares surged after the company reported record quarterly profit and strong revenue growth for the June quarter

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT