പ്രതീകാത്മക ചിത്രം, ഇൻസൈറ്റിൽ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി Image Source: Canva/veegaland.com
Markets

വീഗാലാൻഡ് ഡെവലപ്പേഴ്സ് ഐ.പി.ഒയിൽ അപേക്ഷ നൽകിയിരുന്നോ? ഓഹരിയുടെ അലോട്ട്മെന്റ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

വീഗാലാൻഡ് ഡെവലപ്പേഴ്സ് IPOയിൽ അപേക്ഷിച്ചവർക്ക് അലോട്ട്മെന്റ് സ്റ്റാറ്റസ് പരിശോധിക്കാനുള്ള രജിസ്ട്രാർ, NSE, BSE വെബ്സൈറ്റ് ലിങ്കുകളും ഐ.പി.ഒയുടെ പ്രധാന വിവരങ്ങളും അറിയാം

Dhanam News Desk

വീഗാലാൻഡ് ഡെവലപ്പേഴ്സ് ഐ.പി.ഒയ്ക്ക് 14.60 ഇരട്ടി ഓവർസബ്‌സ്‌ക്രിപ്ഷൻ ലഭിച്ചു. 210 കോടി രൂപയുടെ ഇഷ്യൂവിൽ റീട്ടെയിൽ, എൻ.ഐ.ഐ, ക്യൂ.ഐ.ബി വിഭാഗങ്ങളിൽ ശക്തമായ പങ്കാളിത്തം ഉണ്ടായി. 1.50 കോടി പുതിയ ഓഹരികൾ 130–140 രൂപ പ്രൈസ് ബാൻഡിൽ ഇഷ്യൂ ചെയ്യുന്നു. അലോട്ട്മെന്റ് സ്റ്റാറ്റസ് രജിസ്ട്രാർ, എൻ.എസ്.ഇ, ബി.എസ്.ഇ വെബ്‌സൈറ്റുകളിൽ പാൻ, അപ്ലിക്കേഷൻ നമ്പർ, ഡി.പി ഐ.ഡി ഉപയോഗിച്ച് പരിശോധിക്കാം.

വി-ഗാർഡ് ​ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പ്രൊമോട്ടറായുള്ള കേരളത്തിലെ മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനിയായ വീഗാലാൻഡ് ഡെവലപ്പേഴ്സിന്റെ (Veegaland Developers) ഐ.പി.ഒയിൽ ഓഹരിക്ക് വേണ്ടി അപേക്ഷ സമർപ്പിച്ച നിക്ഷേപകർക്ക് ഓഹരികൾ അനുവദിച്ചിട്ടുണ്ടോ ഇല്ലയോ (Allotment status) എന്നതു സംബന്ധിച്ച വിവരങ്ങൾ ബുധനാഴ്ച (സെപ്റ്റംബർ 16) പുറത്തുവരും. കഴിഞ്ഞ ദിവസം (സെപ്റ്റംബർ 15) അവസാനിച്ച 210 കോടി രൂപയുടെ ഈ പബ്ലിക് ഇഷ്യൂവിന് വിപണിയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഐ.പിഒ വഴി ആകെ അനുവദിക്കാൻ നിശ്ചയിച്ച ഓഹരികളുടെ എണ്ണത്തിന്റെ 14.60 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ റീട്ടെയിൽ വിഭാഗം 9.95 ഇരട്ടിയും, നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരുടെ വിഭാഗം 19.41 ഇരട്ടിയും, ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സ് (QIB) വിഭാഗത്തിലുള്ള നിക്ഷേപർ 19.13 ഇരട്ടിയും വീതം വീ​ഗാലാൻഡ് ഡെവലപ്പേഴ്സ് ഐ.പി.ഒയിൽ സബ്‌സ്‌ക്രൈബ് ചെയ്തു.

മൊത്തം 1.50 കോടി പുതിയ ഓഹരികളാണ് ഐ.പി.ഒ മുഖേന ഇഷ്യൂ ചെയ്യുന്നത്. പ്രതിയോഹരി 130–140 രൂപ നിരക്കിലായിരുന്നു ഓഹരിയുടെ പ്രൈസ് ബാൻഡ്. കുറഞ്ഞത് 107 ഓഹരികളുള്ള ഒരു ലോട്ടിലേക്ക് അപേക്ഷിക്കാൻ 14,980 രൂപയാണ് വേണ്ടിവന്നത്. സെപ്റ്റംബർ 18-ന് ബി.എസ്.ഇ, എൻ.എസ്.ഇ എക്‌സ്‌ചേഞ്ചുകളിൽ വീ​ഗാലാൻഡ് ഡെവലപ്പേഴ്സ് ഓഹരിയുടെ ലിസ്റ്റിംഗ് നടക്കുന്നതിന് മുന്നോടിയായി അലോട്ട്മെന്റ് വിവരങ്ങൾ പരിശോധിക്കാം.

അലോട്ട്മെന്റ് സ്റ്റാറ്റസ് എങ്ങനെ അറിയാം?

നിങ്ങളുടെ പാൻ (PAN), അപ്ലിക്കേഷൻ നമ്പർ അല്ലെങ്കിൽ ഡി.പി/ക്ലയന്റ് ഐ.ഡി (DP/Client ID) എന്നിവ ഉപയോഗിച്ച് പ്രധാനപ്പെട്ട 3 വഴികളിലൂടെ വീ​ഗാലാൻഡ് ഡെവലപ്പേഴ്സ് ഐ.പി.ഒ.യിൽ ഓഹരികളുടെ അലോട്ട്മെന്റ് പരിശോധിക്കാം:

  1. രജിസ്ട്രാറുടെ വെബ്‌സൈറ്റ്: രജിസ്ട്രാറായ എം.യു.എഫ്.ജി ഇൻടൈം ഇന്ത്യയുടെ ഔദ്യോഗിക പേജ് സന്ദർശിച്ച്, ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് വീഗാലാൻഡ് ഡെവലപ്പേഴ്സ് തിരഞ്ഞെടുക്കുക. ശേഷം പാൻ, അപ്ലിക്കേഷൻ നമ്പർ അല്ലെങ്കിൽ ഡി.പി ഐ.ഡി വിവരങ്ങൾ നൽകി സെർച്ച് ചെയ്യുക. ലിങ്ക് — (https://in.mpms.mufg.com/Initial_Offer/public-issues.html)

  2. എൻ.എസ്.ഇ വെബ്‌സൈറ്റ്: എൻ.എസ്.ഇയുടെ വെബ്‌സൈറ്റിലെ ബിഡ്ഡിംഗ് വിവരങ്ങൾ പരിശോധിക്കാനുള്ള പേജിൽ 'Equity' തിരഞ്ഞെടുത്ത ശേഷം വീഗാലാൻഡ് ഡെവലപ്പേഴ്സ് സെലക്ട് ചെയ്യുക. അപ്ലിക്കേഷൻ നമ്പറും പാനും നൽകി സ്റ്റാറ്റസ് ഉറപ്പാക്കാം. ലിങ്ക് — (https://www.nseindia.com/invest/check-trades-bids-verify-ipo-bids)

  3. ബി.എസ്.ഇ വെബ്‌സൈറ്റ്: ബി.എസ്.ഇയുടെ ഇൻവെസ്റ്റർ അപ്ലിക്കേഷൻ പേജിൽ 'Equity' ടൈപ്പ് തിരഞ്ഞെടുത്ത്, കമ്പനികളുടെ പട്ടികയിൽ നിന്ന് വീഗാലാൻഡ് ഡെവലപ്പേഴ്സ് സെലക്ട് ചെയ്ത്, വിശദാംശങ്ങൾ നൽകി റിസൾട്ട് കാണാം. ലിങ്ക് —(https://www.bseindia.com/investors/appli_check)

അലോട്ട്മെന്റിൽ ഓഹരി ലഭിച്ചവരുടെ ഡിമാറ്റ് അക്കൗണ്ടുകളിലേക്ക് ലിസ്റ്റിംഗിന് മുൻപായി വീ​ഗാലാൻഡ് ഡെവലപ്പേഴ്സ് ഓഹരികൾ ക്രെഡിറ്റ് ചെയ്യപ്പെടും. ലഭിക്കാത്തവർക്ക് നിശ്ചിത സമയത്തിനുള്ളിൽ (സെപ്റ്റംബർ 17) തുക തിരികെ ലഭിക്കുന്നതായിരിക്കും (Refund).

ജി.എം.പി ട്രെൻഡും കമ്പനി പശ്ചാത്തലവും

നിലവിൽ അനൗദ്യോ​ഗിക വിപണിയിൽ വീ​ഗാലാൻഡ് ഡെവലപ്പേഴ്സ് ഓഹരികളുടെ ഗ്രേ മാർക്കറ്റ് പ്രീമിയം (GMP) ആയി ഏകദേശം 10 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, ഐ.പി.ഒയിൽ ഓഹരിയുടെ ഇഷ്യൂ വിലയായ 140 രൂപയേക്കാൾ 7 ശതമാനം വർധനയോടെ 150–160 രൂപ നിരക്കിൽ ​സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വീ​ഗാലാൻഡ് ഡെവലപ്പേഴ്സ് ഓഹരിയുടെ ലിസ്റ്റിംഗ് നടക്കാൻ സാധ്യതയുണ്ടെന്ന് സാരം. എന്നാൽ ജി.എം.പി മാറ്റങ്ങൾക്ക് വിധേയമാണെന്നും ഔദ്യോ​ഗിക സംവിധാനമല്ലെന്നതും ഓർക്കുക.

അതേസമയം 2007-ൽ പ്രവർത്തനം ആരംഭിച്ച വീ​ഗാലാൻഡ് ഡെവലപ്പേഴ്സിന് 2026 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് 11.05 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള 10 റെസിഡൻഷ്യൽ പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. 12 പ്രോജക്ടുകളുടെ പണി പുരോഗമിക്കുന്നു. 2026 സാമ്പത്തിക വർഷത്തിൽ ആകെ വരുമാനം 30% വർധിച്ച് 254.16 കോടി രൂപയും, അറ്റാദായം 26.61 കോടി രൂപയുമായി ഉയർന്നു.

ഐ.പി.ഒ വഴി ലഭിക്കുന്ന തുക പ്രധാനമായും നിലവിലുള്ളതും പുതിയതുമായ പ്രോജക്റ്റുകളുടെ വികസന ചെലവുകൾക്കും (ഏകദേശം 119.83 കോടി രൂപ), പുതിയ ഭൂമി ഏറ്റെടുക്കലിനുമായി മാറ്റിവെക്കും. ഇതിൽ ഓഫർ ഫോർ സെയിൽ (OFS) വിഭാഗമില്ലാത്തതിനാൽ തുക മുഴുവൻ കമ്പനിയുടെ വളർച്ചയ്ക്കായി വിനിയോഗിക്കുമെന്നതും ശ്രദ്ധേയം.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT