പ്രതീകാത്മക ചിത്രം Image Source: Canva
Markets

വീഗാലാൻഡ് ഡെവലപ്പേഴ്‌സ് ഐ.പി.ഒ: പ്രൊമോട്ടർ കരുത്ത് മുതൽ മൂല്യനിർണയം വരെ; നേട്ട സാധ്യതകളെ കുറിച്ച് വിദഗ്ധർ

കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ള വീഗാലാൻഡ് ഡെവലപ്പേഴ്‌സിന്റെ 210 കോടി രൂപയുടെ ഐ.പി.ഒയെ വാല്യുവേഷൻ, പ്രൊമോട്ടർ പിന്തുണ, ഓർഡർബുക്ക്, കടബാധ്യത, ക്യാഷ് ഫ്ലോ, വിപണി റിസ്ക് എന്നിവയുടെ അടിസ്ഥാനത്തിൽ 5 വിപണി വിദഗ്ധർ വിലയിരുത്തുന്നു

Pintu Prakash

കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ആദ്യ ഐ.പി.ഒയായ വീഗാലാൻഡ് ഡെവലപ്പേഴ്സ് സെപ്റ്റംബർ 10 മുതൽ 15 വരെ അപേക്ഷകൾ സ്വീകരിക്കും. 210 കോടി രൂപ ഫ്രഷ് ഇഷ്യുവിലൂടെ സമാഹരിച്ച് നിർമ്മാണവും ഭൂമി ഏറ്റെടുക്കലും ലക്ഷ്യമിടുന്നു. 130-140 രൂപ പ്രൈസ് ബാൻഡിൽ, 107 ഓഹരികളുടെ ലോട്ടുകളായി അപേക്ഷിക്കണം. സെപ്റ്റംബർ 18-ന് ബി.എസ്.ഇ, എൻ.എസ്.ഇയിൽ ലിസ്റ്റിംഗ് നടക്കും.

കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ള ആദ്യത്തെ ഐ.പി.ഒയ്ക്ക് (IPO) സെപ്റ്റംബർ 10-ന് തുടക്കമാകും. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നിർമാണ കമ്പനിയായ വീഗാലാൻഡ് ഡെവലപ്പേഴ്‌സിന്റെ (Veegaland Developers), 210 കോടി രൂപ സമാ​​ഹരിക്കാൻ ലക്ഷ്യമിടുന്ന ഐ.പി.ഒ വഴി ഓഹരികൾ നേടുന്നതിനായുള്ള അപേക്ഷ സമർപ്പിക്കാൻ സെപ്റ്റംബർ 15 വരെ നിക്ഷേപകർക്ക് സാവകാശം ലഭിക്കും.

പ്രാരംഭ പൊതുഓഹരി വിൽപ്പനയിൽ (ഐ.പി.ഒ) വീ​ഗാലാൻ‍ഡ് ഡെവലപ്പേഴ്സ് ഓഹരിയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത് 130 മുതൽ 140 വരെയുള്ള പരിധിയിലാണ്. 107 ഓഹരികളുടെ ​ഗുണിതങ്ങളായി (Lot) വേണം ഐ.പി.ഒയിൽ അപേക്ഷ സമർപ്പിക്കേണ്ടത്. പ്രൈസ് ബാൻഡിന്റെ ഉയർന്ന നിരക്കിൽ ഒരു ലോട്ട് വീ​ഗാലാൻ‍ഡ് ഡെവലപ്പേഴ്സ് ഓഹരികൾക്ക് വേണ്ടി 14,980 രൂപ ചെലവിടേണ്ടിവരും. സെപ്റ്റംബർ 18-ന് ബി.എസ്.ഇ, എൻ.എസ്.ഇ തുടങ്ങിയ ​സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓഹരി ലിസ്റ്റ് ചെയ്യും. ഈയൊരു പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള 5 പ്രമുഖ വിപണി വിദ​ഗ്ധരുടെ വീഗാലാൻഡ് ഡെവലപ്പേഴ്‌സ് ഐ.പി.ഒ വിശകലനം വിശദമായി നോക്കാം.

ഇൻസൈറ്റിൽ ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ ജയ്ദീപ് എസ്. മേനോൻ

പ്രൊമോട്ടർ മൂലധനവും ഘടനാപരമായ സവിശേഷതകളും

ഐ.പി.ഒയെ വിലയിരുത്തുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അതിന്റെ ഘടനയാണെന്ന് വസുപ്രദ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസിന്റെ സഹസ്ഥാപകനും പ്രിൻസിപ്പൽ ഓഫീസറുമായ ജയദീപ് എസ്. മേനോൻ ചൂണ്ടിക്കാട്ടുന്നു. സാധാരണ ഐ.പി.ഒകളിൽ കാണുന്ന ഓഫർ ഫോർ സെയിൽ (OFS) മാതൃകയിൽ നിന്ന് വ്യത്യസ്തമായി, വീഗാലാൻഡ് ഡെവലപ്പേഴ്‌സിന്റെ മുഴുവൻ വിഭവസമാഹരണവും ഫ്രഷ് ഇഷ്യു (Fresh Issue) മുഖേനയാണ്. അതായത്, വിപണിയിൽ നിന്നും സമാഹരിക്കുന്ന 210 കോടി രൂപയും കമ്പനിയുടെ വളർച്ചയ്ക്കായി നേരിട്ട് ഉപയോഗിക്കപ്പെടും. നിർമ്മാണ പ്രവർത്തനങ്ങൾക്കും പുതിയ ഭൂമി ഏറ്റെടുക്കലിനുമായാണ് ഈ തുക വിനിയോഗിക്കുന്നത്.

ഐ.പി.ഒയുടെ മൂലധന ഘടനയിലെ മറ്റൊരു പ്രധാന പ്രത്യേകതയും ജയദീപ് എസ്. മേനോൻ എടുത്തുപറയുന്നു. 2025 ഓഗസ്റ്റ് 21-ന് പ്രൊമോട്ടർമാരായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും കെ. ചിറ്റിലപ്പിള്ളി ട്രസ്റ്റും റൈറ്റ്സ് ഇഷ്യുവിലൂടെ 1,000 രൂപ നിരക്കിൽ 17.5 ലക്ഷം ഓഹരികൾ ഏറ്റെടുത്തിരുന്നു. തുടർന്ന് 4:1 ബോണസ് ഇഷ്യു നൽകിയതു കൂടി പരിഗണിക്കുമ്പോൾ പ്രൊമോട്ടർമാർ നൽകിയ ശരാശരി വില ഓഹരിക്ക് 200 രൂപയോളമായി വരും. ഐ.പി.ഒയിലെ ഉയർന്ന പ്രൈസ് ബാൻഡ് നിരക്കായ 140 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, പ്രൊമോട്ടർമാർ നൽകിയ വിലയേക്കാൾ ഏകദേശം 30 ശതമാനം താഴ്ന്ന നിരക്കിലാണ് പൊതുജനങ്ങൾക്കായി വീ​ഗാലാൻ‍‍ഡ് ഡെവലപ്പേഴ്സ് ഓഹരികൾ ലഭ്യമാക്കുന്നത്.

പതിവിന് വിപരീതമായി പ്രൊമോട്ടർമാർ ഉയർന്ന വില നൽകി കൈവശം വെച്ച ഓഹരികൾ, അതിനേക്കാൾ കിഴിവോടെ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നു എന്നത് കമ്പനിയോടുള്ള വിശ്വാസ്യത വർധിപ്പിക്കുന്ന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. വി-ഗാർഡ് ഇൻഡസ്ട്രീസും (BSE: 532953, NSE: VGUARD) വണ്ടർല ഹോളിഡേയ്സും (BSE: 538268, NSE: WONDERLA) ഒക്കെ കെട്ടിപ്പടുത്ത കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വവും, കഴിഞ്ഞ സാമ്പത്തിക വർഷം പ്രൊമോട്ടർ വായ്പകളുടെ വലിയൊരു ഭാഗം തിരിച്ചടച്ച് ബാലൻസ് ഷീറ്റ് ശക്തമാക്കിയതും കമ്പനിക്ക് മുതൽക്കൂട്ടാണെന്നും ജയദീപ് എസ്. മേനോൻ വിലയിരുത്തുന്നു.

ഇൻസൈറ്റിൽ റിസർച്ച് അനലിസ്റ്റ് എം. ശ്രീകുമാരൻ

മൂല്യനിർണയവും സാമ്പത്തിക സൂചകങ്ങളും

വളർച്ചാ കണക്കുകൾക്കൊപ്പം ഓഹരിയുടെ മൂല്യനിർണയവും സൂക്ഷ്മമായി പരിശോധിക്കണമെന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന സെബി രജിസ്റ്റേഡ് റിസർച്ച് അനലിസ്റ്റ് എം. ശ്രീകുമാരൻ ഓർമിപ്പിക്കുന്നു. ഏകദേശം 25.6 മടങ്ങ് നിലവാരത്തിൽ വരുന്ന പോസ്റ്റ്-ഇഷ്യു പി.ഇ അനുപാതം എന്നത് ഭാവിയിലെ വളർച്ചയുടെ ഒരു ഭാഗം നിലവിലെ ഓഹരി വിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതിന്റെ സൂചനയാണ്.

വീ​ഗാലാൻഡ് ഡെവലപ്പേഴ്സിന്റെ വരുമാന വളർച്ചയും കേരളത്തിലെ വിപണിയിൽ പ്രോജക്റ്റുകൾ പൂർണ്ണമായി വിറ്റഴിഞ്ഞതും എം. ശ്രീകുമാ രൻ വിലയിരുത്തുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ വരുമാനം 250.98 കോടി രൂപയായും അറ്റാദായം (PAT) 26.61 കോടി രൂപയായും ഉയർന്നത് സാമ്പത്തിക വളർച്ചയുടെ സൂചനയാണ്. ദീർഘകാല നിക്ഷേപകർക്ക് കമ്പനിയുടെ ഭാവി വളർച്ചാ നിരക്ക് കൃത്യമായി നിരീക്ഷിച്ചുകൊണ്ട് തീരുമാനങ്ങൾ എടുക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇൻസൈറ്റിൽ റിസർച്ച് അനലിസ്റ്റ് കൃഷ്ണൻ തമ്പി

ഓർഡർ ബുക്കും പ്രീമിയം വിഭാ​ഗവും

വീ​ഗാലാൻഡ് ഡെവലപ്പേഴ്സിന്റെ വളർച്ചയുടെ വേഗതയും കമ്പനിയുടെ കൈവശമുള്ള ബിസിനസ് ഓർഡറുകളുടെ വ്യക്തതയുമാണ് വിപണി വിദ​ഗ്ധനും ഹെഡ്ജ് ഇക്വിറ്റീസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കൃഷ്ണൻ തമ്പി വിലയിരുത്തുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം (FY26) പ്രീ-സെയിൽസ് 405.8 കോടി രൂപയിലെത്തിയതും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (Q1 FY27) 64.8 ശതമാനത്തിന്റെ വാർഷിക വളർച്ച രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്.

ഏകദേശം 909 കോടി രൂപയുടെ കോൺട്രാക്ടഡ് ഓർഡർ ബുക്ക് ഭാവിയിലെ വരുമാനത്തിന് വ്യക്തത നൽകുന്നുണ്ട്. പ്രീമിയം, അൾട്രാ-പ്രീമിയം, ലക്ഷ്വറി റെസിഡൻഷ്യൽ വിഭാഗങ്ങളിലെ ശക്തമായ സാന്നിധ്യം ഉയർന്ന മാർജിൻ നേടാൻ കമ്പനിയെ സഹായിക്കും. പൂർത്തിയായ പദ്ധതികളുടെ 100 ശതമാനം വിൽപ്പന വിപണിയിലെ മികച്ച സ്വീകാര്യതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഇൻസൈറ്റിൽ ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ ബാലചന്ദ്രൻ വിശ്വറാം

മാർക്കറ്റ് ക്യാപിറ്റലൈസേഷനും വിപുലീകരണ സാധ്യതയും

വീ​ഗാലാൻ‍ഡ് ഡെവലപ്പേഴ്സിന്റെ മൂല്യനിർണയത്തെ താരതമ്യേന അനുകൂലമായിട്ടാണ് സെബി രജിസ്റ്റേർഡ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ ബാലചന്ദ്രൻ വിശ്വറാം നോക്കിക്കാണുന്നത്. 140 രൂപ നിരക്കിൽ ഏകദേശം 682 കോടി രൂപയാണ് കമ്പനിയുടെ പ്രതീക്ഷിക്കുന്ന വിപണി മൂല്യം (Market Cap). വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏകദേശം 2.71 മടങ്ങ് മാത്രമാണ്. ഡി.എൽ.എഫ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ് തുടങ്ങിയ മുൻനിര റിയൽറ്റി കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ഈ അനുപാതം കുറവായതിനാൽ, ഭാവിയിൽ മാർക്കറ്റ് ക്യാപ് ഉയരാനുള്ള സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. കേരളത്തിന് പുറമെ ദക്ഷിണേന്ത്യയിലെ മറ്റ് വിപണികളിലേക്കുള്ള കമ്പനിയുടെ ചുവടുവെപ്പുകൾ ബ്രാൻഡ് മൂല്യം വർധിപ്പിക്കുമെന്നും ബാലചന്ദ്രൻ വിശ്വറാം വിലയിരുത്തുന്നു.

ഇൻസൈറ്റിൽ റിസർച്ച് അനലിസ്റ്റ് പി. സനൽ

സാമ്പത്തിക അടിത്തറയും കടബാധ്യതയും

വീ​ഗാലാ‍ൻഡ് ഡെവലപ്പേഴ്സിന്റെ സാമ്പത്തിക അടിത്തറയിലുണ്ടായ മാറ്റങ്ങൾ സെബി രജിസ്റ്റേഡ് റിസർച്ച് അനലിസ്റ്റ് പി. സനൽ എടുത്തുപറയുന്നു. 175 കോടി രൂപ റൈറ്റ്സ് ഇഷ്യുവിലൂടെ സമാഹരിച്ചതോടെ കമ്പനിയുടെ നെറ്റ്‌‍വർത്ത് 65.44 കോടി രൂപയിൽ നിന്ന് 266.90 കോടി രൂപയായി ഉയർന്നു. കടം-ഇക്വിറ്റി അനുപാതം (D/E Ratio) 2.70-ൽ നിന്ന് 0.32 എന്ന നിലവാരത്തിലേക്ക് ഗണ്യമായി കുറയ്ക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം (FY26) 16.02 ശതമാനമാണ് റിട്ടേൺ ഓൺ ഇക്വിറ്റി (RoE) രേഖപ്പെടുത്തുന്നത്. ഈ സാമ്പത്തിക വളർച്ചയും ബാധ്യതകൾ കുറച്ചതും വീ​ഗാലാ‍ൻഡ് ഡെവലപ്പേഴ്സിന്റെ പ്രധാന പ്ലസ് പോയിന്റുകളാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

പരിഗണിക്കേണ്ട മറ്റ് ഘടകങ്ങൾ

2024-25 സാമ്പത്തിക വർഷത്തിലും (FY25) 2025-26 സാമ്പത്തിക വർഷത്തിലും (FY26) വീ​ഗാലാൻഡ് ഡെവലപ്പേഴ്സിന്റെ ഓപ്പറേറ്റിംഗ് ക്യാഷ് ഫ്ലോ നെഗറ്റീവായിരുന്നു ജയദീപ് എസ്. മേനോൻ പറഞ്ഞു. വർധിച്ച ഇൻവെന്ററിയും ലഭിക്കാനുള്ള തുകകളുമാണ് ഇതിന് കാരണം. കൂടാതെ, ബിസിനസ് പ്രവർത്തനങ്ങൾ കേരളത്തിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നതും റിയൽ എസ്റ്റേറ്റ് വിപണിയുടെ ചാക്രിക സ്വഭാവവും നിക്ഷേപകരുടെ പരി​ഗണനയ്ക്ക് വരുന്ന വിഷയമാണ്.

ചുരുക്കത്തിൽ, വീഗാലാൻഡ് ഡെവലപ്പേഴ്‌സ് ഐ.പി.ഒയെ വെറും ലിസ്റ്റിംഗ് നേട്ടത്തിന്റെ മാത്രം കണ്ണിലൂടെ കാണാതെ, പ്രൊമോട്ടർ പിന്തുണ, വിൽപ്പനയിലെ വളർച്ച, പദ്ധതികളുടെ നിർവഹണം, ക്യാഷ് ഫ്ലോ എന്നിവ സമഗ്രമായി വിലയിരുത്തി വേണം തീരുമാനമെടുക്കാൻ. ഉയർന്ന റിസ്ക് എടുക്കാൻ തയ്യാറുള്ള ദീർഘകാല നിക്ഷേപകർക്ക് ഈ ഐ.പി.ഒയിലെ അവസരം പരിഗണിക്കാം എന്നാണ് അനലി​സ്റ്റുകളുടെ പൊതുവായ വീക്ഷണം. കൂടുതൽ സുരക്ഷിതമായ നിക്ഷേപ സമീപനം ആഗ്രഹിക്കുന്നവർക്ക് അടുത്ത ഏതാനും സാമ്പത്തിക പാദങ്ങളിലെ കമ്പനിയുടെ ബിസിനസ് പ്രകടനം കൂടി നിരീക്ഷിക്കുകയും ആവാം.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി/ഐ.പി.ഒ നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT